തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ വികസനത്തിന്റെ ഓരോ ഘട്ടത്തിലും വിദഗ്ധർ നൽകിയിട്ടുള്ളതാണ്, വലിയ തോതിലുള്ള തട്ടിപ്പിനുള്ള സാധ്യതകൾ. കേരളത്തിൽ ഇത്തരമൊരു തട്ടിപ്പ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെടുകയും, അതിലൂടെ നഷ്ടപ്പെട്ട തുക കേരള പൊലീസ് വീണ്ടെടുക്കുകയും ചെയ്തിരിക്കുന്നു.
എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജ വിഡിയൊ കോളിലൂടെ പണംതട്ടിയ സംഭവത്തിൽ പരാതിക്കാരനു നഷ്ടപ്പെട്ട 40,000 രൂപയാണ് കേരള പൊലീസിന്റെ സൈബർ ഓപ്പറേഷൻസ് വിഭാഗം തിരിച്ചുപിടിച്ചത്. കേരളത്തിൽ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ തട്ടിപ്പിന്റെ അന്വേഷണത്തിലാണു സൈബർ ഓപ്പറേഷൻ വിഭാഗത്തിന്റെ നേട്ടം.
കോഴിക്കോട് സ്വദേശി രാധാകൃഷ്ണനെ വാട്സാപ്പ് വിഡിയൊ കോളിലൂടെ സുഹൃത്താണെന്നു തെറ്റിദ്ധരിപ്പിച്ചാണ് 40,000 രൂപ തട്ടിയെടുത്തത്. ആന്ധ്രാപ്രദേശിൽ ഒപ്പം ജോലി ചെയ്തിരുന്ന ആളുമായി സാദൃശ്യമുള്ള രൂപമാണു വിഡിയൊകോളിൽ കണ്ടത്. മാത്രമല്ല പരിചയമുള്ള ആളുകളുടെ പേരുകൾ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു. താൻ ഇപ്പോൾ ദുബായിയിലാണെന്നും ബന്ധുവിന്റെ ചികിത്സയ്ക്കായി പണം അത്യാവശ്യമാണെന്നും നാട്ടിൽ എത്തിയാലുടൻ തിരിച്ചു നൽകാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. ആദ്യം 40,000 രൂപ ആവശ്യപ്പെട്ടയാൾ വീണ്ടും 35,000 രൂപ ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നി.
സുഹൃത്തിനെ നേരിട്ട് ബന്ധപ്പെട്ടപ്പോഴാണു തട്ടിപ്പിനിരയായ വിവരം മനസിലായത്. 1930 എന്ന ഹെൽപ് ലൈൻ നമ്പരിൽ രജിസ്റ്റർ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് നഷ്ടപ്പെട്ട മുഴുവൻ തുകയും കേരള പൊലീസിന്റെ സൈബർ ഓപ്പറേഷൻ വിഭാഗം തട്ടിപ്പുകാരിൽ നിന്നു പിടിച്ചെടുത്തു തിരികെ നൽകുകയായിരുന്നു. മഹാരാഷ്ട്രയിലെ രത്നാകര്‍ ബാങ്കിലാണു പണം കണ്ടെത്തിയത്. അക്കൗണ്ട് ബ്ലോക്ക് ചെയ്തു. പ്രതിയെ കണ്ടെത്താന്‍ കോഴിക്കോട് സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി. പരിചയമില്ലാത്ത വീഡിയോ, ഓഡിയോ കോളിലൂടെ സാമ്പത്തിക സഹായത്തിനായി അഭ്യർഥന നടത്തിയാൽ പ്രതികരിക്കരുതെന്നു പൊലീസ് മുന്നറിയിപ്പ് നൽകുന്നു. വ്യാജകോളുകൾ ലഭിച്ചാല്‍ ഉടന്‍ ആ വിവരം കേരളാ സൈബർ ഹെൽപ് ലൈൻ നമ്പരായ 1930ൽ അറിയിക്കണം.