സിംബാബ്‌വെക്കെതിരായ മൂന്നാം ടി20 ക്രിക്കറ്റ് മത്സരത്തിൽ ബാറ്റ് ചെയ്യുന്ന ഇന്ത്യൻ താരം ഹർമൻപ്രീത് കൗർ.

 
Sports

ആദ്യ പരമ്പര തൂത്തുവാരി ക്യാപ്റ്റൻ സ്മൃതി

സിംബാബ്‌വെക്കെതിരായ ടി20 ക്രിക്കറ്റ് പരമ്പര ഇന്ത്യൻ വനിതകൾ 3-0 എന്ന നിലയിൽ സ്വന്തമാക്കി. മൂന്നാം മത്സരത്തിൽ ജയം 92 റൺസിന്

VK SANJU

റായ്പുർ: സിംബാബ്‌വെ വനിതാ ടീമിനെതിരായ ടി20 ക്രിക്കറ്റ് പരമ്പര ഇന്ത്യൻ വനിതകൾ 3-0 എന്ന നിലയിൽ സ്വന്തമാക്കി. സ്മൃതി മന്ഥനയുടെ ക്യാപ്റ്റൻസി അരങ്ങേറ്റം ഇതോടെ പ്രൗഢഗംഭീരം. മൂന്നാം ടി20 മത്സരത്തിൽ 92 റൺസിന്‍റെ കൂറ്റൻ ജയമാണ് ഇന്ത്യ അടിച്ചെടുത്തത്. മുൻ ക്യാപ്റ്റന്‍ ഹർമൻപ്രീത് കൗർ (41 പന്തിൽ പുറത്താകാതെ 91) ഫോം വീണ്ടെടുത്ത മത്സരത്തിൽ ഷഫാലി വർമയും (37 പന്തിൽ 69) നന്ദനി ശർമയും (18 റൺസിന് മൂന്ന് വിക്കറ്റ്) തിളങ്ങി.

സ്കോർ: ഇന്ത്യ 20 ഓവറിൽ 216/7; സിംബാബ്‌വെ 20 ഓവറിൽ 124/7

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സ്മൃതി മന്ഥന തന്‍റെ ഓപ്പണിങ് സ്ലോട്ട് യുവതാരം അനുഷ്ക ശർമയ്ക്കു വേണ്ടി ഒഴിഞ്ഞു കൊടുത്തു. അനുഷ്കയും (20 പന്തിൽ 28) ഷഫാലിയും ചേർന്ന് 5.2 ഓവറിൽ 54 റൺസും കൂട്ടിച്ചേർത്തു. മൂന്നാം നമ്പറിൽ മറ്റൊരു യുവതാരം നിക്കി പ്രസാദിനും അവസരം കിട്ടിയെങ്കിലും 12 പന്തിൽ 9 റൺസെടുത്ത് പുറത്തായി.

തുടർന്നായിരുന്നു ഹർമൻപ്രീതിന്‍റെ ബാറ്റിങ് വെടിക്കെട്ട്. പത്ത് ഫോറും അഞ്ച് സിക്സും ഉൾപ്പെട്ടതായിരുന്നു പഞ്ചാബ് താരത്തിന്‍റെ ഇന്നിങ്സ്.

മറുപടി ബാറ്റിങ്ങിൽ സിംബാബ്‌വെക്കു വേണ്ടി ഓപ്പണർ ഷാർനി മെയേഴ്സും (49 പന്തിൽ 60) നാലാം നമ്പറിൽ ബിലവ്ഡ് ബിസയും (50 പന്തിൽ 44) പൊരുതി നോക്കിയെങ്കിലും ഇന്ത്യയുടെ കൂറ്റൻ സ്കോറിനു മുന്നിൽ അതൊന്നും പര്യാപ്തമായില്ല. മൂന്ന് വിക്കറ്റ് നേടിയ നന്ദനി ശർമയ്ക്കു പുറമേ ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്ഡി, ദീപ്തി ശർമ, നിക്കി പ്രസാദ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.