അജിങ്ക‍്യ രഹാനെ
ന‍്യൂഡൽഹി: അടുത്തിടെ ക്രിക്കറ്റ് മതിയാക്കിയ മുൻ ഇന്ത‍്യൻ ക‍്യാപ്റ്റൻ അജിങ്ക‍്യ രഹാനെ ടെസ്റ്റ് ക്രിക്കറ്റിൽ കമന്‍റേറ്ററായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ഓഗസ്റ്റ് 15ന് ഗലെയിൽ വച്ചു നടക്കുന്ന ഇന്ത‍്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലാണ് താരം കമന്‍റേറ്ററുടെ വേഷം അണിയുന്നത്.
സോണി സ്പോർട്സ് നെറ്റ്‌വർക്ക്, സോണി ലൈവ് എന്നീ ചാനലുകൾക്കു വേണ്ടി കമന്‍റേറ്ററായി അരങ്ങേറ്റം കുറിക്കുന്നതിലുള്ള ആകാംക്ഷയിലാണ് താനെന്നും ടെസ്റ്റ് ക്രിക്കറ്റിൽ വർഷങ്ങളായി ഇന്ത‍്യയ്ക്ക് വേണ്ടി പ്രതിനിധീകരിച്ച് കളിച്ചിട്ടുള്ളതിനാൽ ഇപ്പോൾ വ‍്യത‍്യസ്ത വീക്ഷണകോണിൽ നിന്നും മത്സരത്തെ നോക്കി കാണാൻ കഴിയുന്നത് വലിയൊരു പദവിയാണെന്നും രഹാനെ പറഞ്ഞു.
ക്രിക്കറ്റ് മൈതാനത്ത് എന്താണ് സംഭവിക്കുന്നതെന്ന് ആരാധകർക്ക് ആഴത്തിലുള്ള ധാരണ നൽകാനാകുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും തന്‍റെ അനുഭവങ്ങൾ, കളിയുടെ സൂക്ഷ്മ തലങ്ങൾ, ടെസ്റ്റ് മത്സരത്തിന്‍റെ ഗതി തന്നെ മാറ്റിയേക്കാവുന്ന തീരുമാനങ്ങൾ, തന്ത്രങ്ങൾ എന്നിവയെ പറ്റി ആരാധകർക്ക് കൂടുതൽ വ‍്യക്തത നൽകാൻ താൻ കാത്തിരിക്കുകയാണെന്നും രഹാനെ കൂട്ടിച്ചേർത്തു.
37കാരനായ രഹാനെ 85 ടെസ്റ്റ് മത്സരങ്ങൾ ഇന്ത‍്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. അതിൽ നിന്നും 38.46 ശരാശരിയിൽ 12 സെഞ്ചുറികളും 26 അർധസെഞ്ചുറികളും അടക്കം 5,077 റൺസ് നേടിയിട്ടുണ്ട്. 2020-21ൽ ഓസ്ട്രേലിയക്കെതിരേ അവരുടെ നാട്ടിൽ നേടിയ വിജയം ക‍്യാപ്റ്റൻ എന്ന നിലയ്ക്ക് രഹാനെയുടെ കരിയറിലെ വലിയ നാഴികകല്ലാണ്.