സുചിക തരിയാൽ
നഗോയ: ഏഷ്യൽ ഗെയിംസിൽ ചരിത്രം കുറിച്ച് സുചിക തരിയാൽ. മിക്സഡ് മാർഷ്യൽ ആർട്സിൽ (എംഎംഎ) ഇന്ത്യയ്ക്ക് ആദ്യ മെഡൽ സമ്മാനിച്ചാണ് സുചിക രാജ്യത്തിന്‍റെ അഭിമാനമായത്. വനിതകളുടെ ട്രെഡീഷണൽ 60 കിലോഗ്രാം വിഭാഗത്തിൽ 36 കാരിയായ സുചിക വെങ്കല മെഡൽ സ്വന്തമാക്കുകയായിരുന്നു. ഏഷ്യൽ ഗെയിംസിൽ അരങ്ങേറ്റം കുറിച്ച എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലാണ്.
നഗോയയിൽ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ സിംഗപ്പൂരിന്‍റെ ഹുയി ഹൂൺ തിയോയോട് എക്സ്ട്രാ റൗണ്ടിൽ നേരിയ വ്യത്യാസത്തിൽ സുചിക പരാജയപ്പെടുകയായിരുന്നു. ക്വാർട്ടർ ഫൈനൽ പോരാട്ടത്തിനു പിന്നാലെ സുചിക മെഡൽ ഉറപ്പിച്ചിരുന്നു. മംഗോളിയയുടെ അൽത്താൻചൈമെഗ് ബൈഗൽമയെ 2-0 എന്ന സ്കോറിന് തകർത്താണ് സെമിയിൽ കയറിയത്.
ആദ്യമായല്ല സുചിക ഇന്ത്യയ്ക്കായി മത്സരത്തിനിറങ്ങുന്നത്. 2022 ൽ കോമൺവെൽത്ത് ഗെയിംസിൽ ജൂഡോ മത്സരങ്ങളിലും 2023 ലെ ഏഷ്യൻ ഗെയിംസിൽ കുറാഷ് ഇനത്തിലും സുചിക ഇന്ത്യക്കായി മത്സരിച്ചിട്ടുണ്ട്.