യുസ്വേന്ദ്ര ചഹൽ, ധനശ്രീ വർമ
ന്യൂഡൽഹി: വിവാഹബന്ധം തകർന്നത് തന്റെ മാനസികാവസ്ഥയെ സാരമായി ബാധിച്ചെന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ താരം യുസ്വേന്ദ്ര ചഹൽ. ആകാശ് ചോപ്രയ്ക്കൊപ്പമുള്ള പോഡ്കാസ്റ്റിലാണ് 36കാരനായ താരത്തിന്റെ വെളിപ്പെടുത്തൽ. പിന്നീട് മദ്യപാനത്തിന് അടിമയായി മാറിയെന്നും ഉത്കണ്ഠയും പാനിക് അറ്റാക്കുകളും ഉണ്ടായെന്നും താരം കൂട്ടിച്ചേർത്തു.
ഐപിഎല്ലിന്റെ ആദ്യകാലങ്ങളിലാണ് താൻ മദ്യപാനം ആരംഭിച്ചതെന്നും എന്നാൽ വിവാഹമോചനത്തിനു ശേഷം അത് നിയന്ത്രിക്കാൻ പ്രയാസമായിരുന്നുവെന്നും പിന്നീട് റീഹാബ് സെന്ററിൽ 26 ദിവസം ചെലവഴിച്ചത് ജീവിതത്തിൽ നിയന്ത്രണം വീണ്ടെടുക്കാൻ സഹായിച്ചെന്നും താരം തുറന്നുപറഞ്ഞു.
മദ്യപാനത്തെ എങ്ങനെ കൈകാര്യം ചെയ്യണം, കാര്യങ്ങൾ എങ്ങനെയാണ് പ്രവൃത്തിക്കുന്നത് എന്നതിനെ പറ്റി എനിക്കിപ്പോൾ ധാരണയുണ്ട്. അത് എന്നെ സംബന്ധിച്ചിടത്തോളം വലിയ മാറ്റമുണ്ടാക്കി. എന്റെ വ്യക്തി ജീവിതത്തിൽ പോലും കാര്യങ്ങളെ കൂടുതൽ പക്വതയോടെ മനസിലാക്കാൻ എനിക്ക് സാധിച്ചു. എനിക്കിപ്പോൾ കാര്യങ്ങൾ നന്നായി കൈകാര്യം ചെയ്യാൻ കഴിയുന്നുണ്ട്. ചഹൽ പറഞ്ഞു.
2020 ഡിസംബറിലാണ് ചഹൽ ധനശ്രീ വർമയെ വിവാഹം കഴിച്ചത്. 2022 ജൂണിൽ ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉണ്ടാകുകയും മാറി താമസിക്കുകയും ചെയ്തു. തുടർന്ന് 2025 മാർച്ചിൽ മുംബൈയിലെ ബാന്ദ്ര കുടുംബ കോടതി ഇരുവർക്കും പരസ്പര സമ്മതത്തോടെ വിവാഹമോചനം അനുവദിച്ചു.
മദ്യപാനം ഉപേക്ഷിച്ചതോടെ ശാരീരികക്ഷമത വീണ്ടെടുക്കാനും പരിശീലനത്തിൽ കൂടുതൽ സ്ഥിരതയോടെ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിച്ചതായി താരം പറഞ്ഞു. മദ്യപാനശീലം തന്റെ കരിയറിനെ സാരമായി ബാധിച്ചില്ലെങ്കിലും വ്യക്തിജീവിതത്തെ ബാധിച്ചെന്ന് ചഹൽ തുറന്നുസമ്മതിച്ചു. ജീവിതത്തിൽ ബാലൻസ് വേണമെന്ന് ഇതിഹാസ താരം എബി ഡി വില്ലിയേഴ്സ് നൽകിയ ഉപദേശവും താരം ഓർത്തെടുത്തു.
2023 ഏകദിന ലോകകപ്പ് ടീമിൽ നിന്നും തന്നെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നും ചഹൽ വെളിപ്പെടുത്തി. 2023ൽ താൻ കൗണ്ടി ക്രിക്കറ്റ് കളിക്കാൻ പോയപ്പോൾ എട്ടാം സ്ഥാനം വരെ ബാറ്റ് ചെയ്യുന്നവരെയാണ് നിലവിൽ ടീമിലേക്ക് നോക്കുന്നതെന്നും അതുമായി തങ്ങൾ മുന്നോട്ടു പോകുകയാണെന്നും കൂടാതെ ഒരു പേസറെയും ടീമിലേക്ക് നോക്കുന്നുണ്ടെന്നും അന്ന് ടീമിന്റെ ക്യാപ്റ്റനായിരുന്ന രോഹിത് ശർമ തന്നോട് പറഞ്ഞതായി ചഹൽ പറഞ്ഞു. 2023 ലോകകപ്പിന് ശേഷം താൻ സെലക്ഷനെ പറ്റി ചിന്തിക്കുന്നത് നിർത്തിയെന്നും ചഹൽ വ്യക്തമാക്കി.
2024 ഐപിഎൽ സീസണിൽ 18 വിക്കറ്റുകൾ വീഴ്ത്തി ചഹൽ മികച്ച പ്രകടനം പുറത്തെടുത്ത് രോഹിത് ശർമ അടക്കമുള്ള താരങ്ങളെ അമ്പരിപ്പിച്ചു. ഇതോടെ ചഹൽ ഇന്ത്യൻ ടീമിൽ വേണമെന്ന് രോഹിത് ശർമ തന്നോട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു. എന്നാൽ സെലക്റ്റർമാർ താരത്തിന് അവസരം നൽകിയില്ല. 2023 ഓഗസ്റ്റിന് ശേഷം ചഹൽ ഇന്ത്യയ്ക്കു വേണ്ടി കളിച്ചിട്ടില്ല. 2024 ടി20 ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നുവെങ്കിലും പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ചില്ല.