കേന്ദ്ര പഞ്ചായത്തീരാജ് സഹമന്ത്രി പ്രൊഫ. എസ്.പി. സിങ് ഭാഗേൽ
പ്രൊഫ. എസ്.പി. സിങ് ഭാഗേൽ
(കേന്ദ്ര പഞ്ചായത്തീരാജ് സഹമന്ത്രി)
ചില നിമിഷങ്ങൾ ഒരു നാഴികക്കല്ല് അടയാളപ്പെടുത്തുന്നതിനപ്പുറം, ആ യാത്രയിലേക്ക് വെളിച്ചം വീശുന്നവ കൂടിയാണ്. അഭിമാനകരമായ 2026ലെ ഇ-ഗവേണൻസിനായുള്ള ദേശീയ പുരസ്കാരങ്ങൾക്കായി നാല് പഞ്ചായത്തീരാജ് പദ്ധതികൾ തിരഞ്ഞെടുക്കപ്പെട്ടത് അങ്ങനെയൊരു നിമിഷമാണ്. ഈ നേട്ടം ഏതെങ്കിലും ഒരു ഓഫീസിന്‍റേത് മാത്രമല്ല, മറിച്ച് ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ട ഒരു ഗ്രാമീണ ഇന്ത്യയിൽ വിശ്വാസമർപ്പിച്ച ഓരോ ഗ്രാമപഞ്ചായത്തിന്‍റെയും അവിടുത്തെ പൗരന്മാരുടെയും കൂടിയാണ്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഇന്ത്യയിലെ പഞ്ചായത്തുകൾ ഇന്ന് വിശ്വാസത്തിന്‍റെയും സാങ്കേതികവിദ്യയുടെയും പരിവർത്തനത്തിന്‍റെയും ഒരു പുതിയ അധ്യായം എഴുതിച്ചേർക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള മികച്ച ഭരണത്തിന്‍റെ പന്ത്രണ്ട് പരിവർത്തന വർഷങ്ങൾ നമ്മൾ അടയാളപ്പെടുത്തുമ്പോൾ, ഈ അംഗീകാരം തികച്ചും അനുയോജ്യമായ ഒരു നാഴികക്കല്ലാണ്. ഇത് പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ കേവലം പദ്ധതികൾ നടപ്പിലാക്കുന്നവ എന്നതിനപ്പുറം, ഭരണകൂടത്തിന്‍റെ മൂന്നാം ശ്രേണിയിലുള്ള ആത്മവിശ്വാസമുള്ളതും, പ്രാപ്തവും, സാങ്കേതികമായി ചടുലവുമായ സ്ഥാപനങ്ങളായി എങ്ങനെ വളർന്നു പന്തലിച്ചു എന്നതിനെയാണ് പ്രതിഫലിപ്പിക്കുന്നത്.
ഭരണപരിഷ്കാര- പൊതുപരാതി പരിഹാര വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള "നാഷണൽ അവാർഡ്‌സ് ഫോർ ഇ-ഗവേണൻസ്' സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സേവന വിതരണത്തിലെ മികവിന്‍റെ ഏറ്റവും ഉയർന്ന ദേശീയ മാനദണ്ഡത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഈ വർഷം 7 വിഭാഗങ്ങളിലായി ആദരിക്കപ്പെട്ട 17 പദ്ധതികളിൽ 4 എണ്ണം പഞ്ചായത്തീരാജ് മേഖലയിൽ നിന്നുള്ളതാണ്. താഴേത്തട്ടിലുള്ള നവീകരണങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നതിനായി 12 വർഷമായി നടത്തിയ നിക്ഷേപങ്ങളുടെ സ്വാഭാവികമായ ഫലമാണിത്.
ഗ്രാമപഞ്ചായത്തുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനായി കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം തയാറാക്കിയ മുൻനിര സംവിധാനമായ "പഞ്ചായത്ത് അഡ്വാൻസ്‌മെന്‍റ് ഇൻഡക്സ്', "ഡാറ്റാ അനലിറ്റിക്സിലൂടെയുള്ള ഡിജിറ്റൽ പരിവർത്തനത്തിനുള്ള' സുവർണ പുരസ്കാരം സ്വന്തമാക്കിയിരിക്കുന്നു. ഈ സംവിധാനം വിഭാവനം ചെയ്യുന്നതിന് മുൻപ്, രാജ്യത്തെ 2.5 ലക്ഷത്തിലധികം വരുന്ന ഗ്രാമപഞ്ചായത്തുകളുടെ പ്രവർത്തനം വിലയിരുത്താൻ ഡാറ്റാധിഷ്ഠിതമായ ഒരു മാനദണ്ഡവും നിലവിലുണ്ടായിരുന്നില്ല. എന്നാൽ ഇന്ന്, ഡാറ്റ, പ്രകടനം, അംഗീകാരം, ജനപങ്കാളിത്തം എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന സുതാര്യമായ ഒരു ഫീഡ്‌ബാക്ക് സംവിധാനം സൃഷ്ടിക്കാൻ ഇതിലൂടെ സാധിക്കുന്നുണ്ട്.
രണ്ട് ഗ്രാമപഞ്ചായത്തുകൾ നേരിട്ട് നേടിയ അവാർഡുകൾ ഇതിനോടകം തന്നെ ഏറെ ഹൃദ്യമാണ്. മഹാരാഷ്‌ട്രയിലെ സാംഗ്‌ലി ജില്ലയിലെ കാഡേപുർ ഗ്രാമപഞ്ചായത്ത് "താഴേത്തട്ടിലുള്ള സവിശേഷമായ ഇടപെടലുകൾക്ക്' സുവർണ പുരസ്കാരം സ്വന്തമാക്കി. നിർമിത ബുദ്ധിയും ബ്ലോക്ക്‌ചെയിനും ഉപയോഗിച്ച് 1,300ലധികം സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്ന ഒരു ഡിജിറ്റൽ ആവാസവ്യവസ്ഥയാണ് അവരവിടെ കെട്ടിപ്പടുത്തത്. പശ്ചിമ ത്രിപുരയിലെ ബിജോയ് നഗർ ഗ്രാമപഞ്ചായത്ത് രജത പുരസ്കാരം നേടി; അവരുടെ സ്വന്തം വരുമാനത്തിൽ ഏകദേശം 194 ശതമാനം വർധനവുണ്ടാക്കാനും അവിടുത്തെ സ്ത്രീകൾക്കിടയിൽ പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കാനും അവർക്ക് സാധിച്ചു. നന്ദുർബാർ ജില്ലാ പരിഷത്തിന്‍റെ ആരോഗ്യ വകുപ്പ് "ഇ- ആരോഗ്യ ധമനി'യിലൂടെ "ജില്ലാ തലത്തിലുള്ള ഇടപെടലുകൾക്കുള്ള' സുവർണ പുരസ്കാരം കരസ്ഥമാക്കി, ഇത് ഉൾഗ്രാമങ്ങളിലെ ആദിവാസി സമൂഹങ്ങൾക്ക് ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു.
ഈ അവാർഡുകൾ എല്ലാം ചേർന്ന് വളരെ സുപ്രധാനമായ ഒരു കാര്യമാണ് നമ്മോട് പറയുന്നത്. ഇ- ഗവേണൻസിലെ മികവ് ഇനി മുതൽ സംസ്ഥാന തലസ്ഥാനങ്ങളിലോ ജില്ലാ ആസ്ഥാനങ്ങളിലോ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല; അത് ഇപ്പോൾ നമ്മുടെ ഗ്രാമങ്ങളിലും ഗ്രാമസഭകളിലും ഒരുപോലെ കുടികൊള്ളുന്നുണ്ട്. ഈ വർഷം 30 സംസ്ഥാനങ്ങളിൽ നിന്നായി 1.65 ലക്ഷത്തിലധികം ഗ്രാമ പഞ്ചായത്തുകളാണ് ഇതിൽ പങ്കെടുത്തത്, ഇത് നമ്മൾ ഒന്നിച്ച് വളർത്തിയെടുത്ത സ്ഥാപനപരമായ ആത്മവിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
ഇതൊന്നും യാദൃച്ഛികമായി സംഭവിച്ചതല്ല. 12 വർഷമായി, മന്ത്രാലയം തുടർച്ചയായി പഞ്ചായത്തുകളെ മികച്ച സംവിധാനങ്ങൾ നൽകി സജ്ജമാക്കുകയായിരുന്നു. "ഇ- ഗ്രാമസ്വരാജ്' പ്ലാറ്റ്‌ഫോം 2.59 ലക്ഷത്തിലധികം പഞ്ചായത്തുകളുടെ ആസൂത്രണം, ബജറ്റ് തയാറാക്കൽ, പേയ്‌മെന്‍റുകൾ എന്നിവ ഡിജിറ്റൽവത്കരിച്ചു. പബ്ലിക് ഫിനാൻഷ്യൽ മാനെജ്‌മെന്‍റ് സിസ്റ്റം (പിഎഫ്എംഎസ്) വഴി 3.16 ലക്ഷം കോടിയിലധികം രൂപയുടെ ഓൺലൈൻ ഇടപാടുകളാണ് ഇതിലൂടെ സാധ്യമാക്കിയത്. 23 ഇന്ത്യൻ ഭാഷകളിൽ നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന "സഭാസാർ', 1.35 ലക്ഷത്തിലധികം പഞ്ചായത്തുകൾക്കായി ഗ്രാമസഭാ മിനിറ്റ്സുകൾ മിനിറ്റുകൾക്കുള്ളിൽ തയാറാക്കി നൽകുന്നു. ഒരു കോടിയിലധികം തവണ ഡൗൺലോഡ് ചെയ്യപ്പെട്ട "മേരി പഞ്ചായത്ത് ' ആപ്പ്, വികസന സംബന്ധമായ വിവരങ്ങൾ പൗരന്മാരുടെ കൈകളിൽ എത്തിക്കുന്നു.
ഈ മുന്നേറ്റങ്ങൾക്കൊപ്പം തന്നെ, സ്വാമിത്വ (SVAMITVA) പദ്ധതി പ്രകാരം 2026 ജൂൺ പകുതിയോടെ 3.30 ലക്ഷം ഗ്രാമങ്ങളിൽ ഡ്രോൺ സർവേകൾ പൂർത്തിയാക്കുകയും, 1.94 ലക്ഷം ഗ്രാമങ്ങളിലായി 3.19 കോടി പ്രോപ്പർട്ടി കാർഡുകൾ തയാറാക്കുകയും ചെയ്തു. ഇത് ഗ്രാമീണ കുടുംബങ്ങളുടെ സ്വത്ത് അവകാശങ്ങളും വായ്പാ സൗകര്യങ്ങളും കൂടുതൽ ശക്തമാക്കി. പതിനഞ്ചാം ധനകാര്യ കമ്മിഷന് കീഴിൽ, ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിതരണ ശതമാനത്തോടെ 2.82 ലക്ഷം കോടി രൂപയുടെ ഗ്രാന്‍റുകൾ അനുവദിച്ചു. ഇപ്പോൾ, പതിനാറാം ധനകാര്യ കമ്മിഷൻ 2026 മുതൽ 2031 വരെയുള്ള കാലയളവിലേക്ക് ഏകദേശം 84 ശതമാനം വർധനവോടെ 4.35 ലക്ഷം കോടി രൂപ ശുപാർശ ചെയ്തിട്ടുണ്ട്.
ഈ ദീർഘവീക്ഷണം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനായി, മന്ത്രാലയം "സേവാ സേ സമൃദ്ധി: പഞ്ചായത്ത് നേതൃത്വത്തിലുള്ള സേവന വിതരണം' എന്ന പേരിൽ സേവന വിതരണത്തെക്കുറിച്ചുള്ള പ്രാദേശിക ശില്പശാലകളുടെ ഒരു പരമ്പര ആരംഭിച്ചിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനമാർഗം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ പൗരകേന്ദ്രീകൃതമായ സേവനങ്ങൾ കൂടുതൽ ആഴത്തിൽ എത്തിക്കുന്നതിനായി പഞ്ചായത്ത് പ്രതിനിധികൾ, ജില്ലാ ഉദ്യോഗസ്ഥർ, ഈ രംഗത്തെ വിദഗ്ദ്ധർ എന്നിവരെ ഇത് ഒന്നിപ്പിക്കുന്നു. വിജയകരമായ പ്രാദേശിക മാതൃകകൾ പ്രദർശിപ്പിക്കുന്നതിലൂടെയും സംസ്ഥാനങ്ങൾ തമ്മിലുള്ള പരസ്പര പഠനം സാധ്യമാക്കുന്നതിലൂടെയും, അവർ ഈ ദീർഘവീക്ഷണം നേരിട്ട് താഴേത്തട്ടിലേക്ക് എത്തിക്കുന്നു. ഇത് മറ്റ് സ്ഥലങ്ങളിൽ മാതൃകയാക്കാനുള്ള സാധ്യതകൾ വളരെ വലുതാണ്. തങ്ങളുടെ സ്വന്തം ഗ്രാമങ്ങളിൽ സേവനത്തിലൂടെ സമൃദ്ധി എത്തിക്കുന്നതിനായി, പരസ്പരം പ്രചോദനം ഉൾക്കൊണ്ടും "NAeG 2026'ൽ അംഗീകാരം നേടിയ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചും ഈ മാതൃകകൾ സ്വീകരിക്കാൻ രാജ്യത്തുടനീളമുള്ള പഞ്ചായത്തുകൾ ഇപ്പോൾ കൂടുതലായി താല്പര്യപ്പെടുന്നു.
സദ്ഭരണം എന്നാൽ പൗരന്മാരുടെ ജീവിതം കൂടുതൽ എളുപ്പമാക്കുന്ന ഭരണമാണെന്ന് പ്രധാനമന്ത്രി മോദി നിരന്തരം ഊന്നിപ്പറഞ്ഞിട്ടുണ്ട്. സുതാര്യവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ സംവിധാനങ്ങളിലൂടെ കൈവരിക്കുന്ന "ജീവിത സൗകര്യം' എന്നത് ഒരു ഗവൺമെന്‍റിന്‍റെ ഉദ്ദേശ്യശുദ്ധിയുടെയും ശേഷിയുടെയും ഏറ്റവും യഥാർഥമായ മാനദണ്ഡമാണ്. മറ്റുള്ളവരെ ആദരിക്കുന്നത് വഴി തിരിച്ച് നമ്മളും ആദരിക്കപ്പെടും എന്നത് ഒരു സാർവത്രിക സത്യമാണ്. ഡിജിറ്റൽ സംവിധാനങ്ങളിലൂടെ പഞ്ചായത്തുകളെ ശാക്തീകരിക്കുകയും സേവനങ്ങൾ ലഭ്യമാക്കാനുള്ള അവരുടെ ശേഷിയിൽ വിശ്വാസമർപ്പിക്കുകയും ചെയ്തതിലൂടെ, ഈ സുപ്രധാന വേദിയിൽ രാജ്യം തന്നെ അംഗീകരിക്കപ്പെടാനുള്ള വഴി കേന്ദ്ര ഗവൺമെന്‍റ് ഒരുക്കിയിരിക്കുകയാണ്.
2047ഓടെ ഒരു "വികസിത ഭാരതം' ലക്ഷ്യമിട്ട് ഇന്ത്യ മുന്നോട്ട് കുതിക്കുമ്പോൾ, ശാക്തീകരിക്കപ്പെട്ട പഞ്ചായത്തുകളുടെ പങ്ക് കൂടുതൽ നിർണ്ണായകമാവുകയാണ്. ഗ്രാമീണ ഇന്ത്യയിലെ ഏകദേശം 90 കോടി വരുന്ന ജനങ്ങളുള്ള നമ്മുടെ പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ കരുത്തായിരിക്കും നമ്മുടെ കൂട്ടായ പുരോഗതിയുടെ വേഗത നിശ്ചയിക്കുന്നത്. "വികസിത പഞ്ചായത്ത് ' എന്നത് വികസിത ഭാരതത്തിൽ നിന്നും വേറിട്ട ഒന്നല്ല, മറിച്ച് അതിന്‍റെ യഥാർഥ അടിത്തറയാണ്.
ഈ നാല് അവാർഡുകൾ കേവലം പുരസ്കാരങ്ങൾ മാത്രമല്ല, മറിച്ച് താഴേത്തട്ടിൽ പ്രവർത്തിക്കുന്ന ഓരോ സർപഞ്ചിനും, പഞ്ചായത്ത് സെക്രട്ടറിമാർക്കും, വനിതാ പ്രതിനിധികൾക്കും തങ്ങളുടെ പരിശ്രമങ്ങൾ രാജ്യം കാണുന്നുണ്ടെന്നും അത് ആഘോഷിക്കപ്പെടുന്നുണ്ടെന്നുമുള്ള വലിയൊരു പ്രചോദനവും ഊർജവുമാണ്. കഴിഞ്ഞ 12 വർഷത്തെ നിരന്തരമായ ശ്രമങ്ങളാണ് ഇത്തരം സവിശേഷമായ മികവുകൾ ഉയർന്നുവരുന്നതിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കിയത്. "NAeG 2026'ൽ നേടിയ ഈ വലിയ അംഗീകാരം മുതൽ രാജ്യത്തുടനീളം വളർന്നുവരുന്ന "സേവ സെ സമൃദ്ധി' ശില്പശാലകളുടെ മുന്നേറ്റം വരെ അടിവരയിടുന്നത് ഒന്നു മാത്രമാണ്- ഇ- ഗവേണൻസ് ഇന്ന് ഗ്രാമീണ ഭാരതത്തിൽ ആഴത്തിൽ വേരൂന്നിക്കഴിഞ്ഞിരിക്കുന്നു. ഒപ്പം, വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായുള്ള "വികസിത പഞ്ചായത്തിന്‍റെ' ഈ യാത്ര ഓരോ വർഷം കഴിയുമ്പോഴും കൂടുതൽ ശക്തിയാർജിച്ച് മുന്നോട്ടു പോവുകയുമാണ്.