സ്വപ്നിൽ അസ്നോദ്കർ ഷെയ്ൻ വോണിനൊപ്പം. 2008 ഐപിഎൽ സീസണിലെ രാജസ്ഥാൻ റോയൽസ് ജെഴ്സിയിൽ.

 

File

Sports

കേരള ടീമിനെ പരിശീലിപ്പിക്കാൻ ഐപിഎല്ലിലെ ഗോവൻ പീരങ്കി

ഐപിഎൽ ആദ്യ സീസണിൽ രാജസ്ഥാൻ റോയൽസിനെ കിരീടത്തിലേക്കു നയിച്ചതിൽ പ്രധാന പങ്ക് വഹിച്ച സ്വപ്നിൽ അസ്നോദ്കർ ഇനി കേരള സീനിയർ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യപരിശീലകൻ

VK SANJU

ഐപിഎല്ലിന്‍റെ ആദ്യ സീസൺ കണ്ടവർക്ക് മറക്കാനാവില്ല സ്വപ്നിൽ അസ്നോദ്കർ എന്ന ഓപ്പണറെ. ഗോവയുടെയും രാജസ്ഥാൻ റോയൽസിന്‍റെയും താരമായിരുന്ന അസ്നോദ്കറാണ് കേരള പുരുഷ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി നിയമിക്കപ്പെട്ടിരിക്കുന്നത്. 2008-ലെ ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിനെ കിരീടത്തിലേക്കു നയിച്ചതിൽ പ്രധാന പങ്ക് വഹിച്ച താരങ്ങളിൽ ഒരാളായിരുന്നു അസ്നോദ്കർ.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ശോഭിച്ചിരുന്ന അസ്നോദ്കറെ രാജസ്ഥാന്‍ റോയൽസിന്‍റെ കോച്ചും ക്യാപ്റ്റനുമായിരുന്ന ഷെയ്ൻ വോൺ അവിശ്വസനീയമായ രീതിയിൽ ഒരു തട്ടുപൊളിപ്പൻ ടി20 ഓപ്പണറാക്കി മാറ്റിയെടുക്കുകയാണു ചെയ്തത്. ഒമ്പത് കളിയിൽ 311 റൺസാണ് അസ്നോദ്കർ ആദ്യ സീസണിൽ നേടിയത്. ദക്ഷിണാഫ്രിക്കൻ താരം ഗ്രേം സ്മിത്തുമായി അസ്നോദ്കർ ആ സീസണിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടിലും പങ്കാളിയായി. 60 റൺ ശരാശരിയിൽ 418 റൺസാണ് സഖ്യം ആകെ നേടിയത്.

അഞ്ചടി നാലിഞ്ച് മാത്രം ഉയരമുള്ള അസ്നോദ്കറിന് വോൺ അന്നു നൽകിയ ചെല്ലപ്പേരാണ് ഗോവൻ പീരങ്കി (Goa Cannon) എന്ന്. ആദ്യ സീസണിൽ ഏറ്റവും കൂടുതൽ റൺസെടുത്ത രണ്ടാമത്തെ അൺക്യാപ്പ്ഡ് താരമായിരുന്നു അദ്ദേഹം. ശിഖർ ധവൻ ആയിരുന്നു മുന്നിൽ. 88 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 40 റൺ ശരാശരിയോടെ 14 സെഞ്ചുറി സഹിതം 5883 റൺസ് എടുത്തിട്ടുണ്ട്.

ഇപ്പോൾ 42 വയസുള്ള അസ്നോദ്കർ മുൻപ് കേരള അണ്ടർ-23 ടീമിന്‍റെ മുഖ്യ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. ഈ അനുഭവസമ്പത്ത് പരിഗണിച്ചാണ് ഈ സീസണിൽ രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള മത്സരങ്ങളിലേക്ക് മുഖ്യ പരിശീലകനായി നിയമിച്ചത്.

രോഹൻ പ്രേം സെലക്ഷൻ കമ്മിറ്റി ചെയർമാൻ

രോഹൻ പ്രേം

സീനിയർ പുരുഷ ക്രിക്കറ്റ് ടീമിന്‍റെ സെലക്ഷൻ കമ്മിറ്റി ചെയർമാനായി കേരളത്തിന്‍റെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളായ രോഹൻ പ്രേമിനെയും നിയമിച്ചിട്ടുണ്ട്. വി.എ. ജഗദീഷ്, പി.യു. അന്താഫ് എന്നിവർ കമ്മിറ്റി അംഗങ്ങളായിരിക്കും. ​

ജൂനിയർ പുരുഷ ടീമിന്‍റെ സെലക്ഷൻ ചുമതല കെ. ചന്ദ്രശേഖരന് നൽകി. കെ.ആർ. ശ്രീജിത്ത്, രഞ്ജി ഫിലിപ്പ് എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. വനിതാ ക്രിക്കറ്റ് ടീമിന്‍റെ സെലക്ഷൻ കമ്മിറ്റി മാറ്റമില്ലാതെ തുടരും. ഇ. റെൻസി അധ്യക്ഷയായി തുടരുന്ന കമ്മിറ്റിയിൽ റാണി വർഗീസ്, അഞ്ജന പോൾ എന്നിവരാണ് അംഗങ്ങൾ.

വനിതാ ക്രിക്കറ്റിന് മുതൽക്കൂട്ടാവാൻ കരുണ ജയിൻ

കരുണ ജയിൻ.

വനിതാ സീനിയർ ക്രിക്കറ്റ് ടീം പരിശീലകയായി ദേവിക പൽശിക്കർ തുടരും. കഴിഞ്ഞ രണ്ട് സീസണുകളിലും കേരള വനിതാ ടീമിന്‍റെ മുഖ്യ പരിശീലകയായിരുന്നു ദേവിക. ​കേരള അണ്ടർ 19 വിമെൻ'സ് ടീം പരിശീലകയായും കെസിഎ വനിതാ അക്കാഡമിയുടെ മെന്‍ററായും മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ കരുണ ജെയിനിനെ നിയമിച്ചു.

സിഎംആർഎൽ- എക്‌സാലോജിക് കേസ്; പിണറായിക്കും റിയാസിനും വീണയ്ക്കുമെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്; ആന്‍റോ അഗസ്റ്റിന് ഉപാധികളോടെ ജാമ‍്യം

അഭിമന‍്യു വധക്കേസ്; അടച്ചിട്ട കോടതി മുറിയിൽ വിചാരണ വേണമെന്ന പ്രതികളുടെ ഹർജി കോടതി തള്ളി

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനൽ: ഇന്ത്യക്ക് വമ്പൻ സ്കോർ, പാക്കിസ്ഥാന് വെങ്കലം

ട്രംപിന്‍റെ പുതിയ പോർമുഖം: ഇറാൻ വിമാനങ്ങൾ ഇനി പറക്കാൻ അനുവദിക്കില്ല!