കപ്പലിന്‍റെ അടിത്തട്ടിത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന ജീവികൾ.

 

Representative image

Tech

ഹോർമുസ് പ്രതിസന്ധി: കൊച്ചിയെ തേടി അപ്രതീക്ഷിത ഭീഷണി

ബയോഫൗളിങ് പ്രതിഭാസം കാരണം കൊച്ചി അടക്കമുള്ള ദക്ഷിണേന്ത്യൻ തുറമുഖങ്ങളിലേക്ക് അപകടകാരികളായ അധിനിവേശ ജീവികൾ എത്താൻ സാധ്യത.

Kochi Bureau

ജിബി സദാശിവൻ

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര തന്ത്രപ്രധാന പാതയായ ഹോർമുസ് കടലിടുക്കിൽ മാസങ്ങളോളം സർവീസ് നടത്താനാവാതെ കുടുങ്ങിക്കിടന്ന ഭീമൻ ചരക്കുകപ്പലുകൾ യാത്ര പുനരാരംഭിക്കുമ്പോൾ, കേരള തീരത്തിനും കൊച്ചി തുറമുഖത്തിനും വലിയ പാരിസ്ഥിതികവും സാമ്പത്തികവുമായ സുരക്ഷാ ഭീഷണി ഉയരുന്നതായി സമുദ്ര ശാസ്ത്രജ്ഞർ. പേർഷ്യൻ ഉൾക്കടലിലെ ഉയർന്ന ഊഷ്മാവുള്ള സമുദ്രജലത്തിൽ 1,500-ലധികം കപ്പലുകൾ മാസങ്ങളോളം ചലനമറ്റ നിലയിൽ കിടന്നതോടെ അവയുടെ അടിത്തട്ടുകളിൽ അപൂർവവും അപകടകാരികളുമായ വിദേശ സമുദ്രജീവികളും പായലുകളും അമിതമായി പെരുകിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ശാസ്ത്രലോകം 'ബയോഫൗളിംഗ്' എന്ന് വിളിക്കുന്ന ഈ പ്രതിഭാസം വഴി കപ്പലുകൾക്കൊപ്പം സഞ്ചരിക്കുന്ന വിദേശ അധിനിവേശ ജീവികൾ കൊച്ചി അടക്കമുള്ള ദക്ഷിണേഷ്യൻ തുറമുഖങ്ങളിലേക്ക് വ്യാപിക്കാൻ സാധ്യതയേറെയാണെന്ന് അന്താരാഷ്ട്ര പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു.

സാധാരണയായി ചരക്കുകപ്പലുകൾ തുറമുഖങ്ങളിലോ കടലിലോ ചുരുങ്ങിയ ദിവസങ്ങൾ മാത്രമേ നങ്കൂരമിടാറുള്ളൂ. എന്നാൽ മാസങ്ങളോളം ഒരേ സ്ഥലത്ത് കിടന്നതോടെ കപ്പലിന്‍റെ പെയിന്‍റിലുള്ള സംരക്ഷണ കവചങ്ങൾ നശിക്കുകയും, കടലിലെ ബാക്ടീരിയകളും പായലുകളും ചേർന്ന് അടിത്തട്ടിൽ ഒരു സൂക്ഷ്മ ആവരണമുണ്ടാക്കുകയും ചെയ്യും. തുടർന്ന് കടൽച്ചെടികൾ, ചിപ്പികൾ, ബാർനക്കിളുകൾ, കടൽ ഞണ്ടുകൾ, വിഷാംശമുള്ള സമുദ്ര ജീവികൾ എന്നിവ ഈ കപ്പലുകളെ ആവാസകേന്ദ്രമാക്കി വളരാൻ സാധ്യതയേറെയാണ്. ഗൾഫ് മേഖലയിൽ നിന്ന് കൊച്ചിയിലേക്ക് ദിവസേന എത്തുന്ന എണ്ണക്കപ്പലുകളും ചരക്കുകപ്പലുകളും വഴി ഈ അധിനിവേശ ജീവികൾ വൻതോതിൽ അറബിക്കടലിലേക്കും കൊച്ചി കായൽ നിരയിലേക്കും എത്തിയേക്കാം.

കേരളത്തിന്‍റെ പരമ്പരാഗത മത്സ്യബന്ധന മേഖലയ്ക്കും സമുദ്ര ആവാസവ്യവസ്ഥയ്ക്കും ഇത് ഗുരുതര ഭീഷണിയാണ് ഉയർത്തുന്നത്. പ്രദേശികമായി കാണപ്പെടുന്ന നെത്തോലി, മത്തി, അയല തുടങ്ങിയ പ്രാദേശിക മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയും മുട്ടയിടൽ കേന്ദ്രങ്ങളും കൈയടക്കാൻ ഇത്തരം അധിനിവേശ ജീവികൾക്ക് എളുപ്പം കഴിയും. കൂടാതെ, കൊച്ചിയിലെയും സമീപ പ്രദേശങ്ങളിലെയും കായലുകളിലെ ചെമ്മീൻ, ഞണ്ട് കൃഷികളെയും കക്ക വാരലിനെയും ഇവ സാരമായി ബാധിച്ചേക്കാം.

ചില അധിനിവേശ ജീവികൾ മാരകമായ രോഗകാരികളായ സൂക്ഷ്മാണുക്കളെയും പരാന്നഭോജികളെയും വഹിക്കുന്നതിനാൽ പ്രാദേശിക മത്സ്യ സമ്പത്ത് കൂട്ടത്തോടെ നശിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. വളരെ വേഗത്തിൽ പടരുന്ന ഇത്തരം ജീവികളെ ഒരിക്കൽ കടലിൽ നിന്നു ഒഴിവാക്കുക എന്നത് അപ്രായോഗികമാണ്. അതിനാൽ മുൻകരുതൽ നടപടിയായി ഹോർമുസ് വഴി കൊച്ചിയിലെത്തുന്ന കപ്പലുകൾക്ക് തുറമുഖത്ത് അടുക്കുന്നതിന് മുൻപ് കർശന പരിശോധന ഏർപ്പെടുത്തണമെന്ന് സമുദ്ര പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെടുന്നു.

കപ്പലുകളുടെ അടിത്തട്ട് വെള്ളത്തിനടിയിൽ വെച്ച് തന്നെ ശുചീകരിക്കുന്ന 'ഇൻ-വാട്ടർ ക്ലീനിംഗ്' സമ്പ്രദായം ഉറപ്പാക്കുകയും, ആവശ്യമെങ്കിൽ അടിയന്തര ബയോ-സെക്യൂരിറ്റി പ്രോട്ടോക്കോൾ നടപ്പിലാക്കുകയും വേണമെന്നാണ് വിദഗ്ധരുടെ നിർദേശം.

ഇസ്ലാമിക് സഖ്യരാജ്യങ്ങളുടെ കശ്മീർ പ്രസ്താവന തള്ളി ഇന്ത്യ

യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കു വ്യാപിപ്പിക്കുമെന്ന ഭീഷണിയുമായി ഇറാൻ

ഛത്തിസ്ഗഡിലെ പള്ളികളിൽ അക്രൈസ്തവർക്ക് നിരോധനം

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനത്തിന്‍റെ സ്പോൺസറെ കണ്ടെത്തി

55 പവന്‍റെ സ്വർണ കിരീടം സേഫാണ്, സ്ട്രോങ് റൂമിലുണ്ടെന്ന് കെ. ജയകുമാർ