അഭിഷേക് പോറൽ

 
Sports

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ഐപിഎൽ‌ താരം അറസ്റ്റിൽ

ദം ദം പൊലീസ് സ്റ്റേഷൻ പരിധിയലുള്ള ഇമാമി സിറ്റിയിൽ നിന്നുമാണ് അഭിഷേകിനെ അറസ്റ്റ് ചെയ്തതെന്ന് ഹൂഗ്ലി എസ്പി കുൻവർ ഭൂഷൻ സിങ് വ‍്യക്തമാക്കി

Aswin AM

കോൽക്കത്ത: ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിലാണ് പശ്ചിമ ബംഗാളിലെ മോഗ്ര പൊലീസ് താരത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ആരോപണങ്ങളെല്ലാം അഭിഷേക് തള്ളി. ദം ദം പൊലീസ് സ്റ്റേഷൻ പരിധിയലുള്ള ഇമാമി സിറ്റിയിൽ നിന്നുമാണ് അഭിഷേകിനെ അറസ്റ്റ് ചെയ്തതെന്ന് ഹൂഗ്ലി എസ്പി കുൻവർ ഭൂഷൻ സിങ് വ‍്യക്തമാക്കി.

ഭാരതീയ ന‍്യായ സംഹിത, ഐടി ആക്റ്റ് എന്നിവയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഹൂഗ്ലിയിലെ ഡെന്‍റൽ കോളെജ് വിദ‍്യാർഥിനിയുടെ പരാതിയിൽ കോൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും സ്വകാര‍്യ വിഡിയോ ദൃശ‍്യങ്ങൾ പകർത്തുകയും പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് വിദ‍്യാർഥിനിയുടെ പരാതിയിൽ പറയുന്നത്.

കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും പ്രണയത്തിലാണെന്നും കഴിഞ്ഞ വർഷം മുതലാണ് തമ്മിൽ അകൽച്ചയുണ്ടായതെന്നും യുവതിയുടെ പരാതിയിൽ ആരോപിക്കുന്നു. ഐപിഎല്ലിൽ ഡൽഹി ക‍്യാപ്പിറ്റൽസിനു വേണ്ടി കളിക്കുന്ന അഭിഷേക് ഇന്ത‍്യ എ ടീമിനു വേണ്ടി കളിച്ചിട്ടുണ്ട്. 2021-22 മുതൽ ബംഗാളിനു വേണ്ടി 32 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് അഭിഷേക് പോറൽ.