ക‍്യാനഡയിലെ നദിയിൽ ഗണപതി വിഗ്രഹം ഒഴുക്കി ഇന്ത‍്യൻ കുടുംബം; പൗരബോധം ചോദ‍്യം ചെയ്ത് നെറ്റിസൻസ് | Video
ക‍്യാനഡയിലെ നദിയിൽ ഗണപതി വിഗ്രഹം നിമജ്ജനം ചെയ്ത് ഇന്ത‍്യൻ കുടുംബം. ഇതിന്‍റെ വിഡിയോ ദൃശ‍്യങ്ങൾ സമൂഹമാധ‍്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. അമ്മയും മകനും ചേർന്ന് ഗണപതി വിഗ്രഹവും കറുക പുല്ലും പുഴയിൽ നിമജ്ജനം ചെയ്യുന്നതാണ് വിഡിയോയിൽ നിന്നും കാണാനാവുന്നത്. കുട്ടിയെ മാതാപിതാക്കൾ ശരിയായ പാഠം പഠിപ്പിക്കുന്നില്ലെന്നാണ് പ്രധാന വിമർശനം. മാതാപിതാക്കളുടെ പൗരബോധത്തെയും ആളുകൾ ചോദ‍്യം ചെയ്തു.
ചിലർ ചവറ് നിക്ഷേപിക്കുന്നതാണിതെന്ന് കമന്‍റ് ചെയ്തു. ഇതാദ‍്യമായല്ല ഇന്ത‍്യയ്ക്ക് പുറത്തുള്ള നദികളിൽ ഇന്ത‍്യൻ പൗരന്മാർ ഇത്തരം ആചാരങ്ങൾ അനുഷ്ഠിക്കുന്നതിന്‍റെ വിഡിയോകൾ സമൂഹമാധ‍്യമങ്ങളിൽ പ്രചരിക്കുന്നത്. നാലു ദിവസം മുൻപ് 'Dwightsinghs' എന്ന എക്സ് അക്കൗണ്ടിലൂടെയാണ് ആദ‍്യമായി ഈ വിഡിയോ പ്രചരിച്ചത്.
ഇതിനോടകം തന്നെ നിരവധി പേർ ഈ വിഡിയോ കണ്ടിട്ടുണ്ട്. ക‍്യാനഡയിൽ ഇത്തരം മണ്ടത്തരങ്ങൾ നിലനിൽക്കാൻ അനുവദിക്കരുതെന്നും പ്രകൃതി വിഭവങ്ങൾ എന്തു വില കൊടുത്തും സംരക്ഷിക്കണമെന്നും ചിലർ കൂട്ടിച്ചേർത്തു.