അണ്ടർ-19 ഏഷ്യ കപ്പിൽ യുഎഇക്കെതിരേ സെഞ്ചുറി നേടിയ ഇന്ത്യൻ ഓപ്പണർ ആര്യവീർ സെവാഗ്.
അൽ അമീറത്: അണ്ടർ-19 ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിൽ യുഎഇക്കെതിരേ ഇന്ത്യക്ക് മികച്ച സ്കോർ. ഒമാൻ ആതിഥ്യം വഹിക്കുന്ന ടൂർണമെന്‍റിൽ, ടോസ് നേടിയ യുഎഇ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ ആര്യവീർ സെവാഗിന്‍റെ സെഞ്ചുറിയുടെ മികവിൽ ഇന്ത്യ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 309 റൺസെടുത്തു.
ക്യാപ്റ്റൻ ലക്ഷ്യ റായ്ചന്ദാനി (17) പുറത്തായ ശേഷം വി.കെ. വിനീതുമായി ചേർന്നാണ് ആര്യവീർ ഇന്ത്യക്ക് മികച്ച അടിത്തറയിട്ടത്. 168 പന്ത് നേരിട്ട ആര്യവീർ, പതിനേഴ് ഫോറും ഏഴ് സിക്സും സഹിതം 160 റൺസാണ് എടുത്തത്. 45-ാം ഓവർ വരെ ബാറ്റ് ചെയ്തു.
69 പന്ത് നേരിട്ട വിനീത് മൂന്ന് ഫോറും മൂന്ന് സിക്സും സഹിതം 67 റൺസെടുത്തു. പാക്കിസ്ഥാനെതിരേ സെഞ്ചുറി നേടിയ അർജുൻ രജ്‌പുത്തിന് ഇത്തവണ നാല് റൺസെടുക്കാനേ സാധിച്ചുള്ളൂ. യുഎഇക്കു വേണ്ടി നസീം ഖാൻ 48 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.