വഖാർ യൂനിസ്, ശുഭാങ്കർ മിശ്ര
ദുബായ്: ഇന്ത്യൻ സ്റ്റാർ ബാറ്റർ വിരാട് കോലിയാണോ പാക്കിസ്ഥാൻ താരം ബാബർ അസമാണോ മികച്ച താരം? ക്രിക്കറ്റ് ആരാധകർക്കിടയിൽ ഏറെനാളുകളായി നിലനിൽക്കുന്ന ഈ തർക്കത്തിന് ഇപ്പോൾ സ്വന്തം നിലയ്ക്ക് വിരാമമിട്ടിരിക്കുകയാണ് ഇതിഹാസ താരം വഖാർ യൂനിസ്.
ശുഭാങ്കർ മിശ്രയുമൊത്തുള്ള പോഡ്കാസ്റ്റിൽ കോലിയോ അതോ ബാബറോ ഏതെങ്കിലും ഒരാളെ നിങ്ങളുടെ ടീമിലെടുക്കുകയാണെങ്കിൽ അത് ആരായിരിക്കുമെന്ന ചോദ്യത്തിന് കോലിയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വഖാറിന്റെ ഈ മറുപടി ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.
ഇതുകൂടാതെ സച്ചിനാണോ ഇൻസമാം ഉൾ ഹഖ് ആണോയെന്ന ചോദ്യത്തിന് സച്ചിനെയാണ് വഖാർ തെരഞ്ഞെടുത്തത്. ഷഹീൻ ഷാ അഫ്രീദിയുടെ സ്ഥാനത്ത് ജസ്പ്രീത് ബുംറയെ മികച്ച ബൗളറായും, യൂനിസ് ഖാനെക്കാൾ മികച്ച ബാറ്ററായി രാഹുൽ ദ്രാവിഡിനെയും വഖാർ പരിഗണിച്ചു. എന്നാൽ, ഏക്കാലത്തെയും മികച്ച ഓപ്പണർ വീരേന്ദർ സെവാഗിനു പകരം സയീദ് അൻവറെയാണ് ഇതിഹാസ താരം തെരഞ്ഞെടുത്തത്.
മത്സരങ്ങൾ ഫിനിഷ് ചെയ്യാൻ ആരെ ടീമിലെടുക്കുമെന്ന് ചോദിച്ചപ്പോൾ ജാവേദ് മിയാൻദാദിനു പകരം എം.എസ്. ധോണിക്കൊപ്പമായിരുന്നു അദ്ദേഹം. വൈഭവ് സൂര്യവംശി, സമീർ മിൻഹാസ് ഈ രണ്ട് പ്രതിഭാശാലികളിൽ ആർക്കൊപ്പമാണെന്ന ചോദ്യത്തിന് അവരുടെ രണ്ടുപേരുടെയും മത്സരങ്ങൾ വേണ്ടത്ര കണ്ടിട്ടില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.