ഹാർദിക് പാണ്ഡ‍്യ, രോഹിത് ശർമ

 
Sports

വരുന്ന ഐപിഎൽ സീസണിൽ ഹിറ്റ്മാനെ ക‍്യാപ്റ്റനാക്കാൻ മുംബൈ ഇന്ത‍്യൻസ്; ഹാർദിക് ടീമിൽ തുടരുമോ?

പ്രമുഖ ദേശീയ മാധ‍്യമമാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തത്

Aswin AM

മുംബൈ: 2027 ഐപിഎൽ സീസണിന് മുന്നോടിയായി മുംബൈ ഇന്ത‍്യൻസിന്‍റെ ക‍്യാപ്റ്റൻ സ്ഥാനത്തേക്ക് രോഹിത് ശർമ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. പ്രമുഖ ദേശീയ മാധ‍്യമമാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തത്.

അങ്ങനെയെങ്കിൽ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ‍്യയ്ക്ക് ക‍്യാപ്റ്റൻ സ്ഥാനം നഷ്ടമാകും. ഹാർദിക് പാണ്ഡ‍്യയ്ക്കു പുറമെ തിലക് വർമ, സൂര‍്യകുമാർ യാദവ് എന്നിവരാണ് ക‍്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ‍്യതയുള്ള താരങ്ങൾ.

2013, 2015, 2017, 2019, 2020 സീസണുകളിൽ രോഹിത് ശർമയുടെ നേതൃത്വത്തിലാണ് മുംബൈ ഇന്ത‍്യൻസ് ഐപിഎൽ കിരീടത്തിൽ മുത്തമിട്ടത്. എന്നാൽ ഗുജറാത്ത് ടൈറ്റൻസിൽ നിന്നും മുംബൈ ഇന്ത‍്യൻസിലേക്ക് 2024ൽ ഹാർദിക് തിരിച്ചെത്തിയതോടെ രോഹിത് ശർമയ്ക്ക് ക‍്യാപ്റ്റൻ സ്ഥാനം നഷ്ടമായി. ക‍്യാപ്റ്റൻ സ്ഥാനത്ത് നിന്നും രോഹിത് ശർമയെ മാറ്റിയത് അന്ന് വലിയ ചർച്ചാവിഷയമായിരുന്നുവെങ്കിലും ഹാർദിക് ക‍്യാപ്റ്റനായ ആദ‍്യ സീസണിൽ മുംബൈ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

2020ന് ശേഷം മുംബൈ ഇന്ത‍്യൻസിന് കിരീടം നേടാനോ ഫൈനലിലെത്താനോ സാധിച്ചിട്ടില്ല. അതേസമയം, ഹാർദിക് പാണ്ഡ‍്യ വരുന്ന സീസണിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്കോ രാജസ്ഥാൻ റോയൽസിലേക്കോ ട്രേഡ് ചെയ്യപ്പെടുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇതുസംബന്ധിച്ച് ഇരു ഫ്രാഞ്ചൈസികളും തമ്മിൽ ചർച്ച നടക്കുന്നുണ്ടെന്നാണ് വിവരം. രാജസ്ഥാനുമായി താരകൈമാറ്റം നടക്കുകയാണെങ്കിൽ ഇടങ്കയ്യൻ ബാറ്റർ യശസ്വി ജയ്സ്വാളിനെയായിരിക്കും മുംബൈ സ്വന്തമാക്കുക. രോഹിത് ശർമയ്ക്ക് പ്രായം 40ലേക്ക് കടക്കുന്നതിനാൽ യുവ ബാറ്ററെ ടീമിലെടുക്കുന്നത് ഭാവിയിലേക്കുള്ള തയാറെടുപ്പുകളിൽ മുംബൈ ഇന്ത‍്യൻസിനെ സഹായിച്ചേക്കാം.