ഷെർഫെയ്ൻ റൂഥർഫോർഡ്
വമ്പൻ ഹിറ്റർമാർക്ക് പേരുകേട്ട ടീമാണ് വെസ്റ്റ് ഇൻഡീസ്. ക്രിസ് ഗെയ്ൽ, ആന്ദ്രെ റസൽ, അടക്കമുള്ള താരങ്ങൾ അതിന് ഉദാഹരണങ്ങളാണ്. എന്നാൽ വിൻഡീസിലെ വമ്പൻ അടിക്കാരിൽ ഈ വർഷം ഏറ്റവും കൂടുതൽ സ്ഥിരത പുലർത്തിയ താരമാണ് ഷെർഫെയ്ൻ റൂഥർഫോർഡ്. ആ സ്ഥിരതയ്ക്ക് പിന്നിലെ കാരണം എന്തായിരിക്കും?
ഈ വർഷം കളിച്ച 14 ടി20 ഇന്നിങ്സുകളിൽ നിന്നായി 66.87 ബാറ്റിങ് ശരാശരിയിൽ 535 റൺസാണ് റൂഥർഫോർഡ് അടിച്ചുകൂട്ടിയത്. ഇതിൽ അഞ്ച് അർധസെഞ്ചുറികൾ ഉൾപ്പെടുന്നു. നേരത്തെ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടന്ന പരമ്പരയിലാണ് ഈ വർഷം റൂഥർഫോർഡ് സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ തുടങ്ങിയത്. തുടർന്ന് ഇതേ ഫോം താരം 2026ലെ ടി20 ലോകകപ്പിലും ആവർത്തിച്ചു. അന്ന് ടീമിനു വേണ്ടി മധ്യനിരയിൽ മികച്ച സംഭാവനകൾ നൽകി. ആ ടൂർണമെന്റിൽ ഇംഗ്ലണ്ടിനെതിരേ 76 റൺസും ഇതുകൂടാതെ ഇറ്റലി, സിംബാബ്വെ എന്നീ ടീമുകൾക്കെതിരേയും തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. പിന്നീട് ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരേ അർധസെഞ്ചുറി നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു.
അടുത്തിടെ ഇന്ത്യക്കെതിരേ നടന്ന പരമ്പരയിലും തീപ്പൊരി പ്രകടനമാണ് റൂഥർഫോർഡ് പുറത്തെടുത്തത്. 188.89 സ്ട്രൈക്ക് റേറ്റിൽ രണ്ട് അർധസെഞ്ചുറിയും ഒരു മത്സരത്തിൽ 49 റൺസും അടക്കം 221 റൺസാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.
ഹൈദരാബാദിൽ നടന്ന മത്സരത്തിൽ റൂഥർഫോർഡ് (26 പന്തിൽ 49) കാഴ്ചവച്ച മിന്നൽ പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യയ്ക്കെതിരേ വിൻഡീസിന് 248 റൺസ് വിജയലക്ഷ്യം ഉയർത്താനായതും മത്സരം വിജയിക്കാൻ സാധിച്ചതും. ഇതേ പരമ്പരയിലെ രണ്ടാം മത്സരത്തിൽ 37 പന്തിൽ നിന്നും 84 റൺസ് അടിച്ചെടുത്തതിനെത്തുടർന്ന് 251 റൺസ് പിന്തുടർന്ന് വിൻഡീസ് ഇന്ത്യയ്ക്കെതിരേ വിജയിക്കുകയും ചെയ്തിരുന്നു.
ലഖ്നൗവിലും ഇന്ദോറിലും നടന്ന മത്സരങ്ങളിൽ വിൻഡീസ് തോൽവി അറിഞ്ഞെങ്കിലും മികച്ച പ്രകടനം തന്നെയാണ് റൂഥർഫോർഡ് കാഴ്ചവച്ചത്. 2024 മുതൽ താരം ടീമിന്റെ ഭാഗമായിരുന്നുവെങ്കിലും 2025 വരെ മോശം പ്രകടനമാണ് പുറത്തെടുത്തിരുന്നത്. 31 ടി20 ഇന്നിങ്സുകളിൽ നിന്നും 18 ബാറ്റിങ് ശരാശരിയിൽ 450 റൺസ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം.
മികച്ച കഴിവുണ്ടായിരുന്നിട്ടും ആ പ്രകടനം അദ്ദേഹത്തിന് അന്ന് പുറത്തെടുക്കാനായിരുന്നില്ല. അന്ന് ടീം മാനേജ്മെന്റ് താരത്തെ തഴയാതെ പിന്തുണച്ചതിന്റെ ഗുണമാണ് ഇപ്പോൾ ടീമിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഈ വർഷത്തെ റൂഥർഫോർഡിന്റെ സ്ഥിരതയ്ക്ക് പിന്നിലെ യഥാർഥ കാരണം അദ്ദേഹം സ്പിന്നർമാർക്കെതിരേ മെച്ചപ്പെട്ടു എന്നതാണ്. കഴിഞ്ഞ വർഷം വരെ സ്പിന്നർമാർക്കെതിരേ വളരെ ദുർബലനായിരുന്നു താരം. പലപ്പോഴും വിക്കറ്റ് നഷ്ടപ്പെടുത്തുകയും ക്രീസിൽ നിലയുറപ്പിക്കാൻ പാടുപെടുകയും ചെയ്തിരുന്നു.
2024 മുതൽ 2025 വരെയുള്ള കാലഘട്ടത്തിൽ 111.11 സ്ട്രൈക്ക് റേറ്റിൽ 10.62 ആയിരുന്നു താരത്തിന്റെ ബാറ്റിങ് ശരാശരി. കൂടാതെ സ്പിന്നർമാർക്കെതിരേ 50.3 ശതമാനം പന്തുകൾ വരെ അദ്ദേഹം ഡോട്ട് ബോളുകൾ ആക്കുമായിരുന്നു. ഇതറിയാവുന്ന എതിരാളികൾ വളരെ ലളിതമായി ഈ തന്ത്രം ഉപയോഗിച്ചാണ് റൂഥർഫോർഡിനെ പൂട്ടിയിരുന്നത്. എന്നാൽ ഈ വർഷം അതിൽ വളരെയധികം മാറ്റമുണ്ടായി. സ്പിന്നർമാർക്കെതിരേ 77.67 ബാറ്റിങ് ശരാശരിയിൽ 168.84 ആണ് താരത്തിന്റെ സ്ട്രൈക്ക് റേറ്റ്.
ഡോട്ട് ബോൾ ശതമാനം 30.43 ശതമാനമായി കുറയ്ക്കാനും താരത്തിന് സാധിച്ചു. ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ അക്ഷർ പട്ടേൽ, കുൽദീപ് യാദവ് എന്നീ താരങ്ങൾക്കെതിരേയാണ് റൂഥർഫോർഡ് പ്രധാനമായും ആക്രമണം അഴിച്ചുവിട്ടത്. പേസർമാർക്കെതിരേ നേരത്തെ തന്നെ റൂഥർഫോർഡിന് ആധിപത്യം ഉണ്ടായിരുന്നു. സ്പിന്നർമാർക്കെതിരേയും അത് സംഭവിച്ചതോടെ മികച്ച ടി20 ബാറ്ററായി താരം മാറി. ഇനി സ്പിന്നർമാരെ കൊണ്ടുവന്ന് റൂഥർഫോർഡിനെ പിടിച്ചുകെട്ടാനാകില്ല.