ഈഡൻ ആപ്പിൾ ടോം
അഹമ്മദാബാദ്: രാജസ്ഥാനെതിരായ വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ കേരളത്തിന് ജയം. രാജസ്ഥാൻ നിശ്ചിത 50 ഓവറിൽ ഉയർത്തിയ 344 റൺസ് വിജയലക്ഷ‍്യം കേരളം 2 വിക്കറ്റ് ശേഷിക്കെ അവസാന പന്തിൽ മറികടന്നു. 116 പന്തുകൾ നേരിട്ട് 12 ബൗണ്ടറിയും 4 സിക്സും ഉൾപ്പടെ 126 റൺസ് അടിച്ചെടുത്ത ബാബ അപരാജിതാണ് കേരളത്തിന്‍റെ ടോപ് സ്കോറർ.
ബാബ അപരാജിതിനു പുറമെ ഓപ്പണിങ് ബാറ്റർ കൃഷ്ണപ്രസാദിനു മാത്രമാണ് അർധസെഞ്ചുറി നേടാനായത്. 61 പന്തിൽ 3 ബൗണ്ടറിയും 2 സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ബാറ്റിങ് പ്രകടനം. ഇരുവർക്കും പുറമെ ഈഡൻ ആപ്പിൾ ടോം (18 പന്തിൽ 40) വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു.
വിഷ്ണു വിനോദ് 22 പന്തിൽ 28 റൺസും വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് അസറുദ്ദീൻ 20 പന്തിൽ 28 റൺസുമെടുത്ത് പുറത്തായി. ക‍്യാപ്റ്റൻ രോഹൻ കുന്നുമ്മൽ (0) ഇത്തവണ നിരാശപ്പെടുത്തി. ഓൾറൗണ്ടർ ഷറഫുദ്ദീന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. സൽമാൻ നിസാറിന് 18 റൺസും അങ്കിത് ശർമയ്ക്ക് 27 റൺസും മാത്രമാണ് നേടാനായത്. രാജസ്ഥാനു വേണ്ടി അനികേത് ചൗധരി നാലും മാനവ് സുതാർ രണ്ടും അശോക് ശർമ ഒരു വിക്കറ്റും വീഴ്ത്തി. മറുപടി
ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് മോശം തുടക്കമാണ് ലഭിച്ചത്. നേരിട്ട ആദ‍്യ പന്തിൽ ക‍്യാപ്റ്റൻ രോഹൻ കുന്നുമലിന്‍റെ കുറ്റി തെറിച്ചു. പിന്നാലെയെത്തിയ ബാബ അപരാജിത് കൃഷ്ണപ്രസാദിനൊപ്പം ചേർന്ന് 155 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ ടീം സ്കോർ ഉയർന്നു.
എന്നാൽ 155 റൺസിൽ നിൽക്കെ കൃഷ്ണപ്രസാദിനെ മടക്കികൊണ്ട് അശോക് ശർമ കൂട്ടുകെട്ട് പൊളിച്ചു. തുടർന്ന് വിഷ്ണു വിനോദും ബാബ അപരാജിതും സൽമാൻ നിസാറും പുറത്തായതോടെ ടീം പ്രതിരോധത്തിലായി. ഇതോടെ 7 വിക്കറ്റ് നഷ്ടത്തിൽ 287 റൺസെന്ന നിലയിലായി കേരളം.
പീന്നീട് ഈഡൻ ആപ്പിൾ ടോം വാലറ്റത്ത് നടത്തിയ തകർപ്പൻ പ്രകടനമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. അവസാന പന്തിൽ 2 റൺസ് വേണ്ടിയിരുന്ന കേരളത്തിനു വേണ്ടി സിക്സർ പറത്തിയാണ് ഈഡൻ വിജയം സമ്മാനിച്ചത്. നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാൻ കരൺ ലാംബയുടെ (131) സെഞ്ചുറിയുടെ ബലത്തിലാണ് കേരളത്തിനെതിരേ കൂറ്റൻ വിജയലക്ഷ‍്യം ഉയർത്തിയത്. ലാംബയ്ക്കു പുറമെ ദീപ്ക് ഹൂഡ (86) മാത്രമാണ് അർധ സെഞ്ചുറി നേടിയത്. കേരളത്തിനു വേണ്ടി ഷറഫുദ്ദീൻ മൂന്നും എം.ഡി. നിധീഷ്, ബാബ അപരാജിത്, അങ്കിത് ശർമ, ഈഡൻ ആപ്പിൾ ടോം എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.