ഇന്ത്യൻ ഭൂപടത്തിലും അതിർത്തിയിൽ നിന്ന് ഏകദേശം 1,500 കിലോമീറ്റർ ചുറ്റളവിലും കൃത്യമായ സ്ഥാനനിർണയവും സമയവിവരങ്ങളും നൽകാൻ സാധിക്കും.
Government of India
ശ്രീഹരിക്കോട്ട: കഴിഞ്ഞമാസം 30ന് ജിഎസ്എൽവി എഫ് 18 റോക്കറ്റിൽ വിക്ഷേപിച്ച 'എൻവിഎസ്-03' ഉപഗ്രഹത്തിന്റെ മൂന്നാമത്തേതും അവസാനത്തേതുമായ ഭ്രമണപഥം ഉയർത്തൽ പ്രക്രിയയും ഇസ്രൊ വിജയകരമായി പൂർത്തിയാക്കി. ഉപഗ്രഹം ഇതോടെ മുൻ നിശ്ചയിച്ച പ്രകാരമുള്ള 35,842.6 X 34,594.9 കിലോമീറ്റർ ഭ്രമണപഥത്തിലെത്തി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്നു വിക്ഷേപിച്ച ഉപഗ്രഹത്തെ ആദ്യം താത്കാലിക ഭ്രമണപഥത്തിലാണെത്തിച്ചത്. തുടർന്ന് വിവിധ ഘട്ടങ്ങളിലായി ഭൂസ്ഥിര ഭ്രമണപഥത്തിലേക്കു മാറ്റി. ഇതോടെ, ഇന്ത്യയുടെ സ്വന്തം ഉപഗ്രഹാധിഷ്ഠിത ഗതിനിർണയ സംവിധാനമായ 'നാവിക്' കാര്യക്ഷമമാകും.
യുഎസിന്റെ ജിപിഎസിനു ബദലായി ഇന്ത്യ വികസിപ്പിച്ചെടുത്ത സംവിധാനമാണ് 'നാവിക്'. ഇന്ത്യൻ ഭൂപടത്തിലും അതിർത്തിയിൽ നിന്ന് ഏകദേശം 1,500 കിലോമീറ്റർ ചുറ്റളവിലും കൃത്യമായ സ്ഥാനനിർണയവും സമയവിവരങ്ങളും നൽകാൻ ഇതിന് സാധിക്കും. സ്മാർട്ട്ഫോണുകൾ, വാഹനങ്ങൾ, കപ്പലുകൾ, ട്രെയ്നുകൾ തുടങ്ങിയവയിലെ നാവിഗേഷൻ സേവനങ്ങൾക്കായി ഇത് ഉപയോഗിക്കുന്നു.
നേരത്തെ വിക്ഷേപിച്ച ചില ഉപഗ്രഹങ്ങളിലെ ആറ്റോമിക് ക്ലോക്കുകളുടെ തകരാറുകളും തൊട്ടുമുമ്പ് വിക്ഷേപിച്ച എൻവിഎസ്-02 ഉപഗ്രഹത്തിന് പ്രൊപ്പൽഷൻ തകരാർ മൂലം നിർദിഷ്ട ഭ്രമണപഥത്തിൽ എത്താൻ സാധിക്കാതെ വന്നതും നാവിക്കിന്റെ പ്രവർത്തനക്ഷമതയെ ബാധിച്ചിരുന്നു. സ്വന്തമായി ഗതിനിർണയം സാധ്യമാക്കാൻ പ്രവർത്തനക്ഷമമായ നാല് ഉപഗ്രഹങ്ങളെങ്കിലും ആവശ്യമാണ്. എൻവിഎസ്-03 ഭ്രമണപഥത്തിലെത്തിയതോടെ ഈ കുറവ് പരിഹരിക്കപ്പെടും.
വിദേശ ഉപഗ്രഹ ശൃംഖലകളെ ആശ്രയിക്കാതെ രാജ്യത്തിന് സ്വന്തമായി നാവിഗേഷൻ, സമയനിർണയ സേവനങ്ങൾ ഉറപ്പാക്കാൻ നാവിക് സംവിധാനത്തിലൂടെ സാധിക്കും. ദൈനംദിന ഗതാഗതത്തിന് പുറമെ ദുരന്ത നിവാരണം, കടൽമാർഗമുള്ള ഗതാഗതം, അടിസ്ഥാന സൗകര്യ വികസനം, പ്രതിരോധ മേഖല എന്നിവയ്ക്ക് ഇത് ഏറെ നിർണയകമാണ്.
12 വർഷത്തെ പ്രവർത്തന ആയുസോടെയാണ് എൻവിഎസ്-03ന്റെ രൂപകൽപ്പന. ഭ്രമണപഥത്തിലെത്തിയെങ്കിലും വിവിധ പരിശോധനകൾക്കും ക്രമീകരണങ്ങൾക്കും ശേഷമേ സേവനങ്ങൾ പൂർണതോതിൽ ലഭ്യമായി തുടങ്ങൂ.