ജോഷ് ഇംഗ്ലിഷ്
പെർത്ത്: ദക്ഷിണാഫ്രിക്കൻ പര‍്യടനത്തിനുള്ള ഓസ്ട്രേലിയൻ ടീമിൽ നിന്നും വിക്കറ്റ് കീപ്പർ ബാറ്റർ ജോഷ് ഇംഗ്ലിഷ് പുറത്ത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിന മത്സരത്തിനിടെ കൈവിരലിന് പരുക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്.
ഇതോടെ ഒക്റ്റോബർ 9ന് ആരംഭിക്കാനിരിക്കുന്ന മൂന്ന് ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പര താരത്തിന് നഷ്ടമായേക്കും. ശേഷിക്കുന്ന മത്സരങ്ങളിൽ താരം കളിക്കുമോയെന്ന കാര‍്യം പരിശോധനകളെയും പുരോഗതിയെയും ആശ്രയിച്ചിരിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ‍്യക്തമാക്കി.
സ്കാനിങ്ങിനായി ഇംഗ്ലിഷ് പെർത്തിലേക്ക് പോകുകയാണെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ‍്യ ഏകദിന മത്സരത്തിൽ ഓസീസിന് വിജയിക്കാൻ സാധിച്ചിരുന്നില്ല. 8 പന്തിൽ നിന്നും വെറും മൂന്ന് റൺസ് മാത്രമായിരുന്നു ജോഷ് ഇംഗ്ലിഷിന്‍റെ സംഭാവന.
ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 298 റൺസ് വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ ഓസീസ് 41.2 ഓവറിൽ 230 റൺസിന് ഓൾഔട്ടാകുകയായിരുന്നു. ശേഷിക്കുന്ന രണ്ട് ഏകദിന മത്സരങ്ങൾക്ക് ഇതുവരെ ഇംഗ്ലിഷിന്‍റെ പകരക്കാരെ ആരെയും കംഗാരുപ്പട പ്രഖ‍്യാപിച്ചിട്ടില്ല. ജോഷ് ഇംഗ്ലിസിന്‍റെ അഭാവത്തിൽ അലക്സ് കാരി വിക്കറ്റ് കീപ്പറാകും.
ജോഷ് ഫിലിപ്പ്, സാം ഹാർപ്പർ, ജിമ്മി പിയേഴ്സൺ, നേഥൻ മക്സ്വീനി, സാം കോൺസ്റ്റാസ്, കാമ്പെൽ കെല്ലവെ, പീറ്റർ ഹാൻഡ്സ്‌കോമ്പ് എന്നിവരിലൊരാളെയായിരിക്കും ഓസീസ് ഇംഗ്ലിഷിന്‍റെ പകരക്കാരനായി ടീമിലെടുക്കുക.