സെഞ്ചുറി നേടിയ അമീർ ജാംഗൂ
സിൽഹെറ്റ്: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഭേദപ്പെട്ട നിലയിൽ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 216 റൺസെന്ന നിലയിലാണ് വിൻഡീസ്.
മധ്യനിര ബാറ്റർമാരായ കെവിൻ വിക്ഹാം (61), അമീർ ജാംഗൂ (102 നോട്ടൗട്ട്) എന്നിവരുടെ മികച്ച പ്രകടനത്തിന്റെ മികവിലാണ് വെസ്റ്റ് ഇൻഡീസ് തരക്കേടില്ലാത്ത സ്കോർ ഉയർത്തിയത്. സിൽഹെറ്റ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിൻഡീസിന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ടീം സ്കോർ 13ൽ നിൽക്കെ ഓപ്പണിങ് ബാറ്റർ ബ്രാണ്ടൻ കിങ് (9) പുറത്തായി.
ടാസ്കിൻ അഹമദ് എറിഞ്ഞ പന്തിൽ ക്ലീൻ ബൗൾഡാകുകയായിരുന്നു. തൊട്ടടുത്തു തന്നെ ഹസൻ മഹ്മൂദ് ഇൻസ്വിങ്ങറിലൂടെ കാവെം ഹോഡ്ജിന്റെ (1) കുറ്റി തെറിപ്പിച്ചതോടെ ടീം പ്രതിരോധത്തിലായി. ഓപ്പണിങ് ബാറ്റർ ജോഷ്വാ സിൽവയും (12) കാര്യമായ പ്രകടനം പുറത്തെടുക്കാതെ കളം വിട്ടതോടെ 3 വിക്കറ്റ് നഷ്ടത്തിൽ 27 റൺസെന്ന നിലയിലേക്ക് കൂപ്പുകുത്തി വിൻഡീസ്.
എന്നാൽ നാലാം വിക്കറ്റിൽ കെവിൻ വിക്ഹാമും അമീർ ജാംഗൂവും ചേർന്ന് 100 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ സ്കോർ 130 കടന്നു. ഒടുവിൽ ഹസൻ മഹ്മൂദിന് പിടികൊടുത്ത് കെവിൻ മടങ്ങിയെങ്കിലും അഞ്ചാം വിക്കറ്റിൽ അമീർ ജസ്റ്റിൻ ഗ്രീവ്സിനൊപ്പം 50 റൺസ് സഖ്യമുണ്ടാക്കി. ഇതോടെയാണ് ടീം 216 റൺസിലെത്തിയത്. വെളിച്ചക്കുറവ് മൂലം നിലവിൽ മത്സരം നിർത്തിവച്ചിരിക്കുകയാണ്. ആദ്യ ദിനത്തിൽ 65 ഓവർ വിൻഡീസ് ബാറ്റ് ചെയ്തു.