എംബാപ്പേയുടെ ചിത്രങ്ങളെല്ലാം നീക്കം ചെയ്ത് ചൈന

 
Sports

മാവോ സെ തൂങ്ങിനെ പരിഹസിച്ചു; എംബാപ്പേയുടെ ചിത്രങ്ങളെല്ലാം നീക്കം ചെയ്ത് ചൈന

എംബാപ്പേ പങ്കെടുക്കുന്നതിനാൽ മാത്രം സ്പാനിഷ് ലീഗായ ലാ ലിഗയുടെ സംപ്രേഷണവും ചൈനയിൽ താത്കാലികമായി തടഞ്ഞിരുന്നു.

നീതു ചന്ദ്രൻ

ബീജിങ്: ഫ്രഞ്ച് ഫുട്ബോൾ താരം കിലിയൻ എംബാപ്പോയുടെ ചിത്രങ്ങളും പോസ്റ്ററുകളും നീക്കം ചെയ്ത് ചൈന. ചൈനയുടെ സ്ഥാപക നേതാവായ മാവോ സെതൂങ്ങിനെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തിനു പിന്നാലെയാണ് ചൈനയുടെ നടപടി. നീക്കം ചെയ്യാൻ പറ്റാത്ത ഹോർഡിങ്ങുകളിൽ എംബാപ്പേയുടെ മുഖം മാത്രം മറച്ചിരിക്കുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.

'ദി ബ്രിഡ്ജ്' എന്ന പോഡ്‌കാസ്റ്റിനിടെയാണ് വിവാദ പരാമർശമുണ്ടായത്. തനിക്കേറ്റവും ഇഷ്ടപ്പെട്ട മീം ഏതാണെന്ന ചോദ്യത്തിന്, മാവോ സെതൂങ്ങിന്‍റെ ചിത്രത്തിൽ തന്‍റെ മുഖം ചേർത്തുവെച്ച മീം കാണിച്ചുകൊണ്ട് ചൈനീസ് ഏകാധിപതിയുടെ ശരീരത്തിൽ എന്‍റെ മുഖം വെച്ച മീം എനിക്ക് വലിയ തമാശയായി തോന്നി, ഇത് ഞാൻ സുഹൃത്തുക്കൾക്കും അയക്കാറുണ്ട് എന്നാണ് എംബാപ്പെ പറഞ്ഞത്. മാവോയെ ചൈനീസ് ഏകാധിപതി എന്ന് വിശേഷിപ്പിച്ചത് ചൈനയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. മാവോയെ പരിഹസിക്കുന്ന തമാശകളും വിമർശനങ്ങളും ചൈനയിൽ വിലക്കിയിട്ടുണ്ട്.

ചൈനീസ് ജനതയുടെ വികാരങ്ങളെ എംബാപ്പേ വ്രണപ്പെടുത്തിയെന്നാണ് ആരോപണം ഉയരുന്നത്. ഇതേ തുടർന്ന് ഡോങ്പെങ്, മിൽക് ഗ്രൗണ്ട് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളെല്ലാം എംബാപ്പേയുമായുള്ള കരാറുകൾ റദ്ദാക്കിയിരുന്നു. എംബാപ്പേ പങ്കെടുക്കുന്നതിനാൽ മാത്രം സ്പാനിഷ് ലീഗായ ലാ ലിഗയുടെ സംപ്രേഷണവും ചൈനയിൽ താത്കാലികമായി തടഞ്ഞിരുന്നു. സംഭവം വിവാദമായതോടെ എംബാപ്പേ വിഷയത്തിൽ മാപ്പ് പറഞ്ഞു.

തന്‍റെ ഭാഗത്തു നിന്ന് സംഭവിച്ച പിഴവാണെന്നും ചൈനീസ് ജനതയെയും അവരുടെ സംസ്കാരത്തെയും താൻ ബഹുമാനിക്കുന്നുവെന്നും എംബാപ്പേ വ്യക്തമാക്കി. ചൈനീസ് ഭാഷയിലും താരം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ലാ ലിഗയും ഖേദം പ്രകടിപ്പിച്ചു. എന്നാൽ അതിനു ശേഷവും എംബാപ്പേയെ ബഹിഷ്കരിക്കുന്നതിൽ നിന്ന് ചൈന പിന്മാറിയിട്ടില്ല.