

ഇലക്ട്രിക് വാഹനങ്ങളുടെ പ്രവർത്തനം നിർത്താൻ ശേഷിയുള്ള ആപ്പുകൾ നീക്കാൻ നിർദേശം.
Representative image
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇ-റിക്ഷകള്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും രണ്ട് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. BAT BMS, Epoch Li-ion എന്നീ ആപ്പുകൾക്കെതിരേയാണ് നടപടി.
ഈ ആപ്പുകൾ ബ്ലൂടൂത്ത് വഴി ബന്ധിപ്പിക്കാവുന്നതും ലിഥിയം-അയോണ്‍ ബാറ്ററികളുടെ പ്രവർത്തനം നിശ്ചലമാക്കാൻ ശേഷിയുള്ളതുമായ ബാറ്ററി മാനെജ്മെന്‍റ് ആപ്പുകളാണ്. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളെ 'തമാശ' എന്ന നിലയില്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ ഈ ആപ്പുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
കേന്ദ്ര സര്‍ക്കാരിന്‍റെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് രണ്ട് ആപ്പുകളും നീക്കം ചെയ്യാന്‍ ഉത്തരവിട്ടിരിക്കുന്നത്. ദോഷകരമാകുന്ന മൊബൈല്‍ ആപ്പുകള്‍ പൊതുജനമധ്യത്തില്‍ ലഭ്യമാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ആപ്പ് സ്റ്റോറുകളുമായി വിഷയം ചര്‍ച്ച ചെയ്യുമെന്ന് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിലെ സെക്രട്ടറി എസ്. കൃഷ്ണന്‍ അറിയിച്ചു.