ഡെവൺ കോൺവെ, മാറ്റ് ഹെൻറി
വെല്ലിങ്ടൺ: ഇന്ത‍്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ന‍്യൂസിലൻഡ് ടീമിനെ പ്രഖ‍്യാപിച്ചു. പരിചയസമ്പന്നനായ ബാറ്റർ ടോം ലാഥം നയിക്കുന്ന ടീമിൽ മാറ്റ് ഹെൻറി, ഡെവൺ കോൺവെ എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുതാരങ്ങളും കഴിഞ്ഞ 3 ഏകദിന മത്സരങ്ങളും ഇന്ത‍്യയ്ക്കെതിരേ കളിച്ചിരുന്നില്ല.
2 ടെസ്റ്റ് മത്സരങ്ങളാണ് കിവീസ് ഇന്ത‍്യയ്ക്കെതിരേ കളിക്കുന്നത്. നവംബർ 19ന് വെല്ലിങ്ടണിൽ ആദ‍്യ ടെസ്റ്റ് മത്സരത്തിന് തുടക്കമാകും. ഇന്ത‍്യൻ ബാറ്റിങ് നിരയെ തകർക്കാൻ കൈൽ ജാമിസൺ, ജേക്കബ് ഡഫി, നേഥൻ സ്മിത്ത് അടക്കമുള്ള ടീമിനെയാണ് ന‍്യൂസിലൻഡ് തെരഞ്ഞെടുത്തിരിക്കുന്നത്.
മാറ്റ് ഹെൻറിയാണ് ന‍്യൂസിലൻഡ് ബൗളിങ് നിരയുടെ നട്ടെല്ല്. 2023ന്‍റെ തുടക്കം മുതൽ സ്വന്തം ഹോംഗ്രൗണ്ടിൽ കളിച്ചിട്ടുള്ള 11 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 59 വിക്കറ്റുകളാണ് താരം പിഴുതത്. ന‍്യൂസിലൻഡിനെ സംബന്ധിച്ച് ഹെൻറിയുടെ കായികക്ഷമതയ്ക്ക് വലിയ പ്രാധാന‍്യമുണ്ട്. അതേസമയം, സ്വന്തം തട്ടകത്തിൽ 2023ന് ശേഷം കളിച്ചിട്ടുള്ള മൂന്ന് ടെസ്റ്റ് മത്സരത്തിൽ നിന്നും 23 വിക്കറ്റുകൾ വീഴ്ത്തിയിട്ടുള്ള ജേക്കബ് ഡഫി ഇന്ത‍്യൻ ബാറ്റർമാർക്ക് വെല്ലുവിളിയായേക്കും.
പേസർമാരെ പിന്തുണയ്ക്കുന്ന പിച്ചിൽ കൈൽ ജാമിസൺ അടക്കമുള്ളവർ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷിയിലാണ് ആരാധകർ. ബാറ്റിങ്ങിലാകട്ടെ രച്ചിൻ രവീന്ദ്ര, ഡെവൺ കോൺവെ, ഹെൻറി നിക്കോൾസ്, ഡാരിൽ മിച്ചൽ അടക്കമുള്ള മിന്നും താരങ്ങളാണ് കിവീസിനുള്ളത്. ടി20 പരമ്പരയിൽ പരാജയം അറിഞ്ഞതിന് ടെസ്റ്റ് പരമ്പരയിലൂടെ മറുപടി നൽകുകയെന്ന ലക്ഷ‍്യത്തോടെയായിരിക്കും ന‍്യൂസിലൻഡ് കളത്തിലിറങ്ങുക.
ന‍്യൂസിലൻഡ് ടീം: ടോം ലാഥം (ക‍്യാപ്റ്റൻ), ടോം ബ്ലണ്ടൽ (വിക്കറ്റ് കീപ്പർ), ഡെവൺ കോൺവെ, ജേക്കബ് ഡഫി, മാറ്റ് ഹെൻറി, കൈൽ ജാമിസൺ, ഡാരിൽ മിച്ചൽ, ഹെൻറി നിക്കോൾസ്, ഗ്ലെൻ ഫിലിപ്പ്സ്, രച്ചിൻ രവീന്ദ്ര, മിച്ചൽ സാന്‍റ്നർ, നേഥൻ സ്മിത്ത്, ബ്ലെയർ ടിക്ക്‌നർ, വിൽ യങ്