അഭിഷേക് ശർമ, ട്രാവിസ് ഹെഡ്.

 

File photo

Sports

ഐപിഎല്ലിലെ ഏറ്റവും അപകടകാരിയായ ഓപ്പണിങ് സഖ്യം പിരിയുന്നു

ട്രാവിഷേക്' സഖ്യം വഴിപിരിയുന്നു; ട്രാവിസ് ഹെഡ് ഐപിഎൽ 2027-ൽ കളിക്കില്ല; സൺറൈസേഴ്സിന് ₹14 കോടി തിരിച്ചുകിട്ടും

VK SANJU

അന്താരാഷ്ട്ര ക്രിക്കറ്റിലെ തിരക്ക് കാരണം ഐപിഎൽ 2027 സീസണിൽനിന്ന് ഒഴിവാകുകയാണെന്ന് ട്രാവിസ് ഹെഡ് സൺറൈസേഴ്സ് ഹൈദരാബാദിനെ അറിയിച്ചു; ഫ്രാഞ്ചൈസി അദ്ദേഹത്തെ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ. ഇതോടെ അഭിഷേക് ശർമ്മയുമായുള്ള 'ട്രാവിഷേക്' ഓപ്പണിങ് സഖ്യം ഇല്ലാതാകും. 2025 മെഗാ ലേലത്തിനു മുമ്പ് ₹14 കോടിക്ക് നിലനിർത്തിയ ഹെഡിനെ റിലീസ് ചെയ്യുന്നതോടെ ഡിസംബർ 16-ന് ഗോവയിൽ നടക്കുന്ന ലേലത്തിൽ എസ്ആർഎച്ചിന്‍റെ പഴ്സ് ആ തുകയാൽ ഉയരും. നിലനിർത്തൽ അവസാന തീയതി നവംബർ 17. എസ്ആർഎച്ചിനായി 43 മത്സരങ്ങളിൽ 176.14 സ്ട്രൈക്ക് റേറ്റിൽ 1351 റൺസ് ഹെഡ് നേടി.

ഹൈദരാബാദ്: ഐപിഎൽ ബൗളർമാരുടെ പേടിസ്വപ്നമായിരുന്ന സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ 'ട്രാവിഷേക്' ഓപ്പണിങ് കൂട്ടുകെട്ട്, അതായത് ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും, 2027 സീസണിൽ ഒരുമിച്ച് ഇറങ്ങില്ല. അന്താരാഷ്ട്ര ക്രിക്കറ്റിലെ തിരക്ക് കണക്കിലെടുത്ത് വർക്ക്‌ലോഡ് കുറയ്ക്കാൻ അടുത്ത ഐപിഎൽ സീസണിൽനിന്ന് ഒഴിവാകുകയാണെന്ന് ഹെഡ് എസ്ആർഎച്ചിനെ അറിയിച്ചു. ഇതോടെ ഫ്രാഞ്ചൈസി അദ്ദേഹത്തെ റിലീസ് ചെയ്യാനാണ് സാധ്യത.

ഹെഡ് മാറി നിൽക്കുന്നത് എസ്ആർഎച്ചിന്‍റെ ബാറ്റിങ്ങിന് വലിയ തിരിച്ചടിയാണ്. എന്നാൽ ഡിസംബർ 16-ന് ഗോവയിൽ നടക്കുന്ന ലേലത്തിൽ കൂടുതൽ പണം ചെലവഴിക്കാൻ ടീമിനെ ഇതു സഹായിക്കും. 2025-ലെ മെഗാ ലേലത്തിനു മുൻപ് 14 കോടി രൂപയ്ക്കാണ് ഹെഡിനെ എസ്ആർഎച്ച് നിലനിർത്തിയത്. ഐപിഎൽ റിലീസ് അംഗീകരിക്കുന്നതോടെ ഈ തുക പഴ്സിലേക്ക് തിരിച്ചെത്തും.

ഓസ്ട്രേലിയൻ താരങ്ങൾ ഇത്തവണ വിട്ടുനിൽക്കാനുള്ള സാധ്യത നേരത്തെ തന്നെ തെളിഞ്ഞതാണ്. അടുത്ത വർഷം ഓസ്ട്രേലിയക്ക് സുപ്രധാന അന്താരാഷ്ട്ര മത്സരങ്ങളുണ്ടെന്ന് ഓസ്ട്രേലിയൻ ഹെഡ് കോച്ച് ആൻഡ്രൂ മക്‌ഡൊണാൾഡ് ഓഗസ്റ്റിൽ തന്നെ വ്യക്തമാക്കിയിരുന്നു. 20 ടെസ്റ്റുകൾക്ക് പുറമെ ഐപിഎൽ കഴിഞ്ഞയുടൻ ജൂണിൽ നടക്കാവുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ, ജൂൺ മുതൽ ഓഗസ്റ്റ് വരെ ആഷസ്, ഒക്റ്റോബർ–നവംബറിൽ ഏകദിന ലോകകപ്പ് എന്നിവയാണ് ഓസ്ട്രേലിയ മുന്നിൽ കാണുന്നത്.

2023-ലെ താര ലേലത്തിൽ ആരും വാങ്ങാതിരുന്ന താരമാണ് ട്രാവിസ് ഹെഡ്. 2024 ലേലത്തിൽ 6.8 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ടീമിലെത്തിച്ചു. ആ സീസണിൽ 191.55 സ്ട്രൈക്ക് റേറ്റിൽ 567 റൺസ് നേടി ടീമിനെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. 40 റൺസിനു മുകളിലായിരുന്നു ബാറ്റിങ് ശരാശരി.

എസ്ആർഎച്ചിനായി ഇതുവരെ ആകെ 43 മത്സരങ്ങളിൽ 176.14 സ്ട്രൈക്ക് റേറ്റിൽ 1351 റൺസ്. അഭിഷേകിനൊപ്പമുള്ള കൂട്ടുകെട്ടാണ് ഏറ്റവും വലിയ നേട്ടം. 42 ഇന്നിങ്സുകളിൽ 1892 റൺസ് (ശരാശരി 46.14), ആറ് സെഞ്ചുറി കൂട്ടുകെട്ടുകളും ഒമ്പത് അർധസെഞ്ചുറി കൂട്ടുകെട്ടുകളും. റൺസിന്‍റെ കാര്യത്തിൽ എസ്ആർഎച്ചിന്‍റെ രണ്ടാമത്തെ മികച്ച ജോടി (ശിഖർ ധവാൻ–ഡേവിഡ് വാർണർ കഴിഞ്ഞാൽ). സ്കോറിങ് വേഗത്തിൽ, ചുരുങ്ങിയത് 1000 കൂട്ടുകെട്ട് റൺസ് ഉള്ളവരിൽ, ഓവറിൽ 12.27 റൺസുമായി ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ജോടിയാണിത്.

ഇതിനിടെ ട്രേഡുകൾ വഴിയും എസ്ആർഎച്ച് ടീമിൽ മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞു. സ്പിന്നർ സീഷൻ അൻസാരിയെ ഡൽഹി ക്യാപിറ്റൽസിനു നൽകി ഇടംകൈയൻ പേസർ ടി. നടരാജനെ തിരിച്ചെത്തിച്ചു. ലിയാം ലിവിങ്സ്റ്റൺ, ജാക്ക് എഡ്വേർഡ്സ് എന്നിവരെ വിട്ടുനൽകി ചെന്നൈ സൂപ്പർ കിങ്‌സിൽനിന്ന് ഖലീൽ അഹമ്മദ്, നേഥൻ എല്ലിസ് എന്നീ പേസ് ബൗളർമാരെയും സ്വന്തമാക്കി. ഹർഷൽ പട്ടേലിനെ നാല് കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസിനു കൈമാറുന്നതിനുള്ള ചർച്ചയും അന്തിമഘട്ടത്തിലാണ്.

Travis Head has told Sunrisers Hyderabad he will opt out of IPL 2027 to manage his workload amid a busy Australian schedule, and SRH are expected to release him, ending the “Travishek” opening pairing with Abhishek Sharma. Head was retained for INR 14 crore before the 2025 mega auction, so SRH’s purse for the December 16 auction in Goa will rise by that amount once the IPL ratifies the release. The retention deadline is November 17. Head scored 1,351 runs in 43 IPL matches for SRH at a strike rate of 176.14.