ബാബർ അസം

 
Sports

ബാബർ അസമിനെ ഇംഗ്ലണ്ടിലെ അല്ലെങ്കിൽ ഓസ്‌ട്രേലിയയിലെ ക്രിക്കറ്റ് അക്കാഡമിയിലേക്ക് അയക്കൂ; ഉപദേശവുമായി മുൻ താരം

മുൻ താരം മുഹമ്മദ് യൂസഫാണ് ബാബർ അസമിന് ഉപദേശം നൽകി രംഗത്തെത്തിയത്

Aswin AM

ഇസ്‌ലാമാബാദ്: ഏറെ നാളുകളായി മോശം ഫോമിൽ തുടരുന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക‍്യാപ്റ്റൻ ബാബർ അസമിന് ഉപദേശവുമായി മുൻ താരം മുഹമ്മദ് യൂസഫ്. പാക്കിസ്ഥാന്‍റെ ഖായിദ്-ഇ-അസം ആഭ‍്യന്തര ക്രിക്കറ്റ് ടൂർണമെന്‍റ് കളിക്കുന്നതിനു പകരം ഇംഗ്ലണ്ടിലോ ഓസ്ട്രേലിയയിലോ പോയി സാങ്കേതിക പിഴവുകൾ പരിഹരിക്കണമെന്നാണ് യൂസഫിന്‍റെ നിർദേശം.

അടുത്തിടെ ഇംഗ്ലണ്ട്, ശ്രീലങ്ക ടീമുകൾക്കെതിരേ നടന്ന ത്രിരാഷ്ട്ര പരമ്പരയിൽ 5 മത്സരങ്ങളിൽ നിന്നും ആകെ 74.21 സ്ട്രൈക്ക് റേറ്റിൽ 118 റൺസ് മാത്രമായിരുന്നു ബാബറിന് അടിച്ചെടുക്കാനായത്. ഇതിനു പിന്നാലെ താരം വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു.

വിദഗ്ദ്ധ പരിശീലനത്തിലൂടെ സാങ്കേതിക പിഴവുകൾ പരിഹരിക്കുന്നതുവരെ ബാബർ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കണം എന്ന് ഞാൻ കരുതുന്നില്ല. ആഭ്യന്തര ക്രിക്കറ്റിലെ മോശം പ്രകടനം ബാബറിന്‍റെ ആത്മവിശ്വാസത്തെയും കരിയറിനെയും കൂടുതൽ ദോഷകരമായി ബാധിച്ചേക്കാം.

അദ്ദേഹത്തെ ഇംഗ്ലണ്ടിലോ ഓസ്‌ട്രേലിയയിലോ ഉള്ള ഏതെങ്കിലും അക്കാഡമിയിലേക്ക് അയക്കൂ. മുഹമ്മദ് യൂസഫ് എക്സിൽ കുറിച്ചു. ബാബർ ഇപ്പോഴും പാക്കിസ്ഥാനിലെ മികച്ച താരമാണെന്നും അൽപ്പം പരിശ്രമിച്ചാൽ അദ്ദേഹത്തിന് മികച്ച ഫോമിലേക്ക് തിരിച്ചെത്താമെന്നും നാലുവർഷം മുൻപ് താൻ ഇക്കാര‍്യം പറഞ്ഞിരുന്നുവെന്നും അപ്പോൾ ആരും കേട്ടില്ലെന്നും യൂസഫ് കൂട്ടിച്ചേർത്തു.

മൂന്ന് ഫോർമാറ്റിലും മോശം ഫോം

ഏകദിനത്തിൽ മാത്രമല്ല, മറിച്ച് മൂന്ന് ഫോർമാറ്റിലും മോശം പ്രകടനമാണ് ബാബർ കുറെനാളുകളായി കാഴ്ചവയ്ക്കുന്നത്. 2023 ഓഗസ്റ്റിനു ശേഷം ആകെ ശ്രീലങ്കയ്ക്കെതിരേ നേടിയ ഒരു സെഞ്ചുറി പ്രകടനം മാത്രമാണ് താരത്തിന്‍റെ പേരിലുള്ളത്.

കഴിഞ്ഞ മൂന്നു വർഷത്തിനിടെ 36.25 ബാറ്റിങ് ശരാശരിയിൽ 1015 റൺസ് മാത്രമാണ് ബാബറിന് ഏകദിനത്തിൽ നേടാനായത്. ടെസ്റ്റിലാകട്ടെ 2022 ഡിസംബറിലാണ് താരം അവസാനമായി ഒരു സെഞ്ചുറി നേടിയത്. ടി20 ടീമിൽ നിന്നും മോശം ഫോമിന്‍റെ പേരിൽ ബാബറിനെ നേരത്തെ തന്നെ പുറത്താക്കിയിരുന്നു.