കാരണം കണ്ടെത്താനാവാതെ മൈക്രോസോഫ്റ്റ് പ്രതിസന്ധി.

 

Representative image

Tech

ലോകമെങ്ങും മൈക്രോസോഫ്റ്റ് സേവനങ്ങൾ തടസപ്പെട്ടു

വ്യാഴാഴ്ച മൈക്രോസോഫ്റ്റിന്‍റെ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് ഔട്ട്‌ലുക്ക്, ടീംസ്, മൈക്രോസോഫ്റ്റ് 365 ആപ്പുകള്‍, കോപൈലറ്റ് എന്നീ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായി

MV Desk

കാലിഫോര്‍ണിയ: വ്യാഴാഴ്ച മൈക്രോസോഫ്റ്റിന്‍റെ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് ഔട്ട്‌ലുക്ക്, ടീംസ്, മൈക്രോസോഫ്റ്റ് 365 ആപ്പുകള്‍, കോപൈലറ്റ് എന്നീ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായതിനെ തുടര്‍ന്ന് ബിസിനസ് സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, ആരോഗ്യരംഗം, സ്‌കൂളുകള്‍, വിമാനക്കമ്പനികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ തടസം നേരിട്ടു. വെള്ളിയാഴ്ചയും തടസം തുടര്‍ന്നു.

ഔട്ട്ലുക്കുമായി ബന്ധപ്പെട്ട് ഏകദേശം 1,30,000 പരാതികള്‍ ഉയര്‍ന്നതായി ട്രാക്കിങ് സൈറ്റായ 'ഡൗണ്‍ഡിറ്റക്റ്റര്‍' അറിയിച്ചു. ഇന്‍ബോക്‌സുകള്‍ തുറക്കാനോ, ഇമെയിലുകള്‍ അയയ്ക്കാനോ, ജോലിസ്ഥലത്തെ ആശയവിനിമയ സംവിധാനങ്ങള്‍ ഉപയോഗിക്കാനോ കഴിയുന്നില്ലെന്ന് ഉപയോക്താക്കള്‍ പരാതിപ്പെട്ടു. ഇന്ത്യ ഉള്‍പ്പെടെ 74 രാജ്യങ്ങളില്‍ നിന്നും ഇത്തരത്തില്‍ പരാതികള്‍ ഉയര്‍ന്നു.

കാരണം അറിയില്ല

ഓഫിസ് ആശയവിനിമയം മുതല്‍ ഡോക്യുമെന്‍റ് ഷെയറിങ്, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി 'മൈക്രോസോഫ്റ്റ് 365' ഉപയോഗിക്കുന്നതിനാല്‍, വിവിധ മേഖലകളെ ഈ തടസം ബാധിച്ചു. സേവന തടസത്തിന്‍റെ കൃത്യമായ കാരണം മൈക്രോസോഫ്റ്റ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കമ്പനി നടത്തിയ വിശദീകരണങ്ങള്‍ വിരല്‍ ചൂണ്ടുന്നത് സെര്‍വര്‍ അടിസ്ഥാന സൗകര്യങ്ങളിലുണ്ടായ പ്രശ്‌നങ്ങളിലേക്കാണ്.

തുടക്കത്തില്‍, സെര്‍വറുകളില്‍ അസാധാരണമാംവിധം ഉയര്‍ന്ന സമ്മര്‍ദ്ദം അനുഭവപ്പെട്ടതിനാലാണ് തടസമുണ്ടായതെന്ന് കമ്പനി വിശദീകരിച്ചിരുന്നു. എന്നാല്‍, ഉപയോക്താക്കളുടെ എണ്ണത്തില്‍ പെട്ടെന്നുള്ള വര്‍ധനയല്ല ഈ പ്രശ്‌നത്തിന് കാരണമെന്ന് പിന്നീട് കമ്പനി വ്യക്തമാക്കി.

പകരം, വലിയ എണ്ണം സെര്‍വറുകള്‍ അപ്രതീക്ഷിതമായി പ്രവര്‍ത്തനരഹിതമായി. ഇതോടെ, പ്രവര്‍ത്തനക്ഷമമായിരുന്ന ബാക്കി സെര്‍വറുകള്‍ക്ക് അധിക ജോലിഭാരം കൈകാര്യം ചെയ്യേണ്ടി വന്നു.

സൈബര്‍ ആക്രമണ സാധ്യത

തടസത്തിന്‍റെ വ്യാപ്തി വലുതാണെങ്കിലും ഇതിന് സൈബര്‍ ആക്രമണവുമായി ബന്ധമുണ്ടെന്നോ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുപോയിട്ടുണ്ടെന്നോ സൂചിപ്പിക്കുന്ന തെളിവുകളൊന്നും നിലവില്‍ ലഭിച്ചിട്ടില്ല. സൈബര്‍ ആക്രമണം നടന്നതായി യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് മൈക്രോസോഫ്റ്റ് അറിയിച്ചത്. എങ്കിലും, സേവനം തടസപ്പെട്ടതിന്‍റെ യഥാര്‍ഥ കാരണം എന്താണെന്ന് കണ്ടെത്താനോ അത് പരസ്യമായി വെളിപ്പെടുത്താനോ കമ്പനിക്ക് ഇതുവരെ സാധിച്ചിട്ടില്ല.

വിമാന സര്‍വീസിനെ ബാധിച്ചു

വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയില്‍ നിന്ന് പുറപ്പെടേണ്ട മൂന്ന് വിമാനങ്ങള്‍ സ്പൈസ് ജെറ്റ് റദ്ദാക്കി. ഇതില്‍ പൂനെ, ലേ, മുംബൈ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളും ഉള്‍പ്പെടുന്നു. ദര്‍ഭംഗ, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഉള്‍പ്പെടെ മറ്റ് രണ്ട് സ്പൈസ് ജെറ്റ് വിമാനങ്ങളും വൈകി.

വിമാന അപ്ഡേറ്റുകള്‍ നിരീക്ഷിക്കാന്‍ ഇന്‍ഡിഗോയും ആകാശ എയറും യാത്രക്കാരോട് അഭ്യര്‍ഥിച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അവരുടെ ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനും ഡല്‍ഹി വിമാനത്താവളം യാത്രക്കാരോട് നിര്‍ദ്ദേശിച്ചു.

ബാധിക്കാതെ ചൈന

വ്യാഴം, വെള്ളി ദിവസങ്ങളില്‍ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ മൈക്രോസോഫ്റ്റ് സേവനത്തിലുണ്ടായ തടസത്തെ തുടര്‍ന്ന് ബുദ്ധിമുട്ടിയപ്പോള്‍ ചൈനയെ ഇതൊന്നും ബാധിച്ചില്ല. ചൈനയുടെ പ്രത്യേക ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, ആഭ്യന്തര സോഫ്റ്റ്വെയര്‍ ഇക്കോസിസ്റ്റം, കര്‍ശനമായ ഡാറ്റാ ലോക്കലൈസേഷന്‍ നിയമങ്ങള്‍ എന്നിവ ചൈനയ്ക്ക് ഗുണകരമായി.

ചൈനയില്‍ മൈക്രോസോഫ്റ്റ് തങ്ങളുടെ 'മൈക്രോസോഫ്റ്റ് 365' സേവനങ്ങള്‍ നേരിട്ട് നടത്തുന്നില്ല. പകരം, പ്രാദേശിക പങ്കാളിയായ '21 വിയാനെറ്റ്' എന്ന കമ്പനിക്ക് ഇതിനുള്ള ലൈസന്‍സ് നല്‍കിയിരിക്കുകയാണ്. ചൈനയ്ക്കുള്ളിലെ ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കൈകാര്യം ചെയ്യുന്നത് 21 വിയാനെറ്റ് ആണ്.

ചൈനീസ് സര്‍ക്കാര്‍ വകുപ്പുകളും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സംരംഭങ്ങളും, പ്രത്യേകിച്ച് നിര്‍ണായകമായ പ്രവര്‍ത്തനങ്ങളില്‍, പാശ്ചാത്യ സാങ്കേതിക പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരികയാണ്.

വീകോം, ഫെയ്ഷു, ഡിങ് ടോക്, ഡബ്ല്യുപിഎസ് ഓഫിസ് തുടങ്ങിയ തദ്ദേശീയ ബദലുകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ബിസിനസുകളിലും വ്യാപകമായി ഉപയോഗിച്ചുവരുന്നു. ഇതിനര്‍ഥം, ദൈനംദിന ആശയവിനിമയം, ഡോക്യുമെന്‍റ് മാനെജ്‌മെന്‍റ് എന്നിവയ്ക്കായി ചൈനയിലെ പല സ്ഥാപനങ്ങളും മൈക്രോസോഫ്റ്റ് ആപ്ലിക്കേഷനുകളെ ആശ്രയിക്കുന്നില്ല എന്നാണ്.

ചൈനയുടെ ഡാറ്റാ ഗവേണന്‍സ് ചട്ടക്കൂട് അനുസരിച്ച്, ചില പ്രത്യേക വിഭാഗങ്ങളില്‍പ്പെട്ട ഡാറ്റയുടെ സംഭരണം, സംസ്‌കരണം, കൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കാന്‍ കമ്പനികള്‍ ബാധ്യസ്ഥരാണ്. പ്രധാന ക്ലൗഡ് പ്രവര്‍ത്തനങ്ങളും അതീവ പ്രാധാന്യമുള്ള ഡേറ്റയും ആഭ്യന്തര നിയന്ത്രണ ചട്ടങ്ങള്‍ക്ക് വിധേയമാണ്. അതേസമയം, അതിര്‍ത്തി കടന്നുള്ള ഡേറ്റാ കൈമാറ്റം ഓട്ടോമാറ്റിക് അല്ല, മറിച്ച് കര്‍ശനമായ നിബന്ധനകള്‍ക്ക് വിധേയമാണ്. ചൈനയുടെ നിയന്ത്രണ പരിധിക്കുള്ളിലും ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കുള്ളിലും പ്രവര്‍ത്തിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ഇത് പ്രേരിപ്പിച്ചു.

നെറ്റ്‌വര്‍ക്കുകളെയും സേവനങ്ങളെയും പരസ്പരം വേര്‍തിരിച്ചു നിര്‍ത്തിയതിലൂടെ മൈക്രോസോഫ്റ്റിന്‍റെ ഗ്ലോബല്‍ ഇന്‍ഫ്രാസ്‌ട്രെക്ചറില്‍ ഉണ്ടാകുന്ന തടസങ്ങള്‍ ചൈനയിലേക്ക് വ്യാപിക്കുന്നത് പരിമിതപ്പെടുത്താന്‍ സഹായിച്ചു.