മത്സരത്തിൽ നിന്നും

 
Sports

രണ്ടാം ഇന്നിങ്സിലും രക്ഷയില്ല; ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് തോൽവി

മത്സരത്തിന്‍റെ രണ്ടാം ഇന്നിങ്സിൽ ബംഗാൾ ഉയർത്തിയ 408 റൺസ് വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ കേരളം 120 റൺസിന് ഓൾഔട്ടായതോടെ 287 റൺസിനാണ് തോൽവി അറിഞ്ഞത്

Aswin AM

തിരുവനന്തപുരം: ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് തോൽവി. മത്സരത്തിന്‍റെ രണ്ടാം ഇന്നിങ്സിൽ ബംഗാൾ ഉയർത്തിയ 408 റൺസ് വിജയലക്ഷ‍്യത്തിന് മറുപടി നൽകാൻ ബാറ്റേന്തിയ കേരളം 120 റൺസിന് ഓൾഔട്ടായതോടെ 287 റൺസിനാണ് തോൽവി അറിഞ്ഞത്.

ബംഗാളിനു വേണ്ടി ആറുവിക്കറ്റ് വീഴ്ത്തിയ പ്രദീപ്ത പ്രമാണിക്കാണ് കേരളത്തെ തകർത്തത്. ആദ‍്യ ഇന്നിങ്സിലും താരം നാലുവിക്കറ്റ് വീഴ്ത്തിയിരുന്നു. പ്രദീപ്തയ്ക്കു പുറമെ മുഹമ്മദ് ഷമിയും ഷഹ്ബാസ് അഹമ്മദും രണ്ട് വിക്കറ്റ് പിഴുതു.

കേരളത്തിനു വേണ്ടി 28 പന്തിൽ 33 റൺസ് നേടിയ എം.ഡി. നിധീഷ് ആണ് ടീമിന്‍റെ ടോപ് സ്കോറർ. നിധീഷിനു പുറമെ മുഹമ്മദ് അസറുദ്ദീൻ 26 റൺസ് നേടി പുറത്തായി. ക‍്യാപ്റ്റൻ വിഷ്ണു വിനോദ് 52 പന്തുകൾ നേരിട്ട് 19 റൺസുമായി മടങ്ങി. അഭിഷേക് നായർ (0) അടക്കമുള്ള മറ്റുതാരങ്ങളും നിരാശപ്പെടുത്തിയതോടെ തകർന്നടിയുകയായിരുന്നു ടീം. നേരത്തെ ആദ‍്യ മത്സരത്തിൽ ഝാർഖണ്ഡിനോട് സമനിലയും രണ്ടാം മത്സരത്തിൽ‌ ഒഡീശയോട് ഒരിന്നിങ്സിന് വിജയിക്കുകയും ചെയ്തിരുന്നു കേരളം. അതേസമയം, കളിച്ച മൂന്നു മത്സരങ്ങളും വിജയിച്ച ബംഗാൾ 18 പോയിന്‍റുമായി ഗ്രൂപ്പ് സിയിൽ ഒന്നാംസ്ഥാനത്താണ്. 8 പോയിന്‍റുള്ള കേരളം മൂന്നാം സ്ഥാനത്തുമാണ്.

നേരത്തെ ഒന്നാം ഇന്നിങ്സിൽ ഷഹബാസ് അഹ്‌മദിന്‍റെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിലാണ് കേരളത്തിനെതിരേ ബംഗാൾ 350 റൺസ് അടിച്ചെടുത്തത്. ഷഹ്ബാസിനു പുറമെ അങ്കുർ പോൾ (66), സുമന്ത ഗുപ്ത (49) എന്നിവരും തിളങ്ങിയിരുന്നു. കേരളത്തിനു വേണ്ടി ആദിത‍്യ സർവാതെ നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ നെടുമാൻകുഴി ബേസിൽ‌ മൂന്നും എം.ഡി. നിധീഷ് രണ്ടും ജലജ് സക്സേന ഒരു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 141 റൺസിന് കൂടാരം കയറി. കേരളത്തിനു വേണ്ടി 47 പന്തിൽ 41 റൺസ് നേടിയ ക‍്യാപ്റ്റൻ വിഷ്ണു വിനോദാണ് ടോപ് സ്കോറർ. വിഷ്ണുവിനു പുറമെ മുഹമ്മദ് അസറുദ്ദീൻ (30) മാത്രമാണ് തിളങ്ങിയത്. സൽമാൻ നിസാർ (11), സച്ചിൻ ബേബി (23) അടക്കമുള്ള താരങ്ങൾക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.