കീറോൺ പൊള്ളാർഡ്
മുംബൈ: ഐപിഎൽ 2027 സീസണിന് മുന്നോടിയായി കീറോൺ പൊള്ളാർഡിനെ മുഖ്യ പരിശീലകനായി നിയമിച്ച് മുംബൈ ഇന്ത്യൻസ്. അഞ്ച് തവണ ഐപിഎൽ കിരീടം നേടിയ ടീം ശനിയാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മഹേല ജയവർധനെ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് പൊള്ളാർഡ് പുതിയ ചുമതലയിലെത്തുന്നത്.
കഴിഞ്ഞ ഏതാനും സീസണുകളായി മുംബൈ ഇന്ത്യൻസിന്റെ ബാറ്റിങ് പരിശീലകനായി പ്രവർത്തിച്ചുവരികയായിരുന്നു പൊള്ളാർഡ്. താരത്തിൽ നിന്ന് പരിശീലകനിലേക്കുള്ള ദീർഘകാല ബന്ധത്തിന്റെ തുടർച്ചയായാണ് പുതിയ നിയമനമെന്ന് ടീം പ്രസ്താവനയിൽ അറിയിച്ചു.
ടീമിന്റെ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം പുതിയ പ്രതിഭകളെ വളർത്തുക, ടീമിന്റെ സംസ്കാരം ശക്തിപ്പെടുത്തുക, കളിക്കളത്തിനകത്തും പുറത്തും മികവ് കൈവരിക്കുക എന്നിവയോടുള്ള മുംബൈ ഇന്ത്യൻസിന്റെ പ്രതിബദ്ധതയാണ് പൊള്ളാർഡിന്റെ നിയമനം പ്രതിഫലിപ്പിക്കുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു.
മുംബൈ ഇന്ത്യൻസിന്റെ ഏറ്റവും വിജയകരമായ കാലഘട്ടത്തിന്റെ ഭാഗമായിരുന്ന അനുഭവവും ടീമിന്റെ അടുത്ത അധ്യായം രൂപപ്പെടുത്താനുള്ള ലക്ഷ്യവും അടിസ്ഥാനമാക്കിയാകും പൊള്ളാർഡിന്റെ നേതൃത്വം മുന്നോട്ടുപോകുകയെന്നും ഫ്രാഞ്ചൈസി വ്യക്തമാക്കി.