ഇന്ത്യ-ഉറുഗ്വെ മാച്ച് നേരിട്ട് കാണാം; ടിക്കറ്റിന് വെറും 199 രൂപ

 
Sports

ഇന്ത്യ-ഉറുഗ്വെ മാച്ച് നേരിട്ട് കാണാം; ടിക്കറ്റിന് വെറും 199 രൂപ

മത്സരം കാണാനായി കൂടുതൽ പേരെ എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് സംഘാടകർ.

നീതു ചന്ദ്രൻ

കോൽക്കത്ത: ഇന്ത്യ- ഉറുഗ്വെ ഫുട്ബോൾ മാച്ച് ടിക്കറ്റിന്‍റെ വില വെട്ടിക്കുറച്ച് സംഘാടകർ. 1900 രൂപയ്ക്ക് വിറ്റിരുന്ന ടിക്കറ്റ് ഇപ്പോൾ വെറും 199 രൂപയ്ക്കാണ് വിൽക്കുന്നത്. ഒക്റ്റോബർ 6ന് കോൽക്കത്തയിൽ വച്ചാണ് ഇന്ത്യ -ഉറുഗ്വേ സൗഹൃദ മത്സരം. ഞായറാഴ്ച രാവിലെയാണ് ഫൂട്ബോൾ ഫെഡറേഷൻ പുതിയ ടിക്കറ്റ് വില പ്രഖ്യാപിച്ചത്. മത്സരം കാണാനായി കൂടുതൽ പേരെ എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് സംഘാടകർ.

ഇന്ത്യയും ബ്രസീലും തമ്മിൽ മത്സരിച്ച ഒക്റ്റോബർ 3ന് ഏറെക്കുറേ ഒഴിഞ്ഞ ഗ്യാലറിയാണ് ഉണ്ടായിരുന്നത്. 85000 പേരെ ഉൾക്കൊള്ളിക്കാവുന്ന സ്റ്റേഡിയൽ വെറും 51000 പേർ മാത്രമാണ് ബ്രസീലുമായുള്ള കളി കാണാനായി എത്തിയിരുന്നത്.

വിനീഷ്യസ് ജൂനിയർ ഉൾപ്പെടെയുള്ള താരങ്ങൾ ഉണ്ടായിട്ടും കാണികൾ കുറഞ്ഞതിനു കാരണം ഉയർന്ന ടിക്കറ്റ് നിരക്കാണെന്ന ആരോപണം ശക്തമായിരുന്നു. ഇതേ തുടർന്നാണ് രണ്ടു തവണ ഫിഫ കപ്പ് നേടിയിട്ടുള്ള ഉറുഗ്വേയുമായുള്ള മത്സരം കൂടുതൽ ജനകീയമാക്കാനുള്ള നീക്കം ഫെഡറേഷൻ നടത്തുന്നത്.