സന്തോഷ്‌ ട്രോഫി കേരള ടീമിന്‍റെ സഹ പരിശീലകനും, കോതമംഗലം എംഎ കോളെജ് കായിക വകുപ്പ് മേധാവിയുമായ പ്രൊഫ. സി. ഹാരി ബെന്നി, മുഹമ്മദ്‌ റോഷൽ, ആദിൽ അമൽ, മുഹമ്മദ്‌ അജ്സൽ എന്നിവരോടൊപ്പം. 
Sports

സന്തോഷ് ട്രോഫി ഫുട്ബോൾ: കേരളത്തിനു ഫൈനൽ, എംഎ കോളെജിനു ചങ്കിടിപ്പ്

32 തവണ ജേതാക്കളായ ബംഗാളിനെയാണ് ഏഴ് വട്ടം ചാംപ്യൻമാരായ കേരളം ചൊവ്വാഴ്ച ഹൈദരാബാദിൽ നടക്കുന്ന ഫൈനലിൽ നേരിടുന്നത്

VK SANJU

സ്വന്തം ലേഖകൻ

കോതമംഗലം: സന്തോഷ്‌ ട്രോഫി ഫുട്ബോൾ ടൂർണമെന്‍റിന്‍റെ ഫൈനൽ മത്സരത്തിന് ഹൈദരാബാദിലെ ഗച്ചിബൗളിയിലുള്ള ജി.എം.സി. ബാലയോഗി സ്റ്റേഡിയത്തിൽ കേരളം ചൊവ്വാഴ്ച ഇറങ്ങുകയാണ്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് ഇത് അഭിമാനത്തിന്‍റെയും, ഒപ്പം ആകാംക്ഷയുടെയും സമയം. കേരള ടീമിലെ മിന്നും താരങ്ങളായ മുഹമ്മദ്‌ റോഷൽ, ആദിൽ അമൽ, മുഹമ്മദ്‌ അജ്സൽ എന്നിവർ എംഎ കോളെജിന്‍റെ കായിക താരങ്ങളാണ്.

ഞായറാഴ്ച മണിപ്പൂരിനെതിരായ സെമി ഫൈനലിൽ ഹാട്രിക് നേടിയ റോഷൽ, താൻ വെറും ഫയറല്ല വൈൽഡ് ഫയറാണെന്ന് തെളിയിച്ചു കഴിഞ്ഞു. റോഷലും ആദിലും എംഎ കോളെജിലെ മൂന്നാം വർഷ ഇക്കണോമിക്സ് ബിരുദ വിദ്യാർഥികളാണ്. അജ്സൽ പൂർവ വിദ്യാർഥിയും. കേരള ടീമിന്‍റെ സഹ പരിശീലകനായ പ്രൊഫ. സി. ഹാരി ബെന്നിയാകട്ടെ, എംഎ കോളെജിലെ കായിക വകുപ്പ് മേധാവിയും.

പൈങ്ങോട്ടൂർ ചെട്ടിയാംകുടിയിൽ കുടുംബാംഗമായ ഹാരി, കേരളത്തിലെ കായിക അധ്യാപകരിൽ ആദ്യമായി ഏഷ്യൻ ഫുട്ബോൾ ഫെഡറഷന്‍റെ ഗോൾ കീപ്പിങ് 'ബി ലൈസൻസ്' നേടിയ വ്യക്തിയാണ്. എഎഫ്‌സി 'ബി' കോച്ചിങ് ലൈസൻസ്, ഇന്‍റർനാഷണൽ പ്രൊഫഷണൽ സ്കൗട്ടിങ് ലെവൽ ടു ലൈസൻസ്, പൊസിഷൻ സ്പെസിഫിക് സ്കൗട്ടിങ് ലൈസൻസ് എന്നിവയും, ഫുട്ബോളിൽ എൻഐഎസ് ഡിപ്ലോമയും നേടിയിട്ടുണ്ട് അദ്ദേഹം. 2016ൽ സന്തോഷ് ട്രോഫി കളിച്ച കേരള ടീമിലും സഹ പരിശീലകനായിരുന്നു.

ക്വാർട്ടർ ഫൈനലിൽ ജമ്മു കശ്മീരിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം കീഴടക്കിയത്. സെമിയിൽ കരുത്തരായ മണിപ്പൂരിനെ ഒന്നിനെതിരേ അഞ്ചു ഗോളിനും കെട്ടുകെട്ടിച്ചു. ചൊവ്വാഴ്ച വൈകിട്ട് 7.30ന് നടക്കുന്ന സ്വപ്ന ഫൈനലിൽ നേരിടുന്നത് ബംഗാളിനെ. സന്തോഷ് ട്രോഫിയുടെ ചരിത്രത്തിൽ 32 തവണ ജേതാക്കളായ ‌ടീമാണം ബംഗാൾ. കേരളം ഏഴു വട്ടവും ട്രോഫിയിൽ മുത്തമിട്ടു.