28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിങ് സ്റ്റേഷനുകൾ ആരംഭിക്കും

ഓരോ ജില്ലയിലും രണ്ട് മെഷീൻ നിയന്ത്രിത എടിഎസ് കേന്ദ്രങ്ങൾ സ്ഥാപിച്ച് വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന പൂർണമായി ഓട്ടോമേറ്റഡ് സംവിധാനത്തിലേക്ക് മാറ്റുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ
28 ATS to be setup in Kerala

ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിങ് സ്റ്റേഷനിൽ വാഹനം പരിശോധിക്കുന്നു.

Representative image

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിങ് സ്റ്റേഷനുകൾ (എടിഎസ്) ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ. തൈക്കാട് പൊലീസ് ട്രെയ്‌നിങ് കോളെജിൽ പതിനേഴാമത് ബാച്ച് അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്റ്റർ ട്രെയ്‌നികളുടെ പാസിങ് ഔട്ട് പരേഡിൽ സംസാരിക്കുയായിരുന്നു മന്ത്രി. വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്ക് ഓരോ ജില്ലയിലും ഓട്ടോമേറ്റഡ്, മെഷീൻ നിയന്ത്രിത, ഔട്ട്‌സോഴ്‌സ് പിന്തുണയുളള രണ്ട് എടിഎസ് വീതമായിരിക്കും സ്ഥാപിക്കുന്നത്. വാഹന ഫിറ്റ്‌നസ് പരിശോധനയിൽ പരമ്പരാഗത രീതികൾക്ക് പകരം മെഷീൻ അധിഷ്ഠിത സംവിധാനങ്ങളിലേക്കാണ് മാറ്റമെന്നും അദ്ദേഹം പറഞ്ഞു.

ആധുനികവത്കരണത്തിന്‍റെയും ഓട്ടോമേഷന്‍റെയും നിർണായക ഘട്ടത്തിലാണ് പുതിയ തലമുറ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്റ്റർമാർ സേവനത്തിലേക്ക് കടക്കുന്നത്. രാജ്യത്ത് കംപ്യൂട്ടർവത്കരണം ആദ്യമായി നടപ്പാക്കിയ സംസ്ഥാനങ്ങളിൽ ഒന്നായ കേരളം വികസിപ്പിച്ച സ്മാർട്ട് മൂവ് ആപ്ലിക്കേഷൻ ദേശീയതലത്തിലെ പരിവാഹൻ സംവിധാനത്തിന് അടിസ്ഥാനമായി. വാഹൻ, സാരഥി പ്ലാറ്റ്‌ഫോമുകളിൽ നിരവധി മെച്ചപ്പെടുത്തലുകൾ കേരള എംവിഡി ഉദ്യോഗസ്ഥരുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ നടപ്പിലാക്കി.

ആദ്യ കംപ്യൂട്ടറൈസ്ഡ് വാഹന പരിശോധനയും ഡ്രൈവർ പരിശോധനയും കേരളത്തിലാണ് നടപ്പിലാക്കിയത്. ഡ്രൈവിങ് ലൈസൻസ് പരീക്ഷകൾ അക്രഡിറ്റഡ് ഡ്രൈവിങ് ട്രെയ്‌നിങ് ആൻഡ് ടെസ്റ്റിങ് സെന്‍ററുകൾ വഴി കൂടുതൽ സുതാര്യവും ആധുനികവുമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. എംവിഡി നവീകരണത്തിനായി പ്രത്യേക നവീകരണ സ്‌കീം ഫണ്ട് രൂപീകരിക്കുമെന്നും ഐസിടി ഉപകരണങ്ങൾ, എൻഫോഴ്‌സ്‌മെന്‍റ് ടാബുകൾ, എഎൻപിആർ ക്യാമറകൾ എന്നിവ വ്യാപകമായി ഉപയോഗിക്കുമെന്നും മന്ത്രി.

നികുതി വെട്ടിപ്പ് തടയുകയും നികുതി ശേഖരണം കാര്യക്ഷമമാക്കുകയും ചെയ്യുന്നതിൽ ഉദ്യോഗസ്ഥർ നിർണായക പങ്ക് വഹിക്കണം. അന്തർ സംസ്ഥാന ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന് അയൽ സംസ്ഥാനങ്ങളുമായി ധാരണയിലെത്തും.പരിശീലനത്തിന് ശേഷം നിയമങ്ങൾ, സാങ്കേതിക വിദ്യകൾ, പൊതുസേവന രംഗത്തെ മാറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള പുതു അറിവുകൾ ഉദ്യോഗസ്ഥർ നിരന്തരമായി ഉൾക്കൊള്ളണമെന്ന് മന്ത്രി നിർദേശിച്ചു.

ജനങ്ങളോടുള്ള പെരുമാറ്റത്തിൽ അച്ചടക്കവും മര്യാദയും പുലർത്തണമെന്നും യൂണിഫോമിന്‍റെ ഗൗരവം കാത്തുസൂക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു. 32 അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്റ്റർ ട്രെയ്‌നികളാണ് പരിശീലനം വിജയകരമായി പൂർത്തിയാക്കി പരേഡിൽ പങ്കെടുത്തത്. മന്ത്രി ട്രെയ്‌നികളുടെ പരേഡ് പരിശോധന നടത്തി. തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങും സ്ലോ, ക്വിക്ക് ടൈം മാർച്ച് പാസ്റ്റും നടന്നു.പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ച ട്രെയ്‌നികൾക്ക് മന്ത്രി മെഡലുകളും പുരസ്‌കാരങ്ങളും വിതരണം ചെയ്തു. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ മികച്ച സേവനത്തിനുള്ള അംഗീകാരമായി ഏർപ്പെടുത്തിയ കേരള ചീഫ് മിനിസ്റ്റേഴ്‌സ് ട്രാൻസ്‌പോർട്ട് മെഡലുകളും മന്ത്രി ചടങ്ങിൽ സമ്മാനിച്ചു.

logo
Metro Vaartha
www.metrovaartha.com