ചാറ്റ്ജിപിടിയുടെ നിർദേശം പ്രകാരം അപസ്മാരത്തിനുള്ള മരുന്ന് കുറച്ചു; യുവതി മരിച്ചു, ഓപ്പൺ എഐക്കെതിരേ പരാതി
ടെക്സാസ്: സോഫ്റ്റ് വെയർ എൻജിനീയറായ സ്ത്രീയുടെ മരണത്തിന് കാരണം ചാറ്റ് ജിപിടിയാണ് എന്നാരോപിച്ച് ഓപ്പൺ എഐക്കെതിരേ കേസ് കൊടുത്ത് മാതാപിതാക്കൾ. ഫെബ്രുവരിയിലാണ് സിയാറ്റിലിൽ നിന്നുള്ള ബോവൻ വാൻ എന്ന 31കാരി മരണപ്പെട്ടത്. ഒക്റ്റോബർ 27നാണ് വാനിന്റെ മാതാപിതാക്കൾ കേസ് കൊടുത്തിരിക്കുന്നത്. അപസ്മാരം മൂലം സ്ഥിരം മരുന്നു കഴിച്ചു വരുകയായിരുന്നു വാൻ. ഇടയ്ക്ക് ചാറ്റ് ജിപിടിയുടെ നിർദേശം പ്രകാരം ലാമോട്രിജിൻ എന്ന മരുന്ന് ദിവസവും 400 ഗ്രാം എന്ന അളവിൽ നിന്ന് പൂജ്യം ആയി കുറയ്ക്കുകയായിരുന്നു.
അപസ്മാരത്തിന്റെ ലക്ഷണങ്ങൾ കാണുമ്പോഴൊക്കെ വാൻ ചാറ്റ്ജിപിടിയോട് സംസാരിക്കുമായിരുന്നു. അപ്പോഴെല്ലാം ഡോക്റ്ററെ കാണാമെന്ന വാനിന്റെ നിർദേശത്തെ പൂർണമായും ചാറ്റ്ജിപിടി തള്ളുകയായിരുന്നുവെന്നാണ് പരാതി.
മാത്രമല്ല അസുഖം ഭേദമാകുമെന്ന് വാനിനെ വിശ്വസിപ്പിക്കുകയും ചെയ്തു.പെട്ടെന്നുണ്ടായ അപസ്മാരം മൂലമാണ് വാൻ മരണപ്പെട്ടതെന്ന് ഡോക്റ്റർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. അപസ്മാരം പോലുള്ള അസുഖങ്ങൾക്ക് മരുന്നു കഴിക്കുന്നവർ ഡോക്റ്ററുടെ നിർദേശം പ്രകാരം അല്ലാതെ ഒരിക്കലും മരുന്നിന്റെ അളവിൽ മാറ്റം വരുത്താൻ പാടില്ലെന്ന് വിദഗ്ധർ പറയുന്നു.