മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തിങ്കളാഴ്ച പ്രഖ്യാപിക്കാനിരിക്കേ, ടീം ലിസ്റ്റ് ചോര്‍ന്നു. 17 അംഗ ടീമിനെയായിരിക്കും പ്രഖ്യാപിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ലിസ്റ്റില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന്റെ പേരില്ല. തിങ്കളാഴ്ചത്തെ സെലക്ഷന് കമ്മിറ്റി യോഗത്തില്‍ മുഖ്യ പരിശീലകന് രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും പങ്കെടുക്കും.
രോഹിത് ശര്‍മ (നായകന്), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഇഷാന് കിഷന്, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, ഷര്‍ദുല്‍ താക്കൂര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, യുസ്വേന്ദ്ര ചഹല്‍/രവിചന്ദ്ര അശ്വിന് എന്നിവരാണ് ഏഷ്യാ കപ്പ് സ്ക്വാഡിലുണ്ടാവുക എന്നാണ് സൂചന.
ഇവരില്‍ രാഹുലും ശ്രേയസും ടീമിലുണ്ടാകുന്നത് ഫിറ്റ്നസ് തെളിയിച്ചാല്‍ മാത്രമാകും. ഇരുവരുടെയും ഫിറ്റ്നസ് സംശയത്തില്‍ നില്‍ക്കുന്നതിനാലാണ് പതിനേഴ് അംഗ ടീമിനെ ഏഷ്യാ കപ്പിനായി പ്രഖ്യാപിക്കാന്‍ ബിസിസിഐ പദ്ധതിയിടുന്നത്. പാക്കിസ്ഥാനും ബംഗ്ലാദേശും 17 അംഗ സ്ക്വാഡാണ് ടൂര്‍ണമെന്റിനായി പ്രഖ്യാപിച്ചിരിക്കുന്നത്.
സെലക്ഷന് കമ്മിറ്റി ചെയര്മാന് അജിത് അഗാര്‍ക്കര്‍ ആയിരിക്കും ടീമിനെ പ്രഖ്യാപിക്കുക. സെപ്റ്റംബര്‍ അഞ്ചാണ് ലോകകപ്പിനുള്ള പ്രാഥമിക സ്ക്വാഡിന്റെ പട്ടിക ഐസിസിക്ക് നല്‍കാനുള്ള സമയപരിധി എന്നാണ് പിടിഐയുടെ റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 27 വരെ ടീമില്‍ മാറ്റം വരുത്താനുള്ള അനുമതിയുണ്ട്.