ഹാർദിക് പാണ്ഡ്യ

 

File photo

Sports

ഐപിഎൽ ട്രേഡ് ഭൂകമ്പം; ഹാർദിക് പാണ്ഡ്യയെ സ്വന്തമാക്കാൻ ഏഴ് ടീമുകൾ!

മുംബൈ ഇന്ത്യൻസുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ച ഹാർദിക് പാണ്ഡ്യയെ സ്വന്തമാക്കാൻ ചെന്നൈ, കൊൽക്കത്ത, രാജസ്ഥാൻ ടീമുകൾ. ചില ഫ്രാഞ്ചൈസികൾ ക്യാപ്റ്റൻസിയും വാഗ്ദാനം ചെയ്യുന്നു.

Sports Desk

സ്പോർട്സ് ഡെസ്ക്

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡ് പോരാട്ടത്തിന് വേദിയൊരുങ്ങുന്നു. മുംബൈ ഇന്ത്യൻസുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ച സൂപ്പർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ സ്വന്തമാക്കാൻ ഏഴ് ഐപിഎൽ ഫ്രാഞ്ചൈസികളാണ് രംഗത്തിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലെ ദയനീയ പ്രകടനത്തിനു ശേഷം ടീമിലെ വിപരീത സാഹചര്യങ്ങളും മാനസിക സമ്മർദവും ഡ്രസിങ് റൂമിലെ ഭിന്നതയുമാണ് ഹാർദിക്കിനെ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിച്ചതെന്നാണ് സൂചന.

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും ഒഴികെ എല്ലാ ടീമുകളും പാണ്ഡ്യയ്ക്കായി വല വിരിച്ചിട്ടുണ്ട്. എന്നാൽ, ചെന്നൈ സൂപ്പർ കിങ്സ് (CSK), കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (KKR), രാജസ്ഥാൻ റോയൽസ് (RR) എന്നിവരാണ് പോരാട്ടത്തിൽ മുന്നിലുള്ളത്. സഞ്ജു സാംസണെ ട്രേഡിലൂടെ ടീമിലെത്തിച്ച ചെന്നൈ, ടീമിനെ പുനഃസംഘടിപ്പിക്കാനുള്ള പദ്ധതികളിൽ പാണ്ഡ്യ കൂടിയുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. സഞ്ജുവിനു വേണ്ടി സാം കറനെ രാജസ്ഥാൻ റോയൽസിനു കൈമാറേണ്ടി വന്ന ടീമിൽ ഒരു പേസ് ബൗളിങ് ഓൾറൗണ്ടറുടെ കുറവുണ്ട്.

അതേസമയം, ഹാർദിക് ചെന്നൈയിൽ എത്തിയാൽ ക്യാപ്റ്റൻസി കിട്ടാൻ സാധ്യത കുറവാണ്. പ്രകടനം മോശമാണെങ്കിലും നിലവിലുള്ള ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്ക്വാദിനെ ദീർഘകാല പദ്ധതികളുടെ ഭാഗമായാണ് മാനേജ്മെന്‍റ് കാണുന്നത്. അദ്ദേഹത്തെ മാറ്റിയാലും സഞ്ജു സാംസണായിരിക്കും അടുത്ത അവസരം. എന്നാൽ, കൊൽക്കത്തയും രാജസ്ഥാനും ക്യാപ്റ്റൻസി വാഗ്ദാനം ചെയ്താണ് ഹാർദിക്കിനെ ക്ഷണിക്കുന്നതെന്നാണ് സൂചന. രാജസ്ഥാൻ ദീർഘകാല കരാർ കൂടി മുന്നോട്ടുവയ്ക്കുന്നുണ്ട്.

പാണ്ഡ്യയെ ഏതും ടീമിലും ഉൾപ്പെടുത്തുന്നതിനുള്ള പ്രധാന തടസം അദ്ദേഹത്തിന്‍റെ ക്യാപ്റ്റൻസി മോഹമാണ്. തനിക്ക് ക്യാപ്റ്റൻസി ഉറപ്പുനൽകാത്ത ടീമുകളിലേക്കു പോകാൻ ഹാർദിക് തയാറാണോ എന്നത് വലിയ ചോദ്യചിഹ്നമായി തുടരുന്നു. മുൻ അന്താരാഷ്ട്ര ക്യാപ്റ്റൻമാർ ഉൾപ്പെടെയുള്ളവർ ഈ വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെങ്കിലും ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. വരും ദിവസങ്ങളിൽ നടക്കുന്ന ചർച്ചകൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തും.

ഹാർദിക്കിന്‍റെ ട്രേഡ് മുംബൈ ഇന്ത്യൻസിനെ സംബന്ധിച്ചിടത്തോളം മറ്റൊരാളുടെ ഭാവിയെക്കൂടി ബാധിച്ചേക്കും. ഹാർദിക്കിന്‍റെ കാര്യത്തിൽ അന്തിമ തീരുമാനം വന്നാൽ മാത്രമേ മറ്റൊരു പ്രമുഖ ഇന്ത്യൻ താരത്തിന്‍റെ കാര്യത്തിൽ മുംബൈയ്ക്ക് തീരുമാനമെടുക്കാൻ കഴിയൂ. ക്യാഷ് ഡീൽ ആണോ അതോ പ്ലെയർ എക്സ്ചേഞ്ച് ആണോ നടക്കുക എന്നതും ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. സഞ്ജു സാംസൺ, രവീന്ദ്ര ജഡേജ, സാം കറൻ തുടങ്ങിയ താരങ്ങളെ കൈമാറ്റം ചെയ്തുള്ള പരിചയസമ്പത്ത് ചെന്നൈയ്ക്ക് ഇവിടെ മുൻതൂക്കം നൽകുന്നുണ്ട്.

2024-ൽ ഗുജറാത്തിൽ നിന്ന് 15 കോടി രൂപയുടെ റെക്കോർഡ് തുകയ്ക്ക് മുംബൈയിലെത്തിയ പാണ്ഡ്യയുടെ മടക്കം ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന വിഷയമായി മാറിക്കഴിഞ്ഞു. 2026-ൽ ഒൻപതാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മുംബൈ ടീമിനെ ഉടച്ചുവാർക്കാനുള്ള തീരുമാനത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്.

ഇതിനിടെ, പാണ്ഡ്യ ബംഗളൂരുവിലേക്കു താമസം മാറ്റിയത് ആർസിബിയിൽ ചേരാനുള്ള താത്പര്യത്തിന്‍റെ പുറത്താണെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ, ഹാർദികിനെ സ്വന്തമാക്കാൻ താത്പര്യം കാണിക്കാത്ത ടീമുകളിലൊന്നാണ് ആർസിബി.

'എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചത് മതനിരപേക്ഷ സമൂഹത്തോടുള്ള വഞ്ചന'; ഫെയ്സ്ബുക്ക് പോസ്റ്റുമായി പിണറായി വിജയൻ

'ട്രംപിന് ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ സാധിക്കില്ല'; മറുപടിയുമായി ഇറാൻ വിദേശകാര‍്യ സഹമന്ത്രി

ലങ്കൻ ബൗളർമാരുടെ സ്പിൻ പരീക്ഷണം ഏശിയില്ല; ദേവ്ദത്തിന്‍റെ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത‍്യ മികച്ച നിലയിൽ

'ഭാരതം അമ്മ ആയതിനാലാണ് വന്ദേമാതരം ആലപിക്കുന്നത്'; വീണ്ടും ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് കേരള സർവകലാശാല വിസി

വിജ‌യ്‌യുടെ അമ്മയ്ക്കെതിരേ മോശം പരാമർശം; തമിഴ്നാട് ബിജെപി അധ‍്യക്ഷനെതിരേ പ്രതിഷേധം രൂക്ഷം