ജ്വാല മൈക്രോ മിസൈലിന്‍റെ പരീക്ഷണം പൊഖ്റാനിൽ നടത്തിയപ്പോൾ.

 
Tech

ഡ്രോണുകളെ തകർക്കാൻ ഇന്ത്യയുടെ മൈക്രോ മിസൈൽ

പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തത ലക്ഷ്യമിടുന്ന 'ആത്മനിർഭർ ഭാരത്' ദൗത്യത്തിന് കരുത്തുപകരുന്ന പരീക്ഷണം

MV Desk

ജയ്പുർ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ സ്വയംനിയന്ത്രിത ഡ്രോൺ വേധ മൈക്രോ-മിസൈൽ സംവിധാനം 'ജ്വാല എംകെ1' പരീക്ഷണം വിജയം. രാജസ്ഥാനിലെ പൊഖ്‌റാൻ ഫയറിങ് റെയ്ഞ്ചിലായിരുന്നു, പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തത ലക്ഷ്യമിടുന്ന 'ആത്മനിർഭർ ഭാരത്' ദൗത്യത്തിന് കരുത്തുപകരുന്ന പരീക്ഷണം.

തദ്ദേശീയ പ്രതിരോധ നിർമാതാക്കൾ ഐജി ഡിഫൻസാണ് ജ്വാല എംകെ1 വികസിപ്പിച്ചത്.

അഞ്ചു കിലോമീറ്റർ വരെ ദൂരപരിധിയിൽ ശത്രുഡ്രോണുകളെ കണ്ടെത്താനും തകർക്കാനും ശേഷിയുണ്ട് ജ്വാലയ്ക്ക്. ശത്രുപക്ഷത്തെ ആളില്ലാ വിമാനങ്ങൾ ഉയർത്തുന്ന ഭീഷണികളെ നേരിടാൻ കുറഞ്ഞ ചെലവിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നൂതന സാങ്കേതികവിദ്യയാണിതെന്ന് കമ്പനി വ്യക്തമാക്കി.

ശത്രുഡ്രോണുകളെ സ്വയം തിരിച്ചറിയാനും തരംതിരിക്കാനും ആകാശത്തുതന്നെ നിർവീര്യമാക്കാനും ഇതിലെ സംയോജിത സാങ്കേതികവിദ്യ സഹായിക്കുന്നു. ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കൾക്കൊപ്പം 'പ്രോക്സിമിറ്റി ഫ്യൂസ്' ഘടിപ്പിച്ചിട്ടുള്ളതിനാൽ, ഡ്രോണിൽ നേരിട്ട് ഇടിച്ചില്ലെങ്കിൽ പോലും അതിന് തൊട്ടടുത്തെത്തി പൊട്ടിത്തെറിച്ച് ലക്ഷ്യം തകർക്കാൻ ജ്വാല എംകെ1ന് സാധിക്കും.