മുഹമ്മദ് അസറുദ്ദീൻ

 
Sports

'അസർ ഷോ'യിൽ വിറച്ച് ഹിമാചൽ; സയീദ് മുഷ്താഖ് അലി ട്രോഫിയിൽ കൂറ്റൻ സ്കോർ ഉയർത്തി കേരളം

57 പന്തിൽ നിന്നും 101 റൺസടിച്ചെടുത്ത മുഹമ്മദ് അസറുദ്ദീന്‍റെ മിന്നും പ്രകടനത്തിന്‍റെ ബലത്തിലാണ് കേരളത്തിന് കൂറ്റൻ സ്കോർ ഉയർത്താൻ കഴിഞ്ഞത്

Aswin AM

ന‍്യൂ ചണ്ഡീഗഢ്: ഹിമാചൽ പ്രദേശിനെതിരായ സയീദ് മുഷ്താഖ് അലി ട്രോഫിയിൽ കൂറ്റൻ സ്കോർ ഉയർത്തി കേരളം. ടോസ് നേടി ആദ‍്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 268 റൺസ് അടിച്ചെടുത്തു. ഓപ്പണിങ് ബാറ്റർമാരായ മുഹമ്മദ് അസറുദ്ദീൻ ( 57 പന്തിൽ 101), രോഹൻ കുന്നുമ്മൽ ( 16 പന്തിൽ 35), സഞ്ജു സാംസൺ (21 പന്തിൽ 44) എന്നിവരുടെ പ്രകടനമാണ് ടീമിന് കരുത്തേകിയത്.

ഇവർക്കു പുറമെ വെടിക്കെട്ട് ബാറ്റർ വിഷ്ണു വിനോദ് 11 പന്തിൽ 22 റൺസും സൽമാൻ നിസാർ 15 പന്തിൽ പുറത്താകാതെ 26 റൺസുമെടുത്തു. ഹിമാചൽ പ്രദേശിനു വേണ്ടി മൃദുൽ സുറോക്ക് രണ്ടും അർപിത് ഗുലേറിയ, ആര‍്യമാൻ സിങ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ മികച്ച തുടക്കമാണ് കേരളത്തിന് ലഭിച്ചത്.

ആദ‍്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ രോഹൻ കുന്നുമ്മൽ സിക്സർ പറത്തിയാണ് ബാറ്റിങ് വെടിക്കെട്ടിന് തുടക്കമിട്ടത്. അടുത്ത പന്ത് സിംഗിളെടുത്ത് മാറിയതോടെ അസറദ്ദീനായി സ്ട്രൈക്കിൽ. രോഹിത് കുമാർ എറിഞ്ഞ അഞ്ചാം പന്ത് ഡോട്ട് ബോളാക്കിയെങ്കിലും തൊട്ടടുത്ത പന്ത് ബൗണ്ടറി നേടി. ഇതോടെ ആദ‍്യ ഓവറിൽ തന്നെ 12 റൺസായി ടീമിന്. എന്നാൽ ആദ‍്യ ഓവറിൽ ഉയർന്ന റൺസ് രണ്ടാം ഓവറിൽ കേരളത്തിന്‍റെ ബാറ്റർമാർക്ക് നേടാനായില്ല. ആദ‍്യ ഓവർ പന്തെറിഞ്ഞ സ്പിന്നർ ആര‍്യമാൻ സിങ്ങ് വെറും 3 റൺസ് മാത്രമാണ് വഴങ്ങിയത്.

മൂന്നാം ഓവറിൽ ഇരുവരും ചേർന്ന് 18 റൺസ് അടിച്ചെടുത്തതോടെ വിക്കറ്റ് നഷ്ടമില്ലാതെ 34 റൺസിലെത്തി കേരളം. പവർപ്ലേ പൂർത്തിയാകുമ്പോൾ ഒരുവിക്കറ്റ് നഷ്ടത്തിൽ 87 റൺസുണ്ടായിരുന്നു ടീമിന്. രോഹന്‍റെ വിക്കറ്റാണ് കേരളത്തിന് ആദ‍്യം നഷ്ടമായത്. അർപിത് ഗുലേറിയ എറിഞ്ഞ ബൗൺസറിൽ കുടുങ്ങുകയായിരുന്നു. എന്നാൽ മൂന്നാമനായി ബാറ്റിങ്ങിനെത്തിയ സഞ്ജു സാംസൺ അസറുദ്ദീനൊപ്പം ചേർന്ന് സ്കോർ ബോർഡ് ഉയർത്തി. നേരിട്ട ആദ‍്യ പന്ത് ബൗണ്ടറി അടിച്ച് സഞ്ജു വരവറിയിച്ചു.

78 റൺസ് സഖ‍്യമുണ്ടാക്കിയ ശേഷമാണ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പൊളിയുന്നത്. മൃദുൽ സുറോക്ക് എറിഞ്ഞ ഫുൾടോസ് ഡെലിവറി സഞ്ജുവിന് സിക്സർ പറത്താനായില്ല. ഹിമാചൽ ക‍്യാപ്റ്റൻ പുക്രാജ് മൻ ആണ് ക‍്യാച്ചെടുത്ത് സഞ്ജുവിനെ പുറത്താക്കിയത്. വമ്പൻ അടിക്കാരൻ വിഷ്ണു വിനോദ് 11 പന്തുകൾ മാത്രമെ ക്രീസിൽ നിന്നുള്ളൂവെങ്കിലും 22 റൺസ് സംഭാവന നൽകി. ഒരുവശത്ത് അസറുദ്ദീൻ കരുതലോടെ ഒറ്റയാൾ പോരാട്ടം നടത്തി മുന്നോട്ട് നീങ്ങി.

ഒടുവിൽ വീരേന്ദർ സെവാഗിനെ പോലെ സിക്സർ പറത്തിയാണ് താരം സെഞ്ചുറി തികച്ചത്. പക്ഷേ ആര‍്യമാൻ സിങ്ങിന്‍റെ യോർക്കർ അസറുദ്ദീന് പ്രതിരോധിക്കാനായില്ല. 19ാം ഓവറിൽ വിക്കറ്റ് നൽകി മടങ്ങി. അസറുദ്ദീൻ ഔട്ടായതിനു പിന്നാലെ ക്രീസിലെത്തിയ അബ്ദുൾ ബാസിത്ത് 4 പന്തിൽ നിന്നും 22 റൺസാണ് ആര‍്യമാന്‍റെ ഓവറിൽ അടിച്ചെടുത്തത്. ഇതോടെ ടീമിന്‍റെ സ്കോർ ഉയർന്നു. പിന്നീട് അവസാന ഓവറിൽ 16 റൺസും കേറിയതോടെ കേരളം 268 റൺസിലെത്തി.