മത്സരത്തിൽ നിന്നും
സിൽഹെറ്റ്: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലെ ഒന്നാം ഇന്നിങ്സിൽ വെസ്റ്റ് ഇൻഡീസ് 356ന് പുറത്ത്. 212 പന്തുകൾ നേരിട്ട് 13 ബൗണ്ടറികളും രണ്ട് സിക്സും അടക്കം 133 റൺസടിച്ച അമീർ ജാംഗൂവാണ് ടീമിന്റെ ടോപ്സ്കോറർ. അമീറിനു പുറമെ കെവിൻ വിക്ഹാം (61), ജസ്റ്റിൻ ഗ്രീവ്സ് (51) എന്നിവർ അർധസെഞ്ചുറികൾ നേടി.
ബംഗ്ലാദേശിനു വേണ്ടി പേസർ ഹസൻ മഹ്മൂദ് 6 വിക്കറ്റ് വീഴ്ത്തിയപ്പോൾ മഹ്ദി ഹസൻ മിറാസും ടാസ്കിൻ അഹ്മദും രണ്ട് വിക്കറ്റ് വീഴ്ത്തി. നാലുവിക്കറ്റ് നഷ്ടത്തിൽ 235 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച വിൻഡീസിന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്.
ടീം സ്കോർ 264ൽ നിൽക്കെ അമീർ ജാംഗൂവിനെ പുറത്താക്കികൊണ്ട് ഹസൻ മഹ്മൂദ് കൂട്ടുകെട്ട് പൊളിച്ചു. തൊട്ടടുത്ത പന്തിൽ തന്നെ ക്യാപ്റ്റൻ റോസ്റ്റന്‍ ചേസും പുറത്തായത് ടീമിന് തിരിച്ചടിയായി. പിന്നീട് വന്നവർക്ക് ആർക്കും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെയാണ് ടീം 356 റൺസിലൊതുങ്ങിയത്.
ജോഷ്വാ ബിഷപ്പ് 23 റൺസും ജോമൽ വാരിക്കൻ 27 റൺസും നേടി ഭേദപ്പെട്ട സംഭാവനകൾ നൽകിയപ്പോൾ ഷമാർ ജോസഫ് 16 റൺസും ജെയ്ഡൻ സീൽസ് 15 റൺസും നേടി മടങ്ങി. ഓപ്പണിങ് ബാറ്റർമാരായ ബ്രാണ്ടൻ കിങ് (9), ജോഷ്വാ ദാ സിൽവ (12), കാവെം ഹോഡ്ജ് (1), കെവിൻ വിക്ഹാം (61) എന്നിവരുടെ വിക്കറ്റുകൾ ആദ്യ ദിനം തന്നെ നഷ്ടമായിരുന്നു.