ബുഡാപെസ്റ്റ്: യുവേഫ യൂറോപ്പ ലീഗിൽ സെവിയയ്ക്കായി പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഏറെയും അർജന്റീന താരങ്ങൾ. കൂടാതെ സെവിയ്യയെ ജേതാക്കളാക്കിയ അവസാന കിക്കെടുത്ത ഗോണ്‍സലോ മോണ്ടിയാലിനെ ആരും മറക്കാന്‍ സാധ്യതയില്ല. 2022 ല്‍ ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയെ കിരീടത്തിലെത്തിച്ച അവസാന പെനാല്‍റ്റിയും മോണ്ടിയലിന്റെ വകയായിരുന്നു. ലുകാസ് ഒകമ്പസ്, എറിക് ലമേല, ഗോണ്‍സലോ മോണ്ടിയാല്‍ എന്നിവരാണ് സെവിയ്യക്കായി സ്പോട് കിക്ക് ലക്ഷ്യത്തിലെത്തിച്ച അര്‍ജന്റീനയുടെ താരങ്ങള്‍. ക്രൊയേഷ്യൻ താരം ഇവാൻ റാക്കിറ്റിച്ച് മാത്രമാണ് ഈ പട്ടികയിൽ പെടാത്തത്.
ഏതായാലും യുറോപ്പ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം കിരീടത്തില്‍ സെവിയ മുത്തമിട്ടു. ഹംഗറിയിലെ പുസ്കാസ് അരേന സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തിൽ യൂറോപ്യൻ ഫൈനലുകളിൽ ഒരിക്കൽ പോലും പരാജയം അറിയാത്ത ഹോസെ മൗറീഞ്ഞോയുടെ എ.എസ്. റോമയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-1നാണ് സെവിയ കീഴടക്കിയത്.
അഞ്ചുതവണ യൂറോപ്പ ലീഗ് കിരീടം നേടിയ പരിശീലകന്റെ കരിയറിലെ ആദ്യ യൂറോപ്പ ഫൈനല്‍ തോല്‍വിയാണ് സെവിയ്യ സമ്മാനിച്ചത്. സെവിയ്യയുടെ ഏഴാം യൂറോപ്പ ലീഗ് കിരീടമാണിത്. യൂറോപ്പ ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ക്ലബും സെവിയ്യയാണ്.
ഷൂട്ടൗട്ടില്‍ റോമയുടെ രണ്ട് ഷോട്ടുകൾ തടുത്തിട്ട് മിന്നും പ്രകടനം കാഴ്ചവച്ച സെവിയ്യ ഗോള്‍കീപ്പര്‍ യാസിന് ബോനോയാണ് മത്സരത്തിലെ താരം. നിശ്ചിത 90 മിനിറ്റിലും അധിക സമയത്തും ഇരുടീമുകളും 1-1 സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
പരുക്ക് മുക്തമായി കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീനിയൻ സ്ട്രൈക്കർ പോളോ ഡിബാലയിലൂടെ 34 -ാം മിനിറ്റിൽ റോമയാണ് മത്സരത്തിൽ ആദ്യം ലീഡ് നേടിയത്. എന്നാൽ, രണ്ടാം പകുതിയിൽ മത്സരം സെവിയ്യയുടെ കാലുകളിലായിരുന്നു. 55-ാം മിനിറ്റില്‍ സെവിയ്യ താരം ജീസസ് നവാസ് ബോക്സിലേക്ക് നൽകിയ ക്രോസ് പ്രതിരോധിക്കാൻ ശ്രമിച്ച റോമ താരം ജിയാൻലൂക്ക മാൻസിനിയുടെ ദേഹത്ത് തട്ടി പന്ത് വലയിലേക്ക്. ഇതോടെ ഇരുടീമുകളും ഒപ്പത്തിനൊപ്പം. വൈകാതെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും നീങ്ങി.