റെഡ്ഫോക്സ് റോബോട്ടിക്സ് തയാറാക്കിയ സ്മാർട്ട് ഗ്ലൗ.
സംസാരശേഷിയില്ലാത്തവരുടെ ആംഗ്യങ്ങളെ നിമിഷങ്ങൾക്കകം ശബ്ദമായും എഴുത്തായും ചിത്രമായും മാറ്റുന്ന എ.ഐ കൈയുറ റെഡ്ഫോക്സ് റോബോട്ടിക്സ് വികസിപ്പിച്ചു. മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ച ഈ ‘സ്മാർട്ട് ഗ്ലൗ’ 12 പ്രാദേശിക ഭാഷയിൽ ആശയവിനിമയം സാധ്യമാക്കുന്നു. കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റിൽ ഇത് പ്രധാന ആകർഷണമായി.
തമിഴ്നാട്ടിലേക്കു യാത്ര പോകുന്ന ഒരാൾ കൈയിൽ ഒരു കൈയുറ ധരിക്കുന്നു. ഫോണിലെ ആപ്പിൽ ഭാഷയായി തമിഴ് തെരഞ്ഞെടുക്കുന്നു. പിന്നെ കൈകൊണ്ട് ആംഗ്യം കാണിച്ചാൽ മതി, ഫോൺ തമിഴിൽ സംസാരിക്കും. കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റിലെത്തിയവർക്കു കൗതുകവും പ്രതീക്ഷയും ഒരുമിച്ചു സമ്മാനിച്ചത് ഇത്തരമൊരു സ്മാർട്ട് ഗ്ലൗ ആണ്.
സംസാരശേഷിയില്ലാത്തവർക്ക് ആശയവിനിമയം എളുപ്പമാക്കാൻ റെഡ്ഫോക്സ് റോബോട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡ് വികസിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) കൈയുറ സമ്മിറ്റിലെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറി.
കൈയുറ ധരിച്ചു കാണിക്കുന്ന ഏതുതരം ആംഗ്യഭാഷയെയും നിമിഷങ്ങൾക്കകം ശബ്ദമായും എഴുത്തായും ചിത്രങ്ങളായും മാറ്റാൻ ഈ സാങ്കേതികവിദ്യയ്ക്കു കഴിയും. കൈയുറയുമായി ബന്ധിപ്പിച്ച പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് പ്രവർത്തനം. ഉപയോക്താവ് കാണിക്കുന്ന ആംഗ്യങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ് ആദ്യം ആപ്പിൽ തെളിയും, തൊട്ടുപിന്നാലെ ശബ്ദമായി പുറത്തുവരും.
ഭാഷയുടെ അതിർത്തികൾ മറികടക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത. ഇന്ത്യയിലെ 12 പ്രാദേശിക ഭാഷയിൽ ആശയവിനിമയം നടത്താനുള്ള ഓഡിയോ സംവിധാനം ഇതിലുണ്ട്. ഏതു ഭാഷയിൽ വേണമെന്ന് ആപ്പിൽ തെരഞ്ഞെടുത്താൽ ആംഗ്യങ്ങൾ ആ ഭാഷയിൽ സംസാരമായി മാറും.
റെഡ്ഫോക്സ് റോബോട്ടിക്സിന്റെ സ്ഥാപകനും സിഇഒയുമായ വിമുൻ എ. ആണ് ഈ ആശയത്തിനു പിന്നിൽ. ഒരാൾ മാത്രമുള്ള കമ്പനിയായി (വൺ പേഴ്സൺ കമ്പനി) തുടങ്ങിയ സംരംഭത്തിൽ ഇപ്പോൾ വിമുനു പുറമെ മൂന്നുപേർ കൂടി പ്രവർത്തിക്കുന്നു.
സാമൂഹികപ്രസക്തിയുള്ള ഈ കണ്ടുപിടിത്തത്തിനു യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (വൈ.ഐ.പി), കെ-ഡിസ്ക് എന്നിവയുടെ സാമ്പത്തിക സഹായം ലഭിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഫണ്ടിങ്ങും ഐഡിയ ഗ്രാന്റും കൂടിയുണ്ട്. ഭിന്നശേഷിക്കാരുടെ ദൈനംദിന ജീവിതത്തിൽ വലിയ മാറ്റം കൊണ്ടുവരാൻ കഴിയുന്ന സാങ്കേതികവിദ്യ എന്ന നിലയിൽ സമ്മിറ്റിൽ മികച്ച പ്രതികരണമാണു ലഭിച്ചത്.