അലെക്സിയ എൽസ അലക്സാണ്ടർ.

 
Sports

ഇന്ത്യൻ ബാഡ്മിന്‍റണിലെ പുതിയ മലയാളിത്തിളക്കം; പ്രവാസികൾക്ക് അഭിമാനമായി അലെക്സിയ

യുഎഇയിൽ ജനിച്ചുവളർന്ന പത്തനംതിട്ടക്കാരി അലെക്സിയ എൽസ അലക്സാണ്ടർ, ഏഷ്യൻ ജൂനിയർ ബാഡ്മിന്‍റൺ ചാംപ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.

UAE Correspondent

ദുബായ്: അഞ്ച് വയസിൽ ദുബായ് ഇന്ത്യ ക്ലബ്ബിലെ ഒരു പ്രാദേശിക ബാഡ്‌മിന്‍റൺ ടൂർണമെന്‍റിൽ ജേതാവായ മലയാളി പെൺകുട്ടി അലക്സിയ പത്ത് വർഷത്തിനുള്ളിൽ റാക്കറ്റ് വീശി 'പറന്നെത്തിയത്' ഇന്ത്യൻ ദേശീയ ടീമിൽ. യുഎഇയിൽ ജനിച്ചുവളർന്ന പത്തനംതിട്ട അടൂർ സ്വദേശിയായ 14കാരി അലെക്സിയ എൽസ അലക്സാണ്ടർ, സെപ്റ്റംബർ 8 മുതൽ 13 വരെ ചൈനയിലെ ചെങ്ഡുവിൽ നടക്കുന്ന ഏഷ്യൻ ജൂനിയർ ബാഡ്മിന്‍റൺ ചാംപ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കോർട്ടിലിറങ്ങും.

ബാഡ്മിന്‍റൺ താരമായിരുന്ന മൂത്ത സഹോദരി ഐറിന്‍റെ കളി കണ്ടാണ് അലക്സിയ ബാഡ്മിന്‍റൺ ഇഷ്ടപ്പെട്ടുതുടങ്ങിയത്. ഇപ്പോൾ അയർലൻഡിൽ വിദ്യാർഥിയായ ഐറിൻ യുഎഇയിലെ വിവിധ ടൂർണമെന്‍റുകളിൽ കിരീടം നേടിയിട്ടുണ്ട്. ടെന്നീസിലെ വില്യംസ് സഹോദരിമാരെ പോലെ പിന്നീട് ചേച്ചിയെ മറികടന്ന് അനുജത്തി കുതിച്ചു. യുഎഇ സ്കൂൾ തലത്തിലെ വിവിധ പ്രായപരിധികളിൽ 9 തവണ അലക്സിയ ചാംപ്യനായി. അണ്ടർ 11, 13, 15 വിഭാഗങ്ങളിലായി നാല് പ്രാവശ്യം കേരള സംസ്ഥാന ചാംപ്യൻഷിപ്പും ഈ മിടുക്കി സ്വന്തമാക്കി.

ഹൈദരാബാദിലെ പുല്ലേല ഗോപീചന്ദ് ബാഡ്മിന്‍റൺ അക്കാദമിയിൽ നടന്ന ദേശീയ ബാഡ്മിന്‍റൺ ടൂർണമെന്‍റിൽ കിരീടം നേടിയതോടെ അലക്സിയ ദേശീയതലത്തിൽ ശ്രദ്ധേയയായി. അണ്ടർ 15 ഗേൾസ് ഡബിൾസ് വിഭാഗത്തിൽ തമിഴ്നാടിന്‍റെ ജയ സപ്തശ്രീയുമായി ചേർന്നാണ് അലക്സിയ കിരീടം നേടിയത്.

ഇതിനു പിന്നാലെ ബംഗളൂരുവിൽ നടന്ന ദേശീയ സെലക്ഷൻ ടൂർണമെന്‍റിൽ സെമിയിൽ കടന്നതോടെയാണ് ഏഷ്യൻ ജൂനിയർ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിലേക്ക് അലക്സിയ തെരഞ്ഞെടുക്കപ്പെട്ടത്.

സിംഗിൾസിലും ഡബിൾസിലും ഒരു പോലെ മികവ് കാണിക്കുന്ന അലക്സിയ ഏഷ്യൻ ചാംപ്യൻഷിപ്പിൽ അണ്ടർ 15 പെൺകുട്ടികളുടെ സിംഗിൾസ് വിഭാഗത്തിലാണ് ഇന്ത്യയ്ക്കായി പോരാടുന്നത്.

ദുബായ് അൽ വർഖ ഔവർ ഓൺ ഇംഗ്ലിഷ് ഹൈസ്കൂളിലെ 9-ാം ക്ലാസ് വിദ്യാർഥിയായ അലക്സിയയുടെ ലക്ഷ്യം രാജ്യാന്തര ടൂർണമെന്‍റുകളിലെ വിജയമാണ്. അതിന് പര്യാപ്തമായ രീതിയിൽ കൂടുതൽ സാങ്കേതിക തികവുള്ള പരിശീലനത്തിലേക്ക് കടക്കാനാണ് ഈ കൗമാര പ്രതിഭ ലക്ഷ്യമിടുന്നത്.

അലെക്സിയ എൽസ അലക്സാണ്ടർ.

ഇന്ത്യയിൽ പി.വി. സിന്ധുവും സൈന നെവാളുമൊക്കെ ഉണ്ടെങ്കിലും ചൈനീസ് തായ് പേയുടെ തായ് സു യിങ്ങാണ് അലക്‌സിയയുടെ ഇഷ്ട താരം. അവരുടെ അവിശ്വസനീയമായ 'ഡിസെപ്റ്റീവ് ഷോട്ടുകൾ' ആണ് തന്നെ ഏറെ ആകർഷിച്ചതെന്ന് അലക്സിയ പറയുന്നു.

രാജ്യത്തെ ഏറ്റവും മികച്ച ജൂനിയർ താരങ്ങളുടെ നിരയിലേക്ക് ഉയർന്ന അലക്‌സിയയുടെ നേട്ടത്തിൽ അഭിമാനമുണ്ടെന്ന് മാതാപിതാക്കളായ റോമി അലക്സാണ്ടറും റീജ റോമി അലക്സാണ്ടറും പറഞ്ഞു. അടൂർ സ്വദേശി റോമിയും റീജയും ദുബായിൽ ഐടി മേഖലയിലാണ് ജോലി ചെയ്യുന്നത്.

കോടിയേരിയുടെ പേരിൽ നിർമിക്കുന്ന പാർട്ടി ഓഫിസ് ഫണ്ട് പിരിവിൽ ക്രമക്കേട്; ലോക്കൽ സെക്രട്ടറിക്കെതിരേ നടപടി

'സംസ്ഥാനത്ത് ആർഎസ്എസ് അജൻഡ നടപ്പിലാക്കാനാണ് മുഖ‍്യമന്ത്രി ശ്രമിക്കുന്നത്'; പിഎം ശ്രീയിൽ വിമർശനവുമായി എസ്എഫ്ഐ

പാക്കിസ്ഥാനിൽ മഞ്ഞിടിച്ചിൽ; ലോകപ്രശസ്ത പർവതാരോഹകൻ നിർമൽ പുർജ ഉൾപ്പെടെ ആറ് പേരെ കാണാതായി, നാല് മൃതദേഹങ്ങൾ കണ്ടെത്തി

വിദ‍്യാർഥി പ്രക്ഷോഭത്തിൽ നുഴഞ്ഞു കയറിയ സാമൂഹിക വിരുദ്ധർക്കെതിരേ നടപടി വേണം; ആവശ‍്യവുമായി പരുക്കേറ്റ പൊലീസുകാരുടെ കുടുംബം

ഐബി ഉദ്യോഗസ്ഥന്‍റെ കൊലപാതകത്തിൽ മുൻ എഎപി കൗൺസിലർക്ക് ജീവപര്യന്തം തടവ്