ഇൻഫ്ലുവൻസറെ ചവിട്ടി മൂലയ്ക്കിട്ട് റോബോട്ട്; ആദ്യ റോബോട്ട്- മനുഷ്യ പോരാട്ടം
സാൻ ഫ്രാൻസിസ്കോ: ആറടി ഉയരമുള്ള ഒരു ഹ്യൂമനോയ്ഡ് റോബോട്ട് ഇൻഫ്ലുവൻസറെ ചവിട്ടി മൂലയ്ക്കിടുന്ന വിഡിയോ ആണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. യുഎസിലെ റോബോട്ടിക്സ് കമ്പനിയായ ആർഇകെ യാണ് അവരുടെ വെർച്വൽ റിയാലിറ്റി കോമ്പാറ്റ് ഗെയിമിന്‍റെ ഭാഗമായി റോബോട്ടും മനുഷ്യനുമായുള്ള പോരാട്ടം സംഘടിപ്പിച്ചത്.
ഇൻഫ്ലുവൻസറായ ഫ്രാങ്കീ ലാപെന്നയാണ് റോബോട്ടിനെതിരേ മത്സരിച്ചത്. ഇടിക്കൂട്ടിനുള്ളിൽ കയറിയ റോബോട്ടിനെ റിമോട്ട് കൺട്രോളർ ഉപയോഗിച്ചാണ് നിയന്ത്രിച്ചിരുന്നത്.
റോബോട്ട് വാം അപ് ചെയ്യുന്നതും ഫ്രാങ്കിയുടെ ഇടികളെ ചെറുക്കുന്നതും വിഡിയോയിലുണ്ട്. ഒടുവിൽ കാലുയർത്തി ഇൻഫ്ലുവൻസറെ ചവിട്ടി വീഴ്ത്തുന്നതും വ്യക്തമാണ്. ഇതാദ്യമായാണ് റോബോട്ടും മനുഷ്യനും തമ്മിൽ പോരാട്ടം നടക്കുന്നതെന്നും കൂടുതൽ ദൃശ്യങ്ങൾ പുറത്തു വിടുമെന്നും ആർഇകെ വ്യക്തമാക്കി.