സാക്വിബ് ഖാൻ
റാവൽപിണ്ടി: പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ ശ്രീലങ്ക 446 റൺസിന് പുറത്ത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ഉയർത്തിയ 434 റൺസിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് ആകെ 12 റൺസ് മാത്രമാണ് ലീഡെടുക്കാനായത്.
34 ഓവർ പന്തെറിഞ്ഞ് 130 റൺസ് വഴങ്ങി 7 വിക്കറ്റ് വീഴ്ത്തിയ പേസർ സാക്വിബ് ഖാനാണ് ശ്രീലങ്കയെ തകർത്തത്. നാലാം ദിനത്തിൽ 42 റൺസ് അടിച്ചെടുക്കുന്നതിനിടെയാണ് ലങ്കയുടെ അവസാന 6 വിക്കറ്റുകളും നഷ്ടമായത്.
അരങ്ങേറ്റ മത്സരത്തിൽ ഒരിന്നിങ്സിൽ 7 വിക്കറ്റ് വീഴ്ത്തുന്ന നാലാമത്തെ ബൗളറാണ് സാക്വിബ് ഖാൻ. മുഹമ്മദ് നസീർ, മുഹമ്മദ് സാഹിദ്, അബ്രാർ അഹമ്മദ് എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള മറ്റുതാരങ്ങൾ. 4 വിക്കറ്റ് നഷ്ടത്തിൽ 404 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ലങ്കയ്ക്ക് ധനജ്ഞയ സിൽവയുടെ (167) വിക്കറ്റാണ് ആദ്യം നഷ്ടമായത്.
ഇതോടെ കുശാൽ മെൻഡിസിനൊപ്പം (119) പടുത്തുയർത്തിയ 249 റൺസിന്റെ കൂട്ടുകെട്ട് തകർന്നു. പിന്നീട് ക്രിസീലെത്തിയ സോണൽ ദിനുഷയ്ക്ക് തിളങ്ങാനായില്ല. 20 റൺസ് മാത്രമായിരുന്നു താരത്തിന്റെ ആകെയുള്ള സമ്പാദ്യം. പിന്നാലെ ബാറ്റിങ്ങിനെത്തിയ മിലൻ രത്നായകെ (12), ലാഹിരു കുമാര (0), അസിത ഫെർണാഡോ (4) അടക്കമുള്ള താരങ്ങൾ നിരാശപ്പെടുത്തിയതോടെയാണ് ലങ്ക 446 റൺസിന് ഓൾഔട്ടായത്.
അതേസമയം, രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമായി. 21.2 ഓവർ പിന്നിടുമ്പോൾ 57 റൺസെടുത്തിട്ടുണ്ട് പാക്കിസ്ഥാൻ. 22 റൺസുമായി അസാൻ അവൈസും 24 റൺസുമായി മുഹമ്മദ് താഹയുമാണ് ക്രീസിൽ. ഇതോടെ പാക്കിസ്ഥാന് 45 റൺസ് ലീഡായി. ഓപ്പണിങ് ബാറ്റർ തയ്യാബ് ആരിഫാണ് പുറത്തായത്.