മഹ്ലി ബിയേർഡ്മാൻ
''Great fast bowling comes around once in a generation. When you spot someone who can change a game in a single spell, you just sit back and watch them fly''
എ.എം. അശ്വിൻ
കട്ടിമീശയും ആറടിയിലേറെ ഉയരവും. തുരങ്കത്തിലേക്ക് പാഞ്ഞുകയറുന്ന തീവണ്ടിയെ പോലെ അയാൾ കുതിച്ചു തുടങ്ങി. ക്രീസിൽ നിലയുറപ്പിക്കാൻ പാടുപെടുന്ന ലോകോത്തര ബാറ്റർമാർ. ഓരോ പന്തിനൊപ്പം കാണികൾക്കിടയിൽ ഉയരുന്ന ഹർഷാരവങ്ങൾ ബാറ്റർമാരുടെ നെഞ്ചിടിപ്പ് കൂട്ടി. ഒരുകാലത്ത് ക്രിക്കറ്റ് ലോകത്ത് ഭയത്തിന്റെ പ്രതീകമായിരുന്നു മിച്ചൽ ജോൺസൺ.
2013-14 ആഷസ് പരമ്പരയിൽ കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ ഇംഗ്ലണ്ട് ബാറ്റർമാരെ വിറപ്പിച്ച ആ ഇടങ്കയ്യൻ പേസറുടെ മാസ്മരിക പ്രകടനം ടിവിയിലൂടെ കണ്ടുവളർന്ന ഒരു കൗമാരക്കാരന്റെ മനസിൽ സ്വപ്നത്തിന് മൊട്ടിട്ടു. ഇതേപോലെ പന്തെറിയണമെന്ന് അന്ന് ആ കൗമാരക്കാരൻ ഉറപ്പിച്ചു. വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ട് ടീമിനെതിരേ അരങ്ങേറ്റ മത്സരത്തിൽ 6 വിക്കറ്റ് നേടി കൗമാരക്കാരൻ വരവറിയിച്ചു.
മിച്ചൽ ജോൺസൺ
അതേ മഹ്ലി ബിയേർഡ്മാൻ Just remember the name. സീനിയർ താരങ്ങളായ മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ് എന്നിവരെല്ലാം കരിയറിന്റെ അവസാന ഘട്ടത്തിലാണ്. ഇവരുടെ കാലം കഴിഞ്ഞാൽ ഓസ്ട്രേലിയൻ പേസ് ആക്രമണം ആര് മുന്നോട്ടുകൊണ്ടുപോകുമെന്ന ചോദ്യത്തിനുള്ള ഉത്തരം ചെന്ന് അവസാനിക്കുന്നത് മഹ്ലി ബിയേർഡ്മാനിലായിരിക്കും.
പേസിനും ബൗൺസിനും അനുകൂലമായ പിച്ചിൽ 7.4 ഓവറിൽ 24 റൺസ് മാത്രം വഴങ്ങി വീഴ്ത്തിയത് 6 വിക്കറ്റുകൾ. അരങ്ങേറ്റ ഏകദിന മത്സരത്തിൽ 5 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഓസ്ട്രേലിയൻ താരം. ഇനിയും എത്രയെത്ര നേട്ടങ്ങൾ ഈ 21കാരൻ സ്വന്തമാക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ.
ഡെന്നിസ് ലില്ലിയുമായുള്ള കണ്ടുമുട്ടൽ
2005 ഓഗസ്റ്റ് 31ന് വെസ്റ്റേൺ ഓസ്ട്രേലിയയിലെ ഡൺസ്ബറോയിൽ കൗവാരമപ്പ് എന്ന ചെറുപട്ടണത്തിലാണ് ബിയേർഡ്മാന്റെ ജനനം. വെറും 10ാം വയസിൽ കൗവാരമപ്പിൽ ക്രിക്കറ്റ് കളിക്കുന്ന കാലം മുതൽക്കെ ബിയേർഡ്മാന്റെ കഴിവ് ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഡാംപിയറിൽ കളിച്ച രണ്ടു വർഷത്തിനിടെയാണ് താരത്തിന്റെ പ്രതിഭ വെസ്റ്റേൺ ഓസ്ട്രേലിയ ക്രിക്കറ്റ് അസോസിയേഷൻ തിരിച്ചറിഞ്ഞത്.
വീടിനു സമീപത്തുള്ള ചവറ്റു കുട്ടയെ ലക്ഷ്യമാക്കി അതിവേഗത്തിൽ പന്തെറിഞ്ഞുകൊണ്ടിരുന്ന ബിയേർഡ്മാനെ കുടുംബ സുഹൃത്ത് കാണാനിടയാകുന്നു. ഇതിഹാസ താരം ഡെന്നിസ് ലില്ലിയുമായി നേരത്തെ തന്നെ പരിചയമുള്ളതിനാൽ കുടുംബ സുഹൃത്ത് ലില്ലിയെ വിളിച്ച് കാര്യം പറയുന്നു. 'അതിവേഗത്തിൽ പന്തെറിയുന്ന ഒരു പയ്യനുണ്ട്. അവനെ പരിശീലിപ്പിക്കാൻ താങ്കൾ തയാറാണോ?
ഡെന്നിസ് ലില്ലി
എന്നാൽ 14-15 വയസ് മാത്രം പ്രായമുള്ള കൗമാരക്കാരനെ പരിശീലിപ്പിക്കാൻ ഡെന്നിസ് ലില്ലി തയാറായില്ല. 16 വയസ് ആയാൽ മാത്രമെ പരിശീലിപ്പിക്കുകയുള്ളൂയെന്ന നിലപാടിലായിരുന്നു അന്ന് ഡെന്നിസ്. പിന്നീട് മാസങ്ങളോളം നിർബന്ധിച്ചതോടെ ഡെന്നിസ് ഒടുവിൽ വഴങ്ങി. തുടർന്ന് സൗത്ത് പെർത്തിലെ നെറ്റ്സിൽ മഹ്ലി ബിയേർഡ്മാന്റെ പ്രകടനം അദ്ദേഹം കാണാനിടയായി.
യുവതാരത്തിന്റെ വേഗതയിൽ മതിപ്പുളവാക്കിയ ഡെന്നിസ് മഹ്ലി ബിയേർഡ്മാന് പരിശീലനം നൽകാൻ തീരുമാനിക്കുകയായിരുന്നു. വേഗതയെ മാത്രം ആശ്രയിക്കാതെ ബാറ്റർമാരെ കുടുക്കാനുള്ള രീതി, ഒരു സ്പെല്ലിന് അനുസരിച്ച് എങ്ങനെ ഫീൽഡ് നിർത്തണം എന്നത് അടക്കം നിരവധി കാര്യങ്ങൾ ഡെന്നിസ് മഹ്ലിക്ക് പകുത്ത് നൽകി. ഇന്ന് ഈ പാഠങ്ങളാണ് ബിയേർഡ്മാൻ അന്താരാഷ്ട്ര തലത്തിൽ പുറത്തെടുത്ത് ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള ദൂരം
2022ലാണ് സീനിയർ ഓസ്ട്രേലിയൻ താരങ്ങൾക്കെതിരേ ബിയേർഡ്മാനെ നെറ്റ് ബൗളറായി തെരഞ്ഞെടുക്കുന്നത്. അതേവർഷം, ഇംഗ്ലണ്ടിനെതിരായ പരമ്പര കളിക്കാൻ ഓസ്ട്രേലിയ അണ്ടർ 19 ടീമിലേക്ക് വിളിയെത്തി. തുടർന്ന് 2023ൽ വെസ്റ്റേൺ ഓസ്ട്രേലിയക്കു വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു.
ന്യൂ സൗത്ത് വെയിൽസിനെതിരായ മത്സരത്തിൽ മോയിസസ് ഹെൻറിക്യൂസ് ആയിരുന്നു ബിയേർഡ്മാന്റെ ആദ്യ ഇര. 2024ൽ ഇന്ത്യയെ തകർത്ത് കംഗാരുക്കൾ അണ്ടർ 19 കിരീടം നേടിയപ്പോൾ 15 റൺസ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റുകൾ വീഴ്ത്തി ബിയേർഡ്മാൻ തകർപ്പൻ പ്രകടനം പുറത്തെടുത്തു.
2025ൽ പെർത്ത് സ്കോച്ചേഴ്സിനു വേണ്ടിയായിരുന്നു ബിയേർഡ്മാന്റെ ബിഗ് ബാഷ് അരങ്ങേറ്റം. അതേവർഷം വെസ്റ്റേൺ ഓസ്ട്രേലിയയുടെ സീനിയർ താരങ്ങളുടെ കരാറിലുൾപ്പെട്ടു. 2026ൽ പാക്കിസ്ഥാനെതിരേ നടന്ന ടി20 മത്സരത്തിലാണ് ബിയേർഡ്മാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ കന്നി മത്സരം കളിച്ചത്.