ഋതുപർണ | അതുൽ
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററിൽ ആലപ്പുഴ ചാരമംഗലം ഗവ. ഡിവിഎച്ച്എസ്എസിലെ ടി.എം. അതുല്‍ ചാംപ്യൻ. 10.63 സെക്കന്‍ഡിൽ ഫിനിഷിങ് ലൈൻ കടന്ന അതുല്‍ 15 വർഷത്തെ മീറ്റ് റെക്കോഡോട് തിരുത്തിയാണ് സ്വര്‍ണം പോക്കറ്റിലാക്കിയത്. ശ്രീഹരി (10.74 സെക്കൻഡ്) രണ്ടാം സ്ഥാനവും എം.എസ്. ട്രോയി (10.91) മൂന്നാം സ്ഥാനവും സ്വന്തമാക്കി.
സീനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് വിഎംഎച്ച്എസ് വടവന്നൂരിലെ ഋതുപർണയ്ക്കാണ് സ്വർണം. 12.43 സെക്കൻഡിൽ ഋതുപർണ മത്സരം പൂർത്തിയാക്കി. ആർ. ശ്രേയ (12.73)വെള്ളിയും സരയു ലക്ഷ്മി (12.86) വെങ്കലവും കരസ്ഥമാക്കി.
ജൂനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ ആലപ്പുഴയുടെ മിലൻ ജോർജാണ് (11.02) ഒന്നാമൻ. കോട്ടയത്തിന്റെ വിഷാനു യാദവ് വെള്ളി മെഡലിന് അർഹനായി. വിഷാനു 11.07 സെക്കൻഡിൽ ഫിനിഷിങ് ലൈൻ താണ്ടി. തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിലെ ഗൗരേഷ് ബിനോയ് (11.27) മൂന്നാം സ്ഥാനക്കാരൻ.
ജൂനിയർ പെൺകുട്ടികളിൽ തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂളിലെ ജിൽഷ ജിനിൽ കനകനേട്ടം ഉറപ്പിച്ചു. 12.29 സെക്കൻഡിൽ ജിൽഷയുടെ ഫിനിഷ്. പാലക്കാട് ബിഇഎംഎച്ച്എസ്എസിലെ ആൻവി വെള്ളിയും ആലപ്പുഴ സെന്റ് ജോസഫ് ജിഎച്ച്എസ്എസിലെ സ്നേഹ ശ്യാം വെങ്കലവുമായി ട്രാക്ക് വിട്ടു.
സബ് ജൂനിയർ ആൺകുട്ടികളിൽ തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിലെ ശ്രീഹരി (12.01 സെക്കൻഡ്) മലപ്പുറം കടകശേരി ഐഡിയൽ സ്കൂളിലെ മുഹമ്മദ് ഇസാൻ (12.13) കോഴിക്കോട് മേപ്പയൂർ ജിവിഎച്ച് എസ്എസ്സിലെ ഫസൽ മുഹമ്മദ് (12.18 ) എന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങൾ പങ്കിട്ടു.
സബ് ജൂനിയർ പെൺകുട്ടികളിൽ തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂളിലെ എസ്. സങ്കീർത്തന ജേതാവ്. 13.10 സെക്കൻഡിൽ സങ്കീർത്തന വിജയത്തിലേക്കു കുതിച്ചു. ആലപ്പുഴ സെന്റ് ജോസഫ് ജിഎച്ച്എസ്എസ്സിലെ ഹർഷ ജോൺ (13.20) വെള്ളിയും ആലപ്പുഴ ഗവ. യുപിഎസ്ടിയിലെ എസ്. സ്നേഹ (13.38) വെങ്കലവും കഴുത്തലണിഞ്ഞു. അത്ലറ്റിക്സിൽ 59 പോയിന്റുമായി മലപ്പുറമാണ് ഒന്നാമത്. പാലക്കാട് (54), തിരുവനന്തപുരം (45) എന്നിവർ തുടർന്നുള്ള സ്ഥാനങ്ങളിൽ.