കൃഷ്ണമാചാരി ശ്രീകാന്ത്, കെ.എൽ. രാഹുൽ, ഗൗതം ഗംഭീർ

 
Sports

'കെ.എൽ. രാഹുലിനോട് ചെയ്യുന്നത് നീതികേട്'; ബാറ്റിങ് പൊസിഷന്‍റെ പേരിൽ ഗംഭീറിന് രൂക്ഷ വിമർശനം

ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ കെ.എൽ. രാഹുലിനെ ബാറ്റിങ്ങിനിറക്കിയ രീതിക്കെതിരേയായിരുന്നു കൃഷ്ണമാചാരി ശ്രീകാന്തിന്‍റെ വിമർശനം

Aswin AM

ന‍്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനം 27 റൺ‌സിന് പരാജയപ്പെട്ടതിനു പിന്നാലെ ടീം മാനേജ്മെന്‍റിനെതിരേയും മുഖ‍്യ പരിശീലകൻ ഗൗതം ഗംഭീറിനെതിരേയും രൂക്ഷ വിമർശനവുമായി മുൻ ഇന്ത‍്യൻ താരവും ചീഫ് സെലക്റ്ററുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്.

മത്സത്തിൽ കെ.എൽ. രാഹുലിനെ ബാറ്റിങ്ങിനിറക്കിയ രീതിക്കെതിരേയായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം. ആദ‍്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അടിച്ചെടുത്ത 388 റൺസ് വിജ‍യലക്ഷ‍്യം പിന്തുടരാൻ ബാറ്റേന്തിയ ഇന്ത‍്യയ്ക്കു വേണ്ടി 44-ാം ഓവറിലാണ് കെ.എൽ. രാഹുൽ ബാറ്റിങ്ങിനിറങ്ങിയത്.

36 പന്തിൽ നിന്നും 84 റൺസായിരുന്നു ആ സമയം ഇന്ത‍്യയ്ക്ക് വേണ്ടിയിരുന്നത്. 8 പന്തിൽ നിന്നും 12 റൺസ് നേടാൻ മാത്രമെ താരത്തിന് കഴിഞ്ഞുള്ളൂ. രാഹുലിനെ ആറാം സ്ഥാനത്ത് ബാറ്റിങ്ങിനിറക്കിയ നടപടിയെ ശ്രീകാന്ത് ചോദ‍്യം ചെയ്തു. ഇത്രയും കൂറ്റൻ സ്കോർ പിന്തുടരുമ്പോൾ ആരെങ്കിലും രാഹുലിനെ ആറാം സ്ഥാനത്ത് ബാറ്റിങ്ങിന് അയക്കുമോയെന്നാണ് ശ്രീകാന്തിന്‍റെ ചോദ‍്യം.

ഇത്തരം പ്രയാസ ഘട്ടങ്ങളിൽ ടീമിനെ അദ്ദേഹം പിന്തുടർന്ന് വിജയിപ്പിച്ചിട്ടുണ്ട്. രാഹുൽ ആറാമതോ ഏഴാം സ്ഥാനത്തോ കളിക്കേണ്ട ബാറ്ററാണോ? ശ്രീകാന്ത് ചോദിച്ചു. മലയാളി താരം സഞ്ജു സാംസാണിന്‍റെയും വൈഭവിന്‍റെയും കാര‍്യത്തിൽ സംഭവിച്ചതു പോലെ രാഹുലിന്‍റെ കാര‍്യത്തിലും സംഭവിക്കുകയാണെന്നും അദ്ദേഹം തന്‍റെ യൂട‍്യൂബ് ചാനലിൽ പറഞ്ഞു. ഇത് വലിയ നീതികേടാണെന്നും ശ്രീകാന്ത് തുറന്നടിച്ചു.

2023ലെ ഏകദിന ലോകകപ്പിൽ അഞ്ചാം സ്ഥാനത്ത് ബാറ്റിങ്ങിനിറങ്ങി 75.33 ശരാശരിയിൽ 452 റൺസ് രാഹുൽ അടിച്ചു കൂട്ടിയത് ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു ശ്രീകാന്തിന്‍റെ വിമർശനം. ജോസ് ബട്‌ലർ ഇംഗ്ലണ്ട് ടീമിൽ ചെയ്യുന്ന പോലെയുള്ള റോൾ ചെയ്യാൻ ഇന്ത‍്യൻ ടീമിൽ ഒരാളെ ആവശ‍്യമാണെന്നും രാഹുലിനെ നാലാം സ്ഥാനത്ത് ഇറക്കിയിരുന്നുവെങ്കിൽ വിരാട് കോലിയെ പിന്തുണയ്ക്കാൻ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ മത്സരം കഴിയാറായപ്പോഴാണ് രാഹുലിനെ ബാറ്റിങ്ങിനയച്ചത്. അക്ഷർ പട്ടേലിനൊപ്പം ഒരോവറിൽ 15 റൺസ് വേണ്ടപ്പോൾ അദ്ദേഹത്തിന് എങ്ങനെ മത്സരം വിജയിപ്പിക്കാൻ സാധിക്കുമെന്നും ശ്രീകാന്ത് ആരാഞ്ഞു.

ഗംഭീർ മുഖ‍്യപരിശീലകനായി ചുമതലയേറ്റ ശേഷം രാഹുൽ പ്രധാനമായും ആറാം സ്ഥാനത്താണ് ബാറ്റേന്തുന്നത്. കൂടാതെ അക്ഷർ പട്ടേലിനെ രാഹുലിന് മുൻപായി പലപ്പോഴും ബാറ്റിങ്ങിന് അയക്കാറുമുണ്ട്. ഇംഗ്ലണ്ടിനെതിരായ പരാജയത്തോടെ രാഹുലിന്‍റെ ബാറ്റിങ് പൊസിഷനെ ചൊല്ലി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

വനിതകൾക്ക് സുരക്ഷിത യാത്രയൊരുക്കാൻ രാത്രികാല സർവീസ്; കെഎസ്ആർടിസിയുടെ 'പിങ്ക് ബസ്' വ്യാഴാഴ്ച മുതൽ

അന്ന് മണ്ണ് വാരി തിന്നപ്പോൾ വായ തുറന്നില്ലല്ലോ; ടോവിനോ തോമസിന്‍റെ വീടിന് മുന്നിൽ യുവമോര്‍ച്ച പ്രതിഷേധം

ധർമേന്ദ്ര പ്രധാന്‍റെ മകൾക്കെതിരേ സിജെപി അനുകൂലികളുടെ സൈബറാക്രമണം; ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്ത് നൈമിഷ

തിരുവനന്തപുരത്ത് ഭാര്യയ്ക്ക് നേരെ ഭർത്താവിന്‍റെ ആക്രമണം; നടുറോഡില്‍ വച്ച് യുവതിയുടെ കൈപ്പത്തി പൂര്‍ണമായി വെട്ടിമാറ്റി

സംസ്ഥാനത്ത് വ്യാഴാഴ്ച കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്