സൂര്യാംശ് ഷെഡ്ഗെ
ന്യൂഡൽഹി: ന്യൂസിലൻഡിനെതിരേ വരാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ 23കാരനായ ഓൾറൗണ്ടർ സൂര്യാംശ് ഷെഡ്ഗയെ ഉൾപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യൻ താരങ്ങൾക്കൊപ്പം സൂര്യാംശ് ന്യൂസിലൻഡിലേക്ക് തിരിക്കുമെന്നും നിതീഷ് കുമാർ റെഡ്ഡി അടക്കമുള്ള താരങ്ങൾ ടെസ്റ്റ് മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഏതാനും ഏകദിന മത്സരങ്ങളിൽ നിന്നും വിട്ടുനിൽക്കുമെന്നും ഇത് സൂര്യാംശ് ഷെഡ്ഗെയെ പോലെയുള്ള താരങ്ങൾക്ക് അവസരമൊരുക്കുമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
അടുത്തിടെ അയർലൻഡിനെതിരായ ടി20 പരമ്പരയിൽ താരം ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചെങ്കിലും മികച്ച പ്രകടനമൊന്നും പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. 5 പന്തുകൾ ബാറ്റ് ചെയ്ത താരം ആകെ ഒരു റൺസ് മാത്രമാണ് നേടിയത്. കൂടാതെ രണ്ടോവർ ബൗൾ ചെയ്തെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. 25 റൺസ് വഴങ്ങുകയും ചെയ്തു. പിന്നീട് ഇംഗ്ലണ്ടിനെതിരേയും സിംബാബ്വെയ്ക്കെതിരേയും താരത്തിന് കളിക്കാൻ അവസരം ലഭിച്ചെങ്കിലും സമാന സ്ഥിതി തന്നെയായിരുന്നു അവിടെയും.
അടുത്തിടെ ഹാർദിക് പാണ്ഡ്യയ്ക്ക് പകരക്കാരനായി ഇന്ത്യ എ ടീമിൽ കളിച്ച താരം ഓസ്ട്രേലിയ എ ടീമിനെതിരേ 3 ഇന്നിങ്സുകളിൽ നിന്നും 79 റൺസ് നേടിയിരുന്നു. 5 വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. അതിനാലാണ് താരത്തിന് വീണ്ടും അവസരം നൽകാൻ സെലക്റ്റർമാർ തീരുമാനിക്കാനൊരുങ്ങുന്നത്. അതേസമയം, നിലവിൽ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീം മാത്രമെ ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളൂ.
ടീം പ്രഖ്യാപനം വൈകുമെന്നാണ് പ്രമുഖ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പേസർമാരായ പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ, വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് എന്നിവരുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിനായി ബിസിസിഐ കാത്തിരിക്കുകയാണെന്നാണ് വിവരം. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കിടെ പരുക്കേറ്റ പ്രസിദ്ധ് കൃഷ്ണയുടെ പരുക്ക് ഭേദമാകാൻ മൂന്നാഴ്ചയാണ് സമയം അനുവദിച്ചിരിക്കുന്നത്. അതിനാൽ മൂന്നാഴ്ച കഴിഞ്ഞ് ടീം പ്രഖ്യാപനത്തിനായി യോഗം ചേരാനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. ഒക്റ്റോബർ 21ന് ശേഷമെ ടീം പ്രഖ്യാപനം ഉണ്ടാകാൻ സാധ്യതയുള്ളൂ.