മക്കോട്ടോ തനിയാമ

 
Sports

ഷെയ്ൻ വോണിന്‍റെ ആരാധകൻ മക്കോട്ടോ അടക്കം 15 പേർ; ഇന്ത്യയ്ക്കെതിരായ ടി20 മത്സരത്തിനുള്ള ജപ്പാൻ ടീമായി

കെൻഡൽ കഡോവാക്കി- ഫ്ലെമിങ് 15 അംഗ ജപ്പാൻ ടീമിനെ നയിക്കും

Aswin AM

ടോക്കിയോ: സെപ്റ്റംബർ 22ന് ഇന്ത‍്യയ്ക്കെതിരേ നടക്കാനിരിക്കുന്ന ടി20 മത്സരത്തിനുള്ള ജപ്പാൻ ടീമിനെ പ്രഖ‍്യാപിച്ചു. കെൻഡൽ കഡോവാക്കി- ഫ്ലെമിങ് 15 അംഗ ടീമിനെ നയിക്കും. ഇരു രാജ‍്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്‍റെ 75ാം വാർഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി നടത്തുന്ന ഈ ടി20 മത്സരം ടോച്ചിഗി പ്രിഫെക്ചറിലെ സാനോ ഇന്‍റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് നടക്കുന്നത്.

സ്പിൻ മാന്ത്രികൻ ഷെയ്ൻ വോണിന്‍റെ വലിയ ആരാധകൻ കൂടിയായ ലെഗ് സ്പിന്നർ മക്കോട്ടോ തനിയാമ അടക്കമുള്ളവരെ ടീമിലെടുത്തിട്ടുണ്ട്. 30 കാരനായ മക്കോട്ടോ ഇന്തോനേഷ‍്യക്കെതിരേ 2022ലാണ് ടി20 ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 40 മത്സരങ്ങളിൽ നിന്നും 42 വിക്കറ്റുകൾ വീഴ്ത്താൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഷെയ്ൻ വോണിന്‍റെ ബൗളിങ് വിഡിയോ കണ്ടാണ് മക്കോട്ടോ തന്‍റെ ബൗളിങ് ആക്ഷൻ രൂപപ്പെടുത്തിയത്.

അദ്ദേഹത്തോടുള്ള ആദരമായി 23ാം നമ്പർ ജേഴ്സിയാണ് മക്കോട്ടോ തെരഞ്ഞെടുത്തത്. അതേസമയം, 50ലേറെ അന്താരാഷ്ട്ര ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള ഇബ്രാഹിം തകഹാഷി, ഡെക്ലാൻ സുസുകി, കെൻഡൽ കഡോവാക്കി ഫ്ലെമിങ് എന്നിവർ അടക്കമുള്ള പരിചയസമ്പന്നമായ ടീമുമായാണ് ജപ്പാൻ ഇന്ത‍്യയ്ക്കെതിരേ ഏറ്റുമുട്ടാനൊരുങ്ങുന്നത്.

ജപ്പാൻ പ്രധാനമന്ത്രി സനേ തകായിച്ചിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന ഉച്ചകോടിയിൽ എത്തിയ ധാരണയെ തുടർന്നാണ് മത്സരം നടക്കുന്നത്. ഇന്ത‍്യൻ സമയം രാവിലെ 9:30യ്ക്ക് സുസുക്കി കപ്പ് ആരംഭിക്കും. ടി20 ക്രിക്കറ്റ് റാങ്കിങ്ങിൽ 41ാം സ്ഥാനത്തുള്ള ജപ്പാന് ലോക ഒന്നാം നമ്പർ ടീമായ ഇന്ത‍്യയോട് ഏറ്റുമുട്ടാനുള്ള വലിയ അവസരമാണിത്.

ഇന്ത‍്യയ്‌ക്കെതിരേയുള്ള ടി20 മത്സരത്തിനുള്ള ജപ്പാൻ ടീം: കെൻഡൽ കഡോവാക്കി-ഫ്ലെമിങ് (ക്യാപ്റ്റൻ), ചാർളി ഹിൻസെ, ബെഞ്ചമിൻ ഇറ്റോ-ഡേവിസ്, കൊഹെയ് കുബോട്ട, വതാരു മിയാഉച്ചി, റിയോ സാകുറാനോ-തോമസ്, അലക്സ് ഷിറായ്-പാറ്റ്മോർ, ഷോമ സുഗായ-സ്ലേറ്റർ, ഡെക്ലാൻ സുസുകി, ഇബ്രാഹിം തകഹാഷി, മക്കോട്ടോ തനിയാമ, ലാക്ലാൻ യാമമോട്ടോ, അലസ്റ്റെയർ കഡോവാക്കി-ഫ്ലെമിങ്, ജെയ്ക് കുസുഡ-നായർൺ, സുയോഷി തകാദ.

മോശം ഫോം തുടർന്ന് ബാബർ അസം; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ പാക്കിസ്ഥാന് ബാറ്റിങ് തകർച്ച

എസ്‌ഐആർ; ഝാർഖണ്ഡിലെ വോട്ടർ പട്ടികയിൽ കടന്നുകൂടി മൂന്ന് അഫ്ഗാൻ പൗരൻമാർ

വിജയ്‌യുടെ നേതൃത്വത്തിൽ ടിവികെ സഖ്യകക്ഷികളുടെ യോഗം; വിട്ടുനിന്ന് ഇടതുപാർട്ടികൾ

ഏഷ‍്യൻ ഗെയിംസ് ആരംഭിക്കാനിരിക്കെ ജപ്പാനിലെ റോഡുകളും വീടുകളും വെള്ളത്തിനടിയിലായി; കായിക താരങ്ങളെ മാറ്റിപ്പാർപ്പിച്ചു

സെപ്റ്റംബർ 30 വരെ വൈദ്യുതി നിയന്ത്രണം; സഹകരിക്കണമെന്ന് കെഎസ്ഇബി ചെയർമാൻ