ന്യൂസിലൻഡ് എ ടീമിന്‍റെ ആദ്യ മൂന്ന് വിക്കറ്റ് വീഴ്ത്തിയ പേസ് ബൗളർ അക്വിബ് നബിയാണ് ഇന്ത്യ എ ടീമിന് വ്യക്തമായ ആധിപത്യം നേടിക്കൊടുത്തത്.

 
Sports

മഴ വില്ലനായി; ഇന്ത്യ എ ടീമിന് സമനില മാത്രം

ചതുർദിന മത്സരത്തിന്‍റെ നാലാം ദിവസം ന്യൂസിലൻഡ് എ ടീമിന് 187 റൺസ് എടുക്കുന്നതിനിടെ 9 വിക്കറ്റ് നഷ്ടമായാരിക്കെ മഴ കാരണം കളി അവസാനിപ്പിക്കേണ്ടി വന്നു.

Sports Desk

ലിങ്കൺ: ന്യൂസിലൻഡ് എ ടീമിനെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ എ ടീമിന്‍റെ അതിശക്തമായ തിരിച്ചുവരവ്. ആദ്യ ഇന്നിങ്സിൽ 118 റൺസിന് ഓൾഔട്ടാകുകയും 204 റൺസ് ലീഡ് വഴങ്ങുകയും ചെയ്ത സന്ദർശകർ ജയത്തിന് തൊട്ടടുത്തെത്തി. എന്നാൽ, മഴ ആതിഥേയരെ തുണച്ചപ്പോൾ കളി സമനിലയിൽ അവസാനിപ്പിക്കേണ്ടി വന്നു. ആ സമയം ന്യൂസിലൻഡ് വിജയലക്ഷ്യത്തിൽ നിന്ന് 125 റൺസ് അകലെയായിരുന്നു.

രണ്ടാം ഇന്നിങ്സിൽ 516 റൺസെടുത്ത ഇന്ത്യ ന്യൂസിലൻഡിനു മുന്നിൽ 313 റൺസ് വിജയലക്ഷ്യമാണ് ഉയർത്തിയത്. കർണാടകയുടെ മലയാളി താരം ദേവദത്ത് പടിക്കൽ നേടിയ 199 റൺസാണ് ഇന്ത്യൻ ഇന്നിങ്സിനു കരുത്തായത്. 248 പന്ത് മാത്രമാണ് ദേവദത്ത് നേരിട്ടത്. 184 പന്തിൽ 91 റൺസെടുത്ത സായ് സുദർശൻ ഉറച്ച പിന്തുണ നൽകി. ഇരുവരും ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിലും അംഗങ്ങളാണ്.

അതേസമയം, സീനിയർ ടീം ഓപ്പണർമാരായ യശസ്വി ജയ്സ്വാളും (17, 5) കെ.എൽ. രാഹുലും (0, 4) രണ്ട് ഇന്നിങ്സിലും നിരാശപ്പെടുത്തി.

വിദർഭയുടെ മധ്യനിര ബാറ്റർ യഷ് റാത്തോഡാണ് മത്സരത്തിൽ ശ്രദ്ധിക്കപ്പെട്ട യുവതാരം. ആദ്യ ഇന്നിങ്സിലെ ബാറ്റിങ് തകർച്ചയ്ക്കിടയിലും 44 റൺസെടുത്ത് പുറത്താകാതെ നിന്ന യഷ്, രണ്ടാം ഇന്നിങ്സിൽ 66 റൺസും നേടി. തൊണ്ണൂറിനടുത്താണ് സ്ട്രൈക്ക് റേറ്റ്.

ദേവദത്ത് പടിക്കൽ.

അവസാന ദിവസം ന്യൂസിലൻഡ് എ ടീമിന്‍റെ ആദ്യ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ അക്വിബ് നബിയാണ് ഇന്ത്യൻ ടീമിന് വ്യക്തമായ മേൽക്കൈ നേടിക്കൊടുത്തത്. ദേവദത്ത് പടിക്കൽ രണ്ട് വിക്കറ്റ് നേടിയപ്പോൾ, അൻഷുൽ കാംഭോജ്, ആകാശ് ദീപ്, മുകേഷ് ചൗധരി, വാഷിങ്ടൺ സുന്ദർ എന്നിവർക്ക് ഓരോ വിക്കറ്റ്.