ലാബിൽ വികസിപ്പിച്ചെടുത്ത കൊതുകുകളെ പുറത്തേക്ക് തുറന്നു വിടാനാണ് ഉദ്ദേശിക്കുന്നത്.

 

MV Graphics

Tech

കൊതുകിനെ കൊല്ലാനും ഗൂഗിൾ!

ആകാശത്തുനിന്ന് പെയ്തിറങ്ങുന്ന ദശലക്ഷക്കണക്കിന് കൊതുകുകൾ! ഗൂഗിൾ എന്താണ് ഈ തയാറെടുക്കുന്നത്? ലോകത്തെ ഞെട്ടിച്ച ആ രഹസ്യ പദ്ധതിയുടെ ചുരുളഴിയുന്നു!

VK SANJU

ഗൂഗിളിന്‍റെ മാതൃകമ്പനിയായ ആൽഫബെറ്റിന്‍റെ വെരിലി വിഭാഗം 'പ്രൊജക്റ്റ് ഡീബഗ്' വഴി ഈഡിസ് ഈജിപ്തി കൊതുകുകളെ ഇല്ലാതാക്കാൻ പുതിയ പരീക്ഷണം നടത്തുന്നു. ലാബിൽ വളർത്തുന്ന വോൾബാച്ചിയ ബാക്റ്റീരിയയുള്ള ആൺകൊതുകുകളെ പ്രകൃതിയിൽ വിടുമ്പോൾ, അവ പെൺകൊതുകുകളുമായി കൂട്ടുകൂടിയാലും മുട്ടകൾ വിരിയാതെ പോകുന്നു. ഇതിലൂടെ ഡെങ്കി, ചിക്കുൻഗുനിയ പോലുള്ള രോഗങ്ങളുടെ വ്യാപനം കുറയ്ക്കുകയാണ് ലക്ഷ്യം.

നിങ്ങൾ ശാന്തമായി ഉറങ്ങാൻ ശ്രമിക്കുമ്പോൾ കാതിനരികിൽ കേൾക്കുന്ന ആ മൂളൽ ശബ്ദം... ഒരുപക്ഷേ നിങ്ങളുടെ ജീവൻ തന്നെ എടുത്തേക്കാവുന്ന ഒരു കൊടും വില്ലന്‍റെ സാന്നിധ്യമാണ് ആ ഒറ്റക്കമ്പി നാദം. സാധാരണ പകർച്ചപ്പനി മുതൽ ഡെങ്കിയും ചിക്കുൻഗുനിയയും വരെ പരത്താൻ ശേഷിയുള്ള മാരകജീവികൾ. മനുഷ്യരാശിയെ കാലങ്ങളായി ഭീതിയിലാഴ്ത്തുന്ന രോഗങ്ങൾ പരത്തുന്ന 'ഈഡിസ് ഈജിപ്തി' (Aedes aegypti) കൊതുകുകൾ.

ഈ കൊതുകുകളെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാൻ ശാസ്ത്രലോകം വർഷങ്ങളായി പരീക്ഷണങ്ങളിലാണ്. എന്നാൽ, നാമെല്ലാം ഇന്‍റർനെറ്റ് തെരയാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയിലെ ആഗോള ഭീമനായ ഗൂഗിൾ (Google) ഇതിനായി രംഗത്തിറങ്ങിയിട്ടുണ്ടെന്ന് എത്രപേർക്കറിയാം? അതും കോടിക്കണക്കിന് കൊതുകുകളെ കൃത്രിമമായി വളർത്തി ആകാശത്തേക്ക് തുറന്നുവിട്ടുകൊണ്ട്! കേൾക്കുമ്പോൾ ഭയം തോന്നാം, എന്നാൽ, ഇതിനു പിന്നിൽ ലോകത്തെ രക്ഷിക്കാനുള്ള ഒരു വൻ പദ്ധതിയുണ്ട്.

ഗൂഗിളിന്‍റെ 'പ്രൊജക്റ്റ് ഡീബഗ്'

ഗൂഗിളിന്‍റെ മാതൃകമ്പനിയായ ആൽഫബെറ്റിന് കീഴിലുള്ള 'വെരിലി' (Verily) എന്ന ലൈഫ് സയൻസ് വിഭാഗമാണ് ഈ വിചിത്ര പരീക്ഷണത്തിന് പിന്നിൽ. ലക്ഷ്യം ലളിതമാണ്: രോഗം പരത്തുന്ന കൊതുകുകളെ ഇല്ലാതാക്കാൻ അതിനെക്കാൾ ശക്തരായ കൊതുകുകളെത്തന്നെ ആയുധമാക്കുക. വനങ്ങളിലോ നഗരങ്ങളിലോ ഉള്ള കൊതുകുകളെ കൊന്നൊടുക്കാൻ രാസകീടനാശിനികൾ തളിക്കുന്നതിനു പകരം, ഗൂഗിൾ സ്വന്തം ലാബുകളിൽ ദശലക്ഷക്കണക്കിന് ആൺകൊതുകുകളെ വളർത്തിയെടുക്കുന്നു. എന്നിട്ട് അവയെ ജനവാസമേഖലകളിലേക്ക് കൂട്ടത്തോടെ തുറന്നുവിടുന്നു.

ഇവിടെയാണ് ശാസ്ത്രത്തിന്‍റെ യഥാർഥ മാന്ത്രികത ഒളിഞ്ഞിരിക്കുന്നത്. ലാബിൽ വളർത്തുന്ന ഈ ആൺകൊതുകുകളിൽ 'വോൾബാച്ചിബിയ' (Wolbachia) എന്നറിയപ്പെടുന്ന ഒരു പ്രത്യേകതരം ബാക്റ്റീരിയയെ കടത്തിവിടുന്നു. ഈ ബാക്റ്റീരിയ അടങ്ങിയ ആൺകൊതുകുകൾക്ക് ഒരു പ്രത്യേകതയുണ്ട്; അവ കടിക്കുകയോ രോഗങ്ങൾ പരത്തുകയോ ഇല്ല.

ഈ ഗൂഗിൾ കൊതുകുകൾ പുറത്തിറങ്ങി പ്രകൃതിയിലുള്ള പെൺകൊതുകുകളുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ, ആ പെൺകൊതുകുകൾ ഇടുന്ന മുട്ടകൾ ഒരിക്കലും വിരിയില്ല! അതായത്, അടുത്ത ഒരു തലമുറ കൊതുകുകൾ ജനിക്കുന്നത് അവിടെ പൂർണമായും തടയുന്നു. കാലക്രമേണ ആ പ്രദേശത്തെ രോഗം പരത്തുന്ന കൊതുകുകളുടെ എണ്ണം കുത്തനെ കുറയുന്നു.

ഫലം കണ്ട അദ്ഭുത പരീക്ഷണങ്ങൾ

കേൾക്കുമ്പോൾ ഒരു സയൻസ് ഫിക്ഷൻ സിനിമ പോലെ തോന്നുമെങ്കിലും ഗൂഗിൾ ഇത് വിജയകരമായി പരീക്ഷിച്ചുകഴിഞ്ഞു. ഓസ്ട്രേലിയയിലും അമെരിക്കയിലെ കാലിഫോർണിയയിലുമാണ് പരീക്ഷണം നടത്തിയത്. ഇവിടെ ഈഡിസ് കൊതുകുകളുടെ എണ്ണത്തിൽ 95 ശതമാനത്തിലധികം കുറവ് രേഖപ്പെടുത്തി!

റോബോട്ടുകളുടെയും കൃത്രിമ ബുദ്ധിയുടെയും (AI) സഹായത്തോടെയാണ് ലാബുകളിൽ കൊതുകുകളുടെ ലിംഗനിർണയം നടത്തുന്നതും അവയ്ക്ക് ബാക്റ്റീരിയ നൽകുന്നതും. ഒരു ചെറിയ പിഴവ് സംഭവിച്ച് പെൺകൊതുകുകൾ പുറത്തുപോയാൽ പദ്ധതി പാളുമെന്നതിനാൽ അതീവ സുരക്ഷയിലാണ് ഈ ഗൂഗിൾ ലാബുകൾ പ്രവർത്തിക്കുന്നത്.

മനുഷ്യർക്ക് ഭീഷണിയാകുമോ ഈ 'സൂപ്പർ കൊതുകുകൾ'?

ലാബിൽ വളർത്തിയെടുത്ത ഇത്തരം ബാക്റ്റീരിയ കൊതുകുകൾ മനുഷ്യർക്കോ മറ്റു ജീവികൾക്കോ യാതൊരുവിധ ദോഷവും വരുത്തില്ലെന്ന് ശാസ്ത്രജ്ഞർ ഉറപ്പുനൽകുന്നു. പ്രകൃതിക്ക് ദോഷം ചെയ്യുന്ന രാസവസ്തുക്കൾക്ക് എതിരേയുള്ള ഏറ്റവും സുരക്ഷിതമായ ജൈവ ആയുധമാണിത്.

കൊതുകുജന്യ രോഗങ്ങൾ കാരണം പ്രതിവർഷം ലക്ഷക്കണക്കിന് മനുഷ്യർ മരണപ്പെടുന്ന ഈ ലോകത്ത്, ഗൂഗിളിന്‍റെ ഈ വിചിത്രമായ 'കൊതുക് പ്രളയം' മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജീവരക്ഷാ പരീക്ഷണമായി മാറുകയാണ്.

പ്രിയദർശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകൾ നൽകിയ ഹർജി തള്ളി

'കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം'; ഇഡി നടപടിയിൽ പിണറായി വിജയനെതിരേ രാജീവ് ചന്ദ്രശേഖർ

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത‍്യൻ ഗുസ്തി താരത്തിന് സസ്പെൻഷൻ

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്