ഐറിസ് ഷെൻ
ടെക്സാസ്: 17 വയസിൽ റീജെനറോൺ സയൻസ് ടാലന്‍റ് സെർച്ച് നൽകുന്ന 1,50,000 ഡോളറിന്‍റെ ( 1,42,81,755 രൂപ) സമ്മാനം സ്വന്തമാക്കി ഐറിസ് ഷെൻ. സയൻസ് ടാലന്‍റ് സെർച്ചിൽ മൂന്നാം സ്ഥാനമാണ് ഐറിന് ലഭിച്ചിരിക്കുന്നത്. രക്താർബുദം ചികിത്സിക്കുന്നതിനായുള്ള മരുന്നുമായി ബന്ധപ്പെട്ട ഗവേഷണമാണ് ഐറിസിനെ സമ്മാനാർഹയാക്കിയത്. അർബുദം ചികിത്സിച്ചു മാറ്റുന്നതിനുള്ള ഒരു മരുന്ന് ഐറിസ് കക്കകളിൽ കുത്തി വച്ചു. മനുഷ്യ കോശങ്ങളോട് സമാനമായ കോശങ്ങളിലാണ് പരീക്ഷണം നടത്തിയത്. കക്കകളിൽ പ്രതീക്ഷാ ജനകമായ ഫലം കണ്ടെത്തിയെന്നും സൊസൈറ്റി ഫോർ സയൻസ് ആൻഡ് റീജെനറോൺ പറയുന്നു.
അതേ സമയം മറ്റൊരു മരുന്നിന്‍റെ കൂട്ട് കുത്തി വച്ച കക്കയിൽ ട്യൂമർ വളർന്നതായും കണ്ടെത്തി. മറൈൻ ബയോളജി, കാൻസർ ബയോളജി, ഡ്രഗ് ടെസ്റ്റിങ് എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ഗവേഷണമാണ് ഐറിസ് നടത്തിയത്. ഇത് ഗവേഷകർക്ക് കൂടുതൽ സാധ്യതകൾ നൽകുന്നുണ്ട്. പ്രതീക്ഷാ ജനകമായ ഫലം ലഭിച്ചുവെന്നതു കൊണ്ടു മാത്രമല്ല വൈദ്യശാസ്ത്രരംഗം നേരിടുന്ന വലിയ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ അപ്രതീക്ഷിതമായ ഒരു ജീവജാലത്തിന്‍റെ സഹായം തേടാം എന്നതു കൂടിയാണ് സമ്മാനത്തിന് അർഹയാക്കിയതെന്ന് ജൂറി പറയുന്നു.
രക്തകോശങ്ങളെ ബാധിക്കുന്ന രക്താർബുദത്തിന്‍റെ മരുന്നു കണ്ടെത്തുന്നതിന് ഗവേഷകർ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. മനുഷ്യരിൽ പ്രയോഗിക്കുന്നതിനു മുൻപായി മറ്റേതെങ്കിലും ജീവജാലങ്ങളിൽ മരുന്ന് പരീക്ഷിക്കേണ്ടതായുണ്ട്. പക്ഷേ സാധാരണ ട്യൂമറുകളിൽ നിന്ന് വിഭിന്നമായതിനാൽ രക്താർബുദ മരുന്നുകളുടെ പഠനം ബുദ്ധിമുട്ടാണ്. ആ സാഹചര്യത്തിലാണ് കക്കകളിൽ അത്തരം രോഗാവസ്ഥ ഉണ്ടാകുന്നുണ്ടെന്നും അതു പരീക്ഷണത്തെ സഹായിക്കുമെന്നും ഐറിസ് കണ്ടെത്തിയത്.