പാക്കിസ്ഥാൻ വനിതാ ക്രിക്കറ്റ് താരങ്ങൾ, വഹാബ് റിയാസ്
ന‍്യൂഡൽഹി: ഇന്ത‍്യൻ വനിതകൾക്കെതിരായ ഏഷ‍്യ കപ്പ് മത്സരത്തിൽ 55 റൺസിന് ഓൾഔട്ടായി പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ പാക്കിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീം കോച്ച് വഹാബ് റിയാസ് നടത്തിയ പരാമർശത്തിനെതിരേ സോഷ‍്യൽ മീഡിയയിൽ ട്രോൾ മഴ.
ഇന്ത‍്യയുമായി പരാജയപ്പെട്ടതിനു പിന്നാലെ കപ്പ് ഉയർത്താൻ പറ്റിയ ഏഷ‍്യകപ്പിലെ മികച്ച ടീമാണ് പാക്കിസ്ഥാനെന്നും സാഹചര‍്യങ്ങൾ തങ്ങൾക്ക് അനുകൂലമാണെന്നുമായിരുന്നു വഹാബിന്‍റെ പരാമർശം.
ഇന്ത‍്യയ്ക്കെതിരേ എന്ത് തെറ്റാണ് പറ്റിയതെന്ന് തങ്ങൾ ചർച്ച ചെയ്യുമെന്നും അതേ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്നും വഹാബ് മാധ‍്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഇന്ത‍്യൻ ആരാധകർ വിമർശനവുമായി രംഗത്തെത്തുകയായിരുന്നു. ഇവർ എന്ത് സാധനമാണ് വലിക്കുന്നതെന്നും പാക്കിസ്ഥാൻ 55 റൺസിന് പുറത്തായെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഇന്ത‍്യൻ ആരാധകർ രംഗത്തെത്തിയത്.
അതേസമയം, വഹാബ് റിയാസിന്‍റെ പരാമർശം മാത്രമല്ല വിമർശനത്തിന് ഇടയാക്കിയത്. ഷെഫാലി വർമയെ പുറത്താക്കികൊണ്ട് ഫാത്തിമ സന നടത്തിയ വിക്കറ്റ് ആഘോഷവും ഇത്തരത്തിൽ വിമർശനത്തിന് വിധേയമായിരുന്നു. മത്സരത്തിന്‍റെ രണ്ടാം ഓവറിലെ മൂന്നാം പന്തിൽ ഷെഫാലി വർമയെ പുറത്താക്കികൊണ്ട് പ്രത‍്യേക രീതിയിൽ പുറത്തേക്കുള്ള വഴി കാണിച്ചുകൊണ്ടായിരുന്നു ഫാത്തിമ സനയുടെ വിക്കറ്റ് ആഘോഷം.
എന്നാൽ ഇതിന്‍റെ വിഡിയോ ദൃശ‍്യങ്ങൾ സോഷ‍്യൽ മീഡിയയിൽ പ്രചരിച്ചതോടെ 55 റൺസിന് പുറത്തായിട്ടും ഇത്തരത്തിൽ എങ്ങനെയാണ് വിക്കറ്റ് ആഘോഷം നടത്താൻ സാധിക്കുന്നതെന്ന് പലരും ചോദിക്കുകയായിരുന്നു.
2022നു ശേഷം പാക്കിസ്ഥാന് ഇതുവരെ ഇന്ത‍്യയോട് ജയിക്കാനായിട്ടില്ല. ദീപ്തി ശർമ, ശ്രീ ചരണി, പ്രേമ റാവത്ത് എന്നിവർ നയിച്ച സ്പിൻ നിരയ്ക്ക് മുന്നിൽ പതറിയ പാക്കിസ്ഥാൻ ടീമിനെയായിരുന്നു കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കാണാനായത്. ശ്രീ ചരണി, പ്രേമ റാവത് എന്നിവർ മൂന്നു വിക്കറ്റും ദീപ്തി ശർമ രണ്ടും ഷെഫാലി വർമ ഒരു വിക്കറ്റും വീഴ്ത്തി. പാക്കിസ്ഥാൻ ഉയർത്തിയ 56 റൺസ് വിജയലക്ഷ‍്യം 8.4 ഓവറിൽ 7 വിക്കറ്റ് ശേഷിക്കെ ഇന്ത‍്യ മറികടന്നു.