സീനിയർ വനിതാ ട്വന്‍റി 20: ആദ്യ മത്സരത്തിൽ കേരളത്തിന് തോൽവി

 
Sports

സീനിയർ വനിതാ ട്വന്‍റി 20: ആദ്യ മത്സരത്തിൽ കേരളത്തിന് തോൽവി

22 റൺസെടുത്ത സൊനാലിയെ സലോണി ദങ്കോരെയാണ് പുറത്താക്കിയത്.

Megha Ramesh Chandran

മൊഹാലി: ദേശീയ സീനിയർ വനിതാ ട്വന്‍റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് തോൽവി. ഉത്തർപ്രദേശ് 19 റൺസിനാണ് കേരളത്തെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഉത്തർപ്രദേശ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുത്തു. മറുപടി ബാറ്റിങിന് ഇറങ്ങിയ കേരളം 18.2 ഓവറിൽ 88 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.

ടോസ് നേടിയ ഉത്തർപ്രദേശ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ സമ്പദ ദീക്ഷിത് 15ഉം മുസ്കാൻ മാലിക് അഞ്ചും റൺസെടുത്ത് മടങ്ങി. തുടർന്നെത്തിയ ക്യാപ്റ്റൻ സൊനാലി സിങ്ങാണ് ഉത്തർപ്രദേശിനെ കരകയറ്റിയത്. 22 റൺസെടുത്ത സൊനാലിയെ സലോണി ദങ്കോരെയാണ് പുറത്താക്കിയത്.

തുടർന്ന് അഞ്ചാം വിക്കറ്റിൽ നിഷു ചൌധരിയ്ക്കൊപ്പം ഒത്തു ചേർന്ന അഞ്ജലി സിങ്ങിന്‍റെ പ്രകടനമാണ് ഉത്തർപ്രദേശിന്‍റെ സ്കോർ 107ൽ എത്തിച്ചത്. 18 പന്തുകളിൽ അഞ്ച് ഫോറടക്കം 31 റൺസുമായി അഞ്ജലി സിങ് പുറത്താകാതെ നിന്നു. നിഷു ചൌധരി 19 റൺസെടുത്തു. കേരളത്തിന് വേണ്ടി സലോനി ഡങ്കോരേ മൂന്നും ദർശന മോഹനും എസ് ആശയും ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങിനിറങ്ങിയ കേരളത്തിനായി 35 റൺസെടുത്ത ദൃശ്യ ഐ വി മാത്രമാണ് ഭേദപ്പെട്ട ബാറ്റിങ് കാഴ്ച വച്ചത്. ക്യാപ്റ്റൻ സജന സജീവൻ 12ഉം എസ്. ആശ പത്തും റൺസ് നേടി. ബാക്കിയുള്ളവർക്ക് രണ്ടക്കം പോലും കടക്കാനായില്ല. ഉത്തർപ്രദേശിന് വേണ്ടി സോനം യാദവ് മൂന്നും അർച്ചന ദേവി, അഞ്ജലി സിങ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ഭിന്നശേഷി സംവരണത്തില്‍ പ്രശ്നം പരിഹരിച്ചു പോകും: വി. ശിവന്‍കുട്ടി

വ്യാഴാഴ്ച ഡോക്റ്റർമാർ സംസ്ഥാനവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും

പട്ടാപ്പകൽ തോക്കു ചൂണ്ടി 80 ലക്ഷം രൂപ കവർന്നു

അമെരിക്കയിൽ ഉപരിപഠനം: ഇന്ത്യൻ വിദ്യാർഥികളിൽ 44 ശതമാനം കുറവ്

കഫ് സിറപ്പുകളുടെ കയറ്റുമതി സംബന്ധിച്ച് ഇന്ത്യയോട് വിശദീകരണം തേടി ലോകാരോഗ്യ സംഘടന